ചെറുപ്രായത്തില്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിയ നടന്‍. ധനുഷ് ഇന്ത്യന്‍ സിനിമാലോകത്തിന് തന്നെ അത്ഭുതമാണ്. വലിയ സൌന്ദര്യമോ മസില്‍ പെരുപ്പിച്ച ശരീരമോ ധനുഷിനില്ല. ഒന്നാന്തരം അഭിനയമാണ് കൈമുതല്‍. തൊടുന്നതെല്ലാം പൊന്നാക്കി മുന്നേറുകയാണ് ധനുഷ്. തമിഴിന് പുറമേ ഹിന്ദിയിലും ഇപ്പോള്‍ ബിസിയാണ് താരം. ഹിന്ദിയില്‍ അഭിനയിച്ച ആദ്യചിത്രം രാഞ്ചനാ മെഗാഹിറ്റായതോടെ ബോളിവുഡില്‍ നിന്ന് ധനുഷിന് ഓഫറുകളുടെ പ്രവാഹമാണ്.
എന്ത് ചെയ്താലും അത് ഗംഭീരമായി ചെയ്യണം എന്നതാണ് ധനുഷിന്‍റെ പോളിസി. പാടാന്‍ വലിയ കഴിവൊന്നുമില്ല, എന്നാല്‍ ‘കൊലവെറി’ എന്ന ധനുഷ് ഗാനം ലോകമെമ്പാടും ഏറ്റുപാടിയത് നമ്മള്‍ കണ്ടതാണ്. ദേശീയപുരസ്കാരം ലഭിച്ചു എന്നുകരുതി അവാര്‍ഡ് സിനിമകളില്‍ കുടുങ്ങിക്കിടക്കാന്‍ ധനുഷിന് താല്‍പ്പര്യമില്ല. മികച്ച കൊമേഴ്സ്യല്‍ എന്‍റര്‍ടെയ്നറുകളുടെ കൂടെയാണ് ധനുഷ് എപ്പോഴും.
ധനുഷിന്‍റെ അടുത്ത ഹിന്ദിച്ചിത്രം സംവിധാനം ചെയ്യുന്നത് ബാല്‍ക്കിയാണ്. ചീനി കം, പാ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍. ധനുഷിനൊപ്പം അഭിനയിക്കുന്നത് സാക്ഷാല്‍ അമിതാഭ് ബച്ചനും. നായികയോ? കമല്‍ഹാസന്‍റെ ഇളയപുത്രി അക്ഷര ഹാസന്‍!
‘വേലൈ ഇല്ലാ പട്ടധാരി’ എന്ന തമിഴ് സിനിമയുടെ അവസാനവട്ട മിനുക്ക് പണികളിലാണ് ധനുഷ്. ചിത്രം ജൂണില്‍ റിലീസാണ്. ധനുഷിന്‍റെ ബിഗ് ബജറ്റ് സിനിമ ‘അനേകന്‍’ അവസാനഘട്ട ചിത്രീകരണത്തിലാണ്. അയന്‍, കോ തുടങ്ങിയ മെഗാഹിറ്റുകളുടെ സംവിധായകന്‍ കെ വി ആനന്ദാണ് അനേകന്‍ ഒരുക്കുന്നത്.
‘ആടുകളം’ എന്ന സിനിമയിലൂടെ ധനുഷിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ധനുഷ് ഉടന്‍ അഭിനയിക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ അതിന്‍റെ ചിത്രീകരണം ആരംഭിക്കും.
നിര്‍മ്മാതാവ് എന്ന നിലയിലും ധനുഷ് തിരക്കിലാണ്. ആദ്യനിര്‍മ്മാണസംരംഭമായ ‘എതിര്‍നീച്ചല്‍’ മെഗാഹിറ്റായിരുന്നു. അതേ ടീമിനെ വച്ച് ‘താനാ’ എന്ന സിനിമ നിര്‍മ്മിക്കുകയാണ് ധനുഷ് ഇപ്പോള്‍. ശിവ കാര്‍ത്തികേയനാണ് നായകന്‍.
പലകാര്യങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന ധനുഷിനെ മലയാളത്തിന്‍റെ യുവതാരങ്ങള്‍ കണ്ടുപഠിക്കുകതന്നെ വേണ്ടേ?