ആണത്തം ആഘോഷിക്കുന്ന സിനിമകള്‍ വീണ്ടും; മമ്മൂട്ടിയും മോഹന്‍ലാലും തയ്യാറെടുക്കുന്നു!
വെള്ളി, 2 ഡിസംബര്‍ 2016 (19:26 IST)
ഷാജി കൈലാസ് ഒരു ചിത്രകാരനായിരുന്നു. ഷാജിയുടെ ചിത്രകലയിലുള്ള പ്രാവീണ്യം അറിയുന്നവരൊക്കെ അദ്ദേഹം ഭരതനെപ്പോലെ ദൃശ്യമികവുള്ള സിനിമകളൊരുക്കുന്ന സംവിധായകനാകുമെന്ന് വിശ്വസിച്ചു. എന്നാല്‍ സിനിമയിലെത്തിപ്പെട്ടപ്പോള്‍ തന്‍റെ മേഖല ആക്ഷന്‍ ത്രില്ലറുകളാണെന്ന് ഷാജി തീരുമാനിച്ചു. 1989ല്‍ സുരേഷ്ഗോപിയെ നായകനാക്കിയാണ് ഷാജി ആദ്യ ചിത്രം ഒരുക്കിയത്. ‘ന്യൂസ്’ എന്ന ആ സിനിമ ഷാജിയുടെ കുറ്റാന്വേഷണ സിനിമകളുടെ ആദ്യ ബ്രാഞ്ച് ഓഫീസ് ആയിരുന്നു.
നടന്‍ ജഗദീഷിന്‍റെ തിരക്കഥയിലാണ് ‘ന്യൂസ്’ ഒരുക്കിയത്. അതൊരു വലിയ ഹിറ്റ് ആയിരുന്നില്ല. എന്നാല്‍ 24കാരനായ ആ സംവിധായകനെ സിനിമാലോകം ശ്രദ്ധിച്ചു. അയാളില്‍ ഒരു ഫയറുണ്ടെന്ന് തിരിച്ചറിഞ്ഞു. പക്ഷേ ഷാജിയുടെ രണ്ടാം ചിത്രം ഏവരെയും നിരാശപ്പെടുത്തി - ‘സണ്‍ഡേ 7 പി എം’. ത്രില്ലര്‍ തന്നെയായിരുന്നു എങ്കിലും ബോക്സോഫീസില്‍ കനത്ത പരാജയമായിരുന്നു ആ സിനിമ.
ആദ്യ രണ്ട് ആക്ഷന്‍ സിനിമകളും പ്രതീക്ഷിച്ചതുപോലെ വിജയം നേടാതായതോടെ ‘ഇത് തന്‍റെ കളമല്ല’ എന്ന് ഷാജി കരുതി. അതുകൊണ്ടുതന്നെയാണ് കോമഡിയില്‍ ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. പത്രപ്രവര്‍ത്തകനായ രണ്‍ജി പണിക്കര്‍ എന്നൊരു സുഹൃത്തിന്‍റെ രചനയിലായിരുന്നു ചിത്രം പ്ലാന്‍ ചെയ്തത്. ‘ഡോക്ടര്‍ പശുപതി’ എന്ന് സിനിമയ്ക്ക് പേരിട്ടു. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി ഡോക്ടര്‍ പശുപതി മാറി. ഷാജി അതോടെ ഉറപ്പിച്ചു, തന്‍റെ ഇടം കോമഡി സിനിമ തന്നെ. (രണ്‍ജി പണിക്കര്‍ എന്ന എഴുത്തുകാരന്‍ ഭാവിയില്‍ തനിക്കുവേണ്ടി ആക്ഷന്‍ തിരക്കഥകള്‍ എഴുതുമെന്നും അവയൊക്കെ തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കുമെന്നും ഷാജി സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല).
ഡോക്ടര്‍ പശുപതി നല്‍കിയ ഊര്‍ജത്തില്‍ നിന്നാണ് സൌഹൃദം, കിലുക്കാംപെട്ടി, നീലക്കുറുക്കന്‍ എന്നീ സിനിമകള്‍ ഷാജി കൈലാസ് സംവിധാനം ചെയ്തത്. എന്നാല്‍ നീലക്കുറുക്കന്‍ ശരാശരി വിജയം നേടി എന്നതൊഴിച്ചാല്‍ ബോക്സോഫീസില്‍ ഈ സിനിമകള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. സിനിമാലോകം ഷാജിയെ എഴുതിത്തള്ളി. ഷാജിക്ക് ഇനിയൊരു മടങ്ങിവരവ് അസാധ്യമെന്ന് ഏവരും വിശ്വസിച്ചു.
തലയും മനസും നിറയെ നിരാശ നിറച്ച് ഷാജി കൈലാസ് ഒരു ഹിറ്റിനുവേണ്ടി ദാഹിച്ചു. അങ്ങനെയിരിക്കെ, സുഹൃത്ത് രണ്‍ജി പണിക്കരുമായി പലകാര്യങ്ങള്‍ സംസാരിച്ചിരുന്ന ഒരു ദിവസം. മുന്നില്‍ കിടന്ന ഒരു മാഗസിന്‍ ചൂണ്ടിക്കാട്ടി ഷാജി കൈലാസ് രണ്‍ജിയോടു ചോദിച്ചു - “ഈ കവര്‍ ചിത്രത്തില്‍ നിന്ന് ഒരു സിനിമയുണ്ടാക്കാന്‍ കഴിയുമോ?”. മണ്ഡല്‍ കമ്മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ സ്വയം തീ കൊളുത്തി, കത്തിയെരിയുന്ന രാജീവ് ഗോസ്വാമി എന്ന വിദ്യാര്‍ത്ഥിയുടെ ചിത്രമായിരുന്നു അത്. രണ്‍ജിയുടെ ചിന്തയില്‍ ഒരു സിനിമയുണ്ടായി - തലസ്ഥാനം!
ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീമിന്‍റെ പടയോട്ടം ആ ചിത്രത്തോടെ തുടങ്ങുന്നു. മലയാള സിനിമാലോകത്തെ ഇളക്കിമറിച്ച വിജയമാണ് തലസ്ഥാനം സ്വന്തമാക്കിയത്. വിജയകുമാര്‍ എന്ന പയ്യന്‍ തനിക്ക് നടനാകാന്‍ വേണ്ടി നിര്‍മ്മിച്ച ചിത്രമായിരുന്നു തലസ്ഥാനം. സുരേഷ്ഗോപി സൂപ്പര്‍താരപദവിയിലേക്ക് നടന്നടുത്ത ചിത്രം. ‘ജി പി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നരേന്ദ്രപ്രസാദ് എന്ന നടന്‍ പ്രേക്ഷകമനസില്‍ പടര്‍ന്നുകയറിയ സിനിമ. തലസ്ഥാനത്തിന്‍റെ മഹാവിജയത്തോടെ ഷാജി ഒരുകാര്യം തീരുമാനിച്ചു - ഇനി മറ്റ് കാറ്റഗറികളിലേക്കില്ല. ആക്ഷന്‍ ത്രില്ലറുകള്‍ തന്നെയാണ് തന്‍റെ ലോകം!
കേരളത്തില്‍ ഡ്രഗ്സ് മാഫിയ പിടിമുറുക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന കാലം. അതിനെതിരെയാകട്ടെ തങ്ങളുടെ അടുത്ത സിനിമയെന്ന് ഷാജിയും രണ്‍ജിയും തീരുമാനിച്ചു. ഒപ്പം, കപടസ്വാമിമാരുടെ മുഖംമൂടി പൊളിച്ചുകാട്ടണമെന്നും ആലോചിച്ചു. അതിന്‍റെ ഫലമായിരുന്നു ‘ഏകലവ്യന്‍’. ആന്‍റി നാര്‍ക്കോട്ടിക് വിംഗ് തലവന്‍ മാധവന്‍ എന്ന കഥാപാത്രമായി സുരേഷ്ഗോപി ജ്വലിച്ചു. മമ്മൂട്ടിയെ ആയിരുന്നു മാധവന്‍ ആകാനായി ഷാജി ആദ്യം സമീപിച്ചത്. എന്നാല്‍ മമ്മൂട്ടി ഈ സിനിമ വേണ്ടെന്നുവച്ചു. പകരം സുരേഷ്ഗോപിയെത്തുകയായിരുന്നു. ഈ സിനിമയോടെ മമ്മൂട്ടിക്കും, മോഹന്‍ലാലിനുമൊപ്പം മൂന്നാമത്തെ സൂപ്പര്‍താരമായി സുരേഷ്ഗോപി മാറുകയായിരുന്നു. ‘എന്‍റെ എല്ലാ സൌഭാഗ്യങ്ങളുടെയും തുടക്കം ഏകലവ്യന്‍ എന്ന ചിത്രമായിരുന്നു” - സുരേഷ്ഗോപി പറയുന്നു. സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രത്തെ നരേന്ദ്രപ്രസാദ് അനശ്വരമാക്കി.
“എടോ, ഒരു സന്യാസിക്ക് തെമ്മാടിയാകാം. തെമ്മാടിക്ക് ഒരിക്കലും ഒരു സന്യാസിയാകാനാവില്ല. കണ്ണിമേരാ മാര്‍ക്കറ്റിലും സെക്രട്ടേറിയറ്റിന്‍റെ പിന്നിലും ഒന്നരയണയ്ക്ക് കഞ്ചാവ് വിറ്റുനടന്ന ഒരു ചരിത്രമില്ലേ തനിക്ക്?. അതെല്ലാം തെളിയിച്ചിട്ടേ മാധവന്‍ പോകൂ. ആയുഷ്മാന്‍ ഭവഃ” - ഏകലവ്യനിലെ ഡയലോഗുകള്‍ തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ചു. ഒരു ആള്‍ദൈവത്തെ വില്ലനായി ചിത്രീകരിച്ചതിന്‍റെ ഭവിഷ്യത്തുകള്‍ ഏകലവ്യന്‍റെ റിലീസിന് ശേഷം ഷാജി കൈലാസും രണ്‍ജി പണിക്കരും അനുഭവിച്ചു. ഇരുവരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടു. സിനിമയുടെ പ്രദര്‍ശനം തടയാനും ശ്രമമുണ്ടായി. 150 ദിവസമാണ് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഏകലവ്യന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.
‘സ്ഥലത്തെ പ്രധാന പയ്യന്‍സ്’ ആയിരുന്നു ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീമിന്‍റെ അടുത്ത ഫയര്‍. ജഗദീഷ് എന്ന കോമഡി നടനെ ആക്ഷന്‍ പരിവേഷത്തോടെ അവതരിപ്പിച്ച ചിത്രം. ജനകീയനായ ആഭ്യന്തരമന്ത്രിയായി ജഗദീഷ് കസറി. ജഗദീഷിന്‍റെ വാക്ചാതുര്യം ഒരു രാഷ്ട്രീയക്കാരന് ചേര്‍ന്നതാണെന്ന ഷാജിയുടെ കണ്ടെത്തലാണ് ഗോപാലകൃഷ്ണന്‍ എന്ന ആ കഥാപാത്രത്തിലേക്ക് ജഗദീഷ് വന്നെത്താന്‍ കാരണം. വന്‍ ഹിറ്റായി മാറിയ ആ സിനിമയ്ക്ക് ശേഷം 1993ല്‍ ഷാജി - രണ്‍ജി - സുരേഷ്ഗോപി ത്രയത്തിന്‍റെ ‘മാഫിയ’ എന്ന സിനിമ സംഭവിച്ചു. ബാംഗ്ലൂരില്‍ ചിത്രീകരിച്ച ഈ സിനിമ ഒരു അധോലോക കഥയാണ് പറഞ്ഞത്. രവിശങ്കര്‍ എന്ന കഥാപാത്രമായി സുരേഷ്ഗോപി തിളങ്ങി. പ്രഭാകര്‍, ബാബു ആന്‍റണി എന്നിവരായിരുന്നു വില്ലന്‍മാര്‍. മാഫിയയില്‍ സുരേഷ്ഗോപിയുടെ അനുജന്‍റെ വേഷം ചെയ്തത് പിന്നീട് തമിഴകത്തെ സൂപ്പര്‍സ്റ്റാറായി മാറിയ സാക്ഷാല്‍ വിക്രം ആയിരുന്നു!
1994ലാണ് ഷാജി കൈലാസ് ‘കമ്മീഷണര്‍’ ചെയ്യുന്നത്. അതുവരെയുണ്ടായിരുന്ന സകല ബോക്സോഫീസ് റെക്കോര്‍ഡുകളും തകര്‍ത്തു ഭരത്ചന്ദ്രന്‍. ഷാജിയുടെ മുന്‍ ചിത്രങ്ങളെപ്പോലെ കമ്മീഷണറും കേരള രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു. പല നേതാക്കളുടെയും ഉറക്കം കെടുത്തി. രാഷ്ട്രീയ സിനിമകള്‍ക്ക് കൃത്യമായ സെന്‍സറിംഗ് ഏര്‍പ്പെടുത്തണമെന്ന് വാദമുണ്ടായി. എന്തായാലും ഭരത്ചന്ദ്രന്‍ എന്ന ഐ പി എസ് ഓഫീസറെ കേരളത്തിലെ പൊലീസുകാര്‍ മാതൃകയായി കാണാന്‍ തുടങ്ങി.
കമ്മീഷണര്‍ക്ക് ശേഷം ഷാജി കൈലാസ് രണ്‍ജി പണിക്കരെ വിട്ട് രഞ്ജിത്തിനെ അടുത്ത ചിത്രം എഴുതാന്‍ ഏല്‍പ്പിച്ചു. ‘രുദ്രാക്ഷം’ ആയിരുന്നു സിനിമ. വലിയ ബോക്സോഫീസ് ദുരന്തമായി മാറി രുദ്രാക്ഷം. ബാംഗ്ലൂര്‍ അധോലോകം തന്നെയായിരുന്നു ഈ സിനിമയുടെയും പശ്ചാത്തലം. രുദ്രാക്ഷത്തിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഷാജി കൈലാസിന് ഒരു മെഗാഹിറ്റ് ആവശ്യമായിരുന്നു. രണ്‍ജി പണിക്കരെ തന്നെ എഴുതാന്‍ വിളിച്ചു. ഒരു കളക്ടറുടെ ഔദ്യോഗികജീവിതത്തിലെ വെല്ലുവിളികള്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. 1995ല്‍ അത് സംഭവിച്ചു - ജോസഫ് അലക്സ് തേവള്ളിപ്പറമ്പില്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍റെ കഥയുമായി ‘ദി കിംഗ്’.
മലയാള സിനിമയെ കിടിലം കൊള്ളിച്ച വിജയമായിരുന്നു ദി കിംഗ് നേടിയത്. മമ്മൂട്ടിയും മുരളിയും വിജയരാഘവനും രാജന്‍ പി ദേവും ഗണേഷും ദേവനും വാണി വിശ്വനാഥുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ സുരേഷ്ഗോപി അതിഥിതാരമായെത്തി. “കളി എന്നോടും വേണ്ട സാര്‍. ഐ ഹാവ് ആന്‍ എക്സ്ട്രാ ബോണ്‍. ഒരെല്ല് കൂടുതലാണെനിക്ക്” - എന്ന് മന്ത്രിപുംഗവന്‍റെ മുഖത്തടിക്കുന്നതുപോലെ ആക്രോശിച്ചുകൊണ്ട് ജോസഫ് അലക്സ് തകര്‍ത്താടി. ഷാജി കൈലാസിന്‍റെ ഫ്രെയിം മാജിക്കിന്‍റെ പരകോടിയായിരുന്നു ദി കിംഗ്. ആ സിനിമയോടെ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം പിരിഞ്ഞു.
പിന്നീട് ഷാജിയുടേതായി എത്തിയത് ‘മഹാത്മ’ എന്ന ഫ്ലോപ്പായിരുന്നു. ടി ദാമോദരന്‍ തിരക്കഥയെഴുതിയ ഈ ചിത്രത്തില്‍ ദേവദേവന്‍ എന്ന അധോലോക രാജാവായിരുന്നു സുരേഷ്ഗോപി. അതിന് ശേഷം രഞ്ജിത്തിന്‍റെ തിരക്കഥയില്‍ അസുരവംശം. മനോജ് കെ ജയനെയും ബിജുമേനോനെയും സൂപ്പര്‍സ്റ്റാറാക്കുക എന്ന ലക്‍ഷ്യത്തോടെ ഒരുക്കിയ അസുരവംശവും പരാജയമായി. അമിതമായ വയലന്‍സ് അസുരവംശത്തിന്‍റെ പരാജയത്തിന് കാരണമായി. ഒരു മാറ്റം വേണമെന്ന് ഷാജി കൈലാസിന് തോന്നിത്തുടങ്ങിയ സമയം. ഒരു ഹിറ്റ് അത്യാവശ്യം. ദേവാസുരത്തിന്‍റെ അതേ ചട്ടക്കൂടില്‍ ഒരു സിനിമയെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. രഞ്ജിത് തന്നെ തിരക്കഥയെഴുതി. ആറാം തമ്പുരാന്‍ എന മെഗാഹിറ്റ് അവിടെ ജനിച്ചു. മോഹന്‍ലാലിന്‍റെയും മഞ്ജുവാര്യരുടെയും മത്സരാഭിനയം കൊണ്ട് പ്രേക്ഷകര്‍ക്ക് ഒരു മികച്ച വിരുന്നായി മാറി ആറാം തമ്പുരാന്‍.
മോഹന്‍ലാലിനൊപ്പം ആദ്യമായി ഒന്നിച്ചപ്പോള്‍ തന്നെ ഒരു മെഗാഹിറ്റ് ലഭിച്ചതോടെ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനായി ഷാജി കൈലാസ്. ആ സിനിമയിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. അതോടെ അതുവരെ തുടര്‍ന്നുവന്ന ഫോര്‍മുലകള്‍ മാറ്റിവച്ച് ഡാന്‍സിനും പാട്ടിനും ആക്ഷനും കുടുംബബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സിനിമകളൊരുക്കാനായി ഷാജിയുടെ ശ്രമം. എന്നാല്‍ ആറാം തമ്പുരാന് ശേഷം ദി ട്രൂത്ത്, എഫ് ഐ ആര്‍ എന്നീ ശരാശരി വിജയങ്ങള്‍ നല്‍കാനേ ഷാജിക്ക് കഴിഞ്ഞുള്ളൂ. ട്രൂത്തിന് തിരക്കഥയെഴുതിയത് എസ് എന്‍ സ്വാമിയായിരുന്നു. എഫ്ഐആര്‍ ഡെന്നിസ് ജോസഫ് എഴുതി.
‘നരസിംഹം’ വന്നത് 2000ലാണ്. രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ഷാജി ഒരുക്കിയ ആ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാഹിറ്റായി. ഷാജി കൈലാസിന്‍റെയും മോഹന്‍ലാലിന്‍റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. ചിത്രത്തിലെ ‘മോനേ ദിനേശാ...’ എന്ന പ്രയോഗം ഇപ്പോഴും മലയാളിയുടെ ചുണ്ടുകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു. മമ്മൂട്ടി ഈ ചിത്രത്തില്‍ നന്ദഗോപാല്‍ മാരാര്‍ എന്ന സുപ്രീം കോടതി അഭിഭാഷകനായി അതിഥിവേഷത്തിലെത്തി. നരസിംഹം സംഭവിച്ചതോടെ അതിന് മേലെ ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കുക എന്നത് ശ്രമകരമായിത്തീര്‍ന്നു. അത്രയും ഹൈ വോള്‍ട്ടേജ് ആക്ഷന്‍ - ഫാമിലി ഡ്രാമയായിരുന്നു ആ സിനിമ. അതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിന്‍റെ തന്നെ തിരക്കഥയില്‍ ‘വല്യേട്ടന്‍’ എടുത്തു ഷാജി കൈലാസ്. അതും വന്‍ വിജയമായി.
പിന്നീട് ഷാജി കൈലാസ് എന്ന സംവിധായകന് വീഴ്ചകളുടെ കാലമായിരുന്നു. വാഞ്ചിനാഥന്‍(തമിഴ്), ശിവം, താണ്ഡവം, വിഷ്ണു(തെലുങ്ക്), ജന(തമിഴ്) എന്നിങ്ങനെ തുടര്‍ച്ചയായി പരാജയങ്ങള്‍. മോഹന്‍ലാല്‍ നായകനായ താണ്ഡവത്തിന്‍റെ പരാജയം ഷാജി കൈലാസിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇടയ്ക്കെത്തിയ നാട്ടുരാജാവ് ശരാശരി വിജയമായി. ടി എ ഷാഹിദായിരുന്നു ആ ചിത്രത്തിന്‍റെ തിരക്കഥ. പിന്നീട് രണ്ട് സൂപ്പര്‍ഹിറ്റുകള്‍ - ബി ഉണ്ണികൃഷ്ണന്‍റെ തിരക്കഥയില്‍ ദി ടൈഗര്‍, എ കെ സാജന്‍റെ തിരക്കഥയില്‍ ചിന്താമണി കൊലക്കേസ്.
ദിലീപുമായി ഷാജി കൈലാസ് ആദ്യമായി കൈകോര്‍ത്ത ‘ദി ഡോണ്‍’ കനത്ത പരാജയമായി. പിന്നീട് എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ‘ബാബാകല്യാണി’ എന്ന ഹിറ്റ്. എന്നാല്‍ ബാബാകല്യാണിക്ക് ശേഷം ഷാജി കൈലാസ് തന്‍റെ കരിയറിലെ ഏറ്റവും മോശം കാലത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ടൈം, അലിഭായ്, സൌണ്ട് ഓഫ് ബൂട്ട്, എല്ലാം അവന്‍ സെയല്‍(തമിഴ്), റെഡ് ചില്ലീസ്, ദ്രോണ2010 എന്നീ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. ഇടയ്ക്ക് കേരള കഫെ എന്ന സിനിമാ സീരീസിലെ ലളിതം ഹിരണ്‍മയം എന്ന ലഘുചിത്രവും ഷാജി ചെയ്തു. ദ്രോണയുടെ പരാജയശേഷം സിനിമ ഉപേക്ഷിച്ചാലോ എന്നുപോലും ഷാജി ചിന്തിച്ചു. അവിടെ നിന്ന് ഷാജി കൈലാസിനെ മടക്കിക്കൊണ്ടുവന്നത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിക്ക് വേണ്ടി ആഗസ്റ്റ് 15 എന്ന സിനിമയൊരുക്കി. അതും ബോക്സോഫീസ് ദുരന്തമായി.
പരാജയത്തിന്‍റെ കനത്ത ആഘാതത്തില്‍ നിന്ന് ഏറെ പ്രതീക്ഷകളോടെയാണ് ഷാജി ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന ബിഗ് പ്രൊജക്ട് ചെയ്തത്. ഷാജിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ രണ്‍ജി പണിക്കര്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജിക്കായി തിരക്കഥ രചിച്ചു. മമ്മൂട്ടിയും സുരേഷ്ഗോപിയും ഒന്നിച്ചു. എന്നിട്ടും സിനിമ കനത്ത തോല്‍വി ഏറ്റുവാങ്ങി. പിന്നീട് മദിരാശി, ജിഞ്ചര്‍ എന്നീ കോമഡിച്ചിത്രങ്ങള്‍ ഷാജി ഒരുക്കി. അവയും രക്ഷപ്പെട്ടില്ല.
ഇപ്പോള്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഷാജി കൈലാസ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്‍മാരാക്കി വമ്പന്‍ ഹിറ്റുകള്‍ ഷാജി സൃഷ്ടിക്കുമോ? കാത്തിരിക്കാം.