ടി എ ഷാഹിദ് - നന്‍‌മയുള്ള കഥകളുടെ പച്ചക്കുതിര

വെള്ളി, 28 സെപ്‌റ്റംബര്‍ 2012 (21:41 IST)
PRO
ടി എ ഷാഹിദ് അന്തരിച്ചു. വിശ്വസിക്കാനായില്ല. മലയാള സിനിമയില്‍ ഷാഹിദിനെ അടുത്തറിയാവുന്നവര്‍ ആരും അത് അത്ര പെട്ടെന്ന് വിശ്വസിക്കില്ല. ഷാഹിദ് ഇത്രപെട്ടെന്ന് പോകുമെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതില്ല. നിഷ്കളങ്കമായ ചിരിയും നിറയെ തമാശകളുമായി തൊട്ടടുത്തിരുന്നൊരാള്‍ പെട്ടെന്ന് മറഞ്ഞതുപോലെ.

ബാലേട്ടനിലൂടെയാണ് ഷാഹിദ് മലയാള സിനിമയുടെ പൂമുഖത്തേക്ക് വന്നത്. എന്തൊരു വരവായിരുന്നു അത്? അമാനുഷ കഥാപാത്രങ്ങളാല്‍ ചുറ്റപ്പെട്ട് ശ്വാസം കിട്ടാതെ വലഞ്ഞ മോഹന്‍ലാലിനെ വീണ്ടും നാട്ടുവഴികളിലേക്ക് നടക്കാന്‍ വിടുകയായിരുന്നു ഷാഹിദ്. ബാലേട്ടനെ മലയാളികള്‍ സ്നേഹത്തോടെ സ്വീകരിച്ചു, ഷാഹിദിനെയും.

ബാലേട്ടന്‍റെ കഥ ഷാഹിദ് കണ്ടെത്തിയത് സ്വന്തം സഹോദരനായ ടി എ റസാഖിന്‍റെ ജീവിതത്തില്‍ നിന്നായിരുന്നു. സ്വന്തം ഏട്ടന്‍ കുടിച്ചുതീര്‍ത്ത കണ്ണീരിന്‍റെ കഥയാണ് ഷാഹിദ് മലയാളികള്‍ക്കും പറഞ്ഞുകൊടുത്തത്. ആ ഒറ്റ സിനിമയിലൂടെ മലയാള സിനിമയിലെ ജനപ്രിയ തിരക്കഥാകൃത്തുക്കളുടെ ഇടയില്‍ ഷാഹിദിനും കസേരയായി.

എപ്പോഴും എല്ലാവരെയും ചിരിപ്പിക്കുന്ന രസികനായ ചെറുപ്പക്കാരനായിരുന്നു ഷാഹിദ്. പക്ഷേ പലപ്പോഴും ആത്മനൊമ്പരങ്ങളാല്‍ ഉഴലുന്ന കഥാപാത്രങ്ങളെയാണ് ഷാഹിദ് സൃഷ്ടിച്ചത്. വളരെ ശക്തവും ഉള്ളില്‍ തട്ടുന്നതുമായ സംഭാഷണങ്ങളെഴുതാന്‍ ഷാഹിദ് മിടുക്കനായിരുന്നു. മലയാളത്തിലെ പ്രമുഖ സംവിധായകരില്‍ പലരും ഷാഹിദിനെ തങ്ങളോട് ചേര്‍ത്തുനിര്‍ത്താന്‍ പ്രധാന കാരണവും അതായിരുന്നു.

ജോഷി, ഷാജി കൈലാസ്, കമല്‍ ഉള്‍പ്പടെ വമ്പന്‍‌മാര്‍ പലര്‍ക്കും ഷാഹിദ് തിരക്കഥയെഴുതി നല്‍കി. മാമ്പഴക്കാലവും നാട്ടുരാജാവും പച്ചക്കുതിരയുമൊക്കെ ജനപ്രിയങ്ങളായി. ബെന്‍ ജോണ്‍സനും മത്സരവുമൊക്കെ കലാഭവന്‍ മണിയെന്ന നടന്‍റെ താരമൂല്യം കൂട്ടി. അതിനിടയിലായിരുന്നു രഞ്ജിത് എന്ന സംവിധായകന്‍ ടി എ ഷാഹിദിന്‍റെ തിരക്കഥയില്‍ ഒരു സിനിമയെടുക്കാന്‍ പദ്ധതിയിട്ടത്. ഷാഹിദ് തിരക്കഥ പൂര്‍ത്തിയാക്കി - രാജമാണിക്യം.

പക്ഷേ, രഞ്ജിത് ആ പ്രൊജക്ട് സ്വന്തം ശിഷ്യനായ അന്‍‌വര്‍ റഷീദിനെ ഏല്‍പ്പിച്ചുകൊടുത്തു. മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് അവിടെ പിറക്കുകയായിരുന്നു. പോത്തുകച്ചവടക്കാരനായ ബെല്ലാരി രാജയും ഷാഹിദ് ജീവിതത്തില്‍ നിന്ന് കണ്ടെടുത്ത കഥാപാത്രം തന്നെ.

പിന്നീട് ചില ചിത്രങ്ങളില്‍ ഷാഹിദിന് ചുവടുപിഴച്ചു. കഥാപാത്രങ്ങള്‍ ജീവിതപരിസരങ്ങളില്‍ നിന്ന് അകന്നുപോയതായിരുന്നു ആ വീഴ്ചയ്ക്ക് കാരണം. രാജമാണിക്യത്തിനുമപ്പുറം വലിയ വിജയം സൃഷ്ടിക്കാനുള്ള ആഗ്രഹം അല്ലെങ്കില്‍, കൊമേഴ്സ്യല്‍ സിനിമാരംഗത്തെ താങ്ങാനാവാത്ത സമ്മര്‍ദ്ദം, അതൊക്കെ ഷാഹിദിനെയും അതിമാനുഷരുടെ കഥ പറയാന്‍ പ്രേരിപ്പിച്ചു. അലിഭായ് വലിയ പരാജയമായി. സിനിമാലോകത്തുനിന്ന് ഏറെ നാള്‍ മാറിനിന്നു. പിന്നീട് താന്തോന്നി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമ ഷാഹിദ് എഴുതിയ അവസാന തിരക്കഥയായി.

ഒരു സ്വപ്നം ബാക്കി സൂക്ഷിച്ചിരുന്നു ഷാഹിദ്. സംവിധായകനാകുക. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുക. അതിനായി നന്‍‌മയുള്ള ഒരു കഥയുമൊരുക്കി. മോഹന്‍ലാലിനോട് സംസാരിച്ച് ധാരണയിലുമെത്തി. അതിനിടയിലാണ് ഷാഹിദിന് കരള്‍ രോഗം കലശലാകുന്നത്. സംവിധാനം എന്ന മോഹം തല്‍ക്കാലം മാറ്റിവച്ച് ആ തിരക്കഥ മറ്റാര്‍ക്കെങ്കിലും നല്‍കാം എന്ന് ഷാഹിദിന് ഒരാലോചനയുണ്ടായിരുന്നു.

ഒരാഴ്ച മുമ്പ്, രഞ്ജിത് തിരക്കഥയെഴുതുന്ന ‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന സിനിമയുടെ പൂജാച്ചടങ്ങ് കോഴിക്കോട്ട് നടന്നപ്പോള്‍ ഷാഹിദ് അതില്‍ സംബന്ധിച്ചിരുന്നു. അവിടെ വച്ച് വി എം വിനുവിനെ കണ്ടപ്പോള്‍ ഷാഹിദ് പറഞ്ഞു - “നമുക്കൊരു സിനിമ ചെയ്യണം. ബാലേട്ടനെപ്പോലെ നന്‍‌മയുള്ള ഒരു ചിത്രം. ഒരു വലിയ മടങ്ങിവരവ് എനിക്ക് വേണം”.

താന്‍ ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ‘ഫേസ് ടു ഫേസ്’ എന്ന സിനിമയ്ക്ക് ശേഷം ആ പ്രൊജക്ട് ആലോചിക്കാം എന്ന് വിനു പറയുകയും ചെയ്തു. പിന്നീട് അസുഖം കലശലായതിനെ തുടര്‍ന്ന് ഷാഹിദിനെ ആശുപത്രിയിലേക്ക് മാറ്റുകയും വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.

ഏറെ നന്‍‌മയുള്ള ഒരു കഥ ഷാഹിദ് മലയാളികള്‍ക്കായി ഒരുക്കിവച്ചിരുന്നു. ആ കഥ മനസില്‍ തന്നെ ഒളിപ്പിച്ചാണ് ഈ ചെറുപ്രായത്തില്‍ പ്രിയ തിരക്കഥാകാരന്‍ മടങ്ങുന്നത്.

ചിത്രത്തിനകടപ്പാട് - വെബഇന്ത്യ 123 ഡോട്ടകോം

വെബ്ദുനിയ വായിക്കുക