എ.എം. രാജ - വേറിട്ട ശബ്ദം, തേന്‍ പുരണ്ട ശബ്ദം

ബുധന്‍, 9 ഏപ്രില്‍ 2008 (11:23 IST)
PROPRO
തെന്നിന്ത്യയിലെ മികച്ച പിന്നണി ഗായകരിലൊരാള്‍, മലയാളിയുടെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ച പാട്ടുകാരന്‍ തേന്‍ പുരണ്ട ശബ്ദത്തിന്‍റെ ഉടമ - എം.എം.രാജ.

അദ്ദേഹത്തിന്‍റെ ആകസ്മികവും ദുരന്തപൂര്‍ണവുമായ വേര്‍പാടിന്‍റെ ദിനമാണ് ഏപ്രില്‍ എട്ട്. 1989 ഏപ്രില്‍ എട്ടിന് തിരുനെല്‍വേലി റയില്‍വേസ്റ്റേഷനില്‍ നിന്ന് തീവണ്ടിയില്‍ കയറവെ കാലിടറി വീണ് തീവണ്ടിക്കും പ്ളാറ്റ്ഫോമിനും ഇടയില്‍പ്പെട്ടാണ് അദ്ദേഹം മരിച്ചത്.

ദേവതാരു പൂത്ത നാളൊരു ദേവകുമാരിയെ (മണവാട്ടി),
കാട്ടചെന്പകം പൂത്തുലയുന്പോള്‍ (വെളുത്ത കത്രീന),
താഴന്പൂമണമുള്ള തണുപ്പള്ള (അടിമകള്‍),
ആകാശഗംഗയുടെ കരയില്‍ (ഓമനക്കുട്ടന്‍),
കിഴക്കേ മലയിലെ വെണ്ണിലാവൊരു...

എന്നിവ എ എം രാജയുടെ ഭാവസാന്ദ്രവും ഹൃദ്യവുമായ ഗാനങ്ങളാണ്.

പെരിയാറേ പെരിയാറേ (ഭാര്യ),
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം (ഭാര്യമാര്‍ സൂക്ഷിക്കുക),
പാലാഴിക്കടവില്‍ നീറാട്ടിനിറങ്ങയ (കടലമ്മ),
കണ്‍മണി നീയെന്‍ കരംപിടിച്ചാല്‍ (കുപ്പിവള),
ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന (പാലാട്ടുകോമന്‍),
മയില്‍പ്പീലി കണ്ണുകൊണ്ട് (കസവുതട്ടം) പാലാനാണ് തേനാണ..,
പഞ്ചാര പാലുമിഠായി ആര്‍ക്കു വേണം..,

എന്നിങ്ങനെ ഒരിയ്ക്കലും മറക്കാനാവാത്ത യുഗ്മഗാനങ്ങളിലും എ.എം.രാജയെന്ന ഗായകന്‍ ജീവിക്കുന്നു.

ലോകനീതി എന്ന ചിത്രത്തിനു വേണ്ടി അഭയദേവ് എഴുതി ദക്ഷിണാമൂര്‍ത്തി സംവിധാനം ചെയ്ത കണ്ണാ നീയുറങ്ങ് ... ആണ് രാജയുടെ ആദ്യ മലയാള ഗാനം. ദക്ഷിണേന്ത്യന്‍ സിനിമാ ഗായികമാരില്‍ പ്രസിദ്ധയായ കൃഷ്ണവേണി എന്ന ജിക്കിയാണ് ഭാര്യ.


അച്ഛന്‍ എന്ന സിനിക്ക്‌ വേണ്ടിയാണ്‌ ആദ്യം പാടിയത്‌ എന്ന്‌ ചിലര്‍ പറയുന്നു.

1952 ല്‍ വിശപ്പിന്‍റെ വിളി എന്ന ചിത്രത്തില്‍ പ്രേംനസീറിന് വേണ്ടി അദ്ദേഹം പാടിഎന്നാല്‍ കാലാന്തരത്തില്‍ പ്രേംനസീറിന്‍റെ ശബ്ദം യേശുദാസിന്‍റേതായി മാറിയപ്പോള്‍ രാജയുടെ ശബ്ദം സത്യന് വേണ്ടി ഉപയോഗിച്ചു തുടങ്ങി.

സത്യന്‍ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങളില്‍ രാജയാണ്‌ പാടിയത്‌.
കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ .....(സ്നേഹസീമ),
മാനസേശ്വരി മാപ്പ്‌ തരൂ......,
താഴമ്പൂമണമുള്ള .... (അടിമകള്‍),
കിളിവാതിലില്‍ മുട്ടിവിളിച്ചത്‌ ......(റബേക്ക),
ചന്ദനപ്പല്ലക്കില്‍... (പാലാട്ടു കോമന്‍),
പെരിയാറേ പെരിയാറേ.... ,
മനസ്സമ്മതം തന്നാട്ടെ... (ഭാര്യ),
ആകാശ ഗംഗയുടെ കരയില്‍ ... (ഓമനക്കുട്ടന്‍),
കാറ്ററിയില്ല കടലറയില്ല ..എന്നിവ ചില ഉദാഹരണങ്ങള്‍.

ഗായകന്‍ മാത്രമല്ല സംഗീത സംവിധായകന്‍ കൂടിയാണ്‌ എ.എം.രാജ.1959ല്‍ ചന്ദ്രാസ്‌ ഫിലിം ഫാന്‍സ്‌ അസോസിയേഷന്‍ മികച്ച സംഗീത സംവിധായകന്‍ അവാര്‍ഡ്‌ രാജയ്ക്ക്‌ നല്‍കി. കല്യാണപ്പരിശ്‌ എന്ന തമിഴ്‌ ചിത്രത്തിന്‍റെ സംഗീതം രാജയുടേതായിരുന്നു. അതിലെ എല്ലാ പാട്ടുകളും പ്രസിദ്ധമായി.

തെലുങ്കില്‍ ശോഭയ്ക്കു വേണ്ടി സംഗീതം നിര്‍വ്വഹിച്ചുകൊണ്ടായിരുന്നു തുടക്കം. മലയാളത്തില്‍ അമ്മ എന്ന സ്ത്രീയുടെ സംഗീതം എ.എം. രാജയുടേതായിരുന്നു. പട്ടും വളയും പാദസരവും , നാളെയീ പന്തലില്‍ എന്നീ പാട്ടുകള്‍ അദ്ദേഹം പാടി. പക്ഷെ ഇതോടെ രാജ മലയാള ഗാനരംഗത്തു നിന്നും പതുക്കെ അകന്നുപോയി.

ആന്ധ്രയിലെ ചിറ്റൂര്‍ സ്വദേശിയായ രാജ മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ, സിംഹള സിനിമകളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു. 1929 ജൂലായ്‌ ഒന്നിനാണ്‌ ജനനം. മാധവരാജയും എ.എം. ലക്ഷ്മിയുമാണ്‌ മാതാപിതാക്കള്‍.


എം.ജി.ആര്‍. അഭിനയിച്ച ജനോവ തുടങ്ങി ഒട്ടേറെ സിനിമകളില്‍ കൂടെപ്പാടിയ ജിക്കി കൃഷ്ണവേണിയെ രാജ ജീവിതസഖിയാക്കി. 1958 ലായിരുന്നു വിവാഹം അവര്‍ക്ക്‌ നാല്‌ മക്കളുണ്ട്‌.

ജിക്കി മലയാളത്തില്‍ ഒറ്റേറെ സിനിമകളില്‍ പാടിയിട്ടുണ്ട്‌. ഉമ്മയിലെ ' കദളിവാഴക്കയ്യിലിരുന്ന്‌ കാക്കയിന്നു വിരുന്നു വിളിച്ചു എന്നത്‌ തന്നെ പ്രസിദ്ധമായ പാട്‌. ജിക്കി 2004 ല്‍ അന്തരിരിച്ചു .

മദ്രാസ്‌ പച്ചൈയപ്പാസ്‌ കോളജില്‍ പഠിക്കുമ്പോള്‍ തന്നെ സ്വന്തമായി പാട്ടുകള്‍ ട്യൂണ്‍ ചെയ്ത്‌ പാടി. കെ.വി. മഹാദേവന്‍റെ പശ്ചാത്തല സംഗീതത്തോടെ റെക്കോഡാക്കി.

ഈ പാട്ട്‌ റേഡിയോയില്‍ കേട്ട ജമിനി സ്റ്റുഡിയോ ഉടമ വാസന്‍ രാജയെ സംസാരം എന്ന ചിത്രത്തില്‍ പാടിച്ചു. ഇത്‌ ഹിന്ദിയില്‍ ഡബ്ബ്‌ ചെയ്തപ്പോള്‍ പാടിയതും അദ്ദേഹം തന്നെയായിരുന്നു.

വേറിട്ടു നില്‍ക്കുന്ന ശബ്ദം, കൗമാരം വിടാത്ത ശബ്ദം അതായിരുന്നു എ.എം.രാജയുടെ സവിശേഷത. റ തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ഛാരണത്തിലെ നേരിയ കല്ലുകടി ഒഴിച്ചാല്‍ തനി മലയാളി ഗായകനായിരുന്നു രാജ.

റ ,രാദികളുടെ ഉച്ചാരണം പഠിക്കാനായി അദ്ദേഹം മദ്രാസില്‍ ഗോപാലപുരത്ത്‌ ഗുരുഗോപിനാഥിന്‍റെ താമസസ്ഥലത്ത്‌ ഒട്ടേറെ തവണ ചെന്നിട്ടുണ്ട്‌.

മോഹിപ്പിക്കുന്ന ശബ്ദ സൗകുമാര്യം ഇല്ലായിരുന്നെങ്കില്‍ യേശുദാസും ജയചന്ദ്രനും കൊടികുത്തിവാണ മലയാള ചലച്ചിത്ര ഗാനരംഗത്ത്‌ സ്വന്തം ശബ്ദം കേള്‍പ്പിക്കാന്‍ രാജയ്ക്ക്‌ ആവുമായിരുന്നില്ല. അദ്ദേഹം വളരെയേറെ പാട്ടുകള്‍ പാടിയിട്ടില്ല. പാടിയവയെല്ലാം മധുരതരങ്ങളുമായിരുന്നു.

ഉദയായുടെ സുവര്‍ണകാലത്ത്‌ ഒട്ടേറെ പാട്ടുകള്‍ രാജ പാടി. മലയാളത്തില്‍ അധികം പാടിയത്‌ ദേവരാജന്‍റെ സംഗീത സംവിധാനത്തിലായിരുന്നു.

വെബ്ദുനിയ വായിക്കുക