കുഞ്ഞുമോനെ രക്ഷിക്കാന്‍ ഷങ്കര്‍!

തിങ്കള്‍, 15 ഫെബ്രുവരി 2010 (18:56 IST)
PRO
മോഹന്‍ലാല്‍ വില്ലന്‍ നടനായിരുന്നപ്പോള്‍ നായകനായി നൂറുകണക്കിന് സിനിമകളില്‍, വിവിധ ഭാഷകളില്‍ വിലസിയ ശങ്കര്‍ ഇന്ന് ഏതവസ്ഥയിലാണ്? അദ്ദേഹത്തിന്‍റെ പരിതാപകരമായ സ്ഥിതി മനസിലാക്കിയ ലാല്‍ തന്നെ ശങ്കറിനെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത് നമ്മള്‍ കണ്ടു. ‘ഇവിടം സ്വര്‍ഗമാണ്’ അതിന്‍റെ തുടക്കം മാത്രം.

ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത. നിര്‍മ്മാണരംഗത്തെ പഴയ സിംഹം കെ ടി കുഞ്ഞുമോനെ സാമ്പത്തികമായി രക്ഷപെടുത്തിയെടുക്കാന്‍ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകനായ ഷങ്കര്‍ ഒരുങ്ങുന്നു. 1993ല്‍ ‘ജെന്‍റില്‍മാന്‍’ എന്ന ചിത്രത്തിലൂടെ ഷങ്കറിനെ സംവിധായകനാക്കി മാറ്റിയ നിര്‍മ്മാതാവാണ് കെ ടി കുഞ്ഞുമോന്‍.

ജെന്‍റില്‍മാന്‍ വന്‍ ഹിറ്റായതോടെ ‘കാതലന്‍’ എന്ന ചിത്രവും ഷങ്കറിനു വേണ്ടി കുഞ്ഞുമോന്‍ നിര്‍മ്മിച്ചു. അതും ബമ്പര്‍ വിജയമായി. എന്നാല്‍ പിന്നീട് ഷങ്കറും കുഞ്ഞുമോനും രണ്ടുവഴിക്ക് നീങ്ങുന്നതാണ് ഏവരും കണ്ടത്. ഷങ്കര്‍ തുടര്‍ച്ചയായി മെഗാഹിറ്റുകള്‍ സൃഷ്ടിച്ചപ്പോള്‍ കെ ടി കുഞ്ഞുമോന്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ തുടര്‍ച്ചയായി പൊളിഞ്ഞു. നാഗാര്‍ജ്ജുനയെ നായകനാക്കി എടുത്ത ‘രക്ഷകന്‍’ എന്ന സിനിമ കുഞ്ഞുമോന് വന്‍ സാമ്പത്തിക ബാധ്യത വരുത്തി.

രക്ഷകന് ശേഷം ‘കോടീശ്വരന്‍’ എന്ന പേരില്‍ സ്വന്തം മകനെ നായകനാക്കി ഒരു ചിത്രം കെ ടി കുഞ്ഞുമോന്‍ ശ്രമിച്ചെങ്കിലും അത് പൂര്‍ത്തിയാക്കാനായില്ല. അധികം വൈകാതെ നിര്‍മ്മാണരംഗത്തുനിന്ന് കുഞ്ഞുമോന്‍ പിന്‍‌മാറുകയും ചെയ്തു.
PRO


ഇന്ത്യന്‍, മുതല്‍‌വന്‍, ബോയ്സ്, അന്യന്‍, ശിവാജി, യന്തിരന്‍ തുടങ്ങി വമ്പന്‍ സിനിമകളിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകനാണ് ഷങ്കര്‍ ഇന്ന്. എന്തായാലും സാമ്പത്തികമായി തകര്‍ന്ന കെ ടി കുഞ്ഞുമോനെ ഈ ദുരവസ്ഥയില്‍ നിന്ന് കരകയറ്റാന്‍ ഷങ്കര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. യന്തിരന് ശേഷം കെ ടി കുഞ്ഞുമോന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഷങ്കര്‍ സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ 20 കോടി രൂപ പ്രതിഫലം വാങ്ങുന്ന ഷങ്കര്‍ കെ ടി കുഞ്ഞുമോന് സൌജന്യമായാണത്രേ ചിത്രം ചെയ്തു കൊടുക്കുന്നത്. തമിഴിലെ ഒരു സൂപ്പര്‍താരം നായകനാകുന്ന ഈ സിനിമയുടെ സംഗീതം എ ആര്‍ റഹ്മാന്‍!

നല്ലകാര്യം. നടക്കട്ടെ അല്ലേ? കെ ടി കുഞ്ഞുമോനെപ്പോലെയുള്ള നിര്‍മ്മാതാക്കള്‍ ഒരിക്കലും ഇത്തരത്തില്‍ തകര്‍ന്നു പോകേണ്ടവരല്ല. ഷങ്കറിനെങ്കിലും അങ്ങനെയൊരു നല്ല ബുദ്ധി തോന്നിയല്ലോ.

വെബ്ദുനിയ വായിക്കുക