ഈ കോലാഹലങ്ങള്‍ മതിയാക്കി, എന്തെങ്കിലും ചെയ്യുക എന്നത് മാത്രമാണ് ഇനി ഉള്ളത്: പാര്‍വതി പറയുന്നു

ഞായര്‍, 11 മാര്‍ച്ച് 2018 (12:50 IST)
തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ ഏറ്റവും അധികം സൈബര്‍ ആക്രമണം ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് പാര്‍വതി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തില്‍ പാര്‍വതി തന്റെ അഭിപ്രായങ്ങളും ആശയങ്ങളും തുറന്നു പറഞ്ഞിരുന്നു. 
 
ഞാന്‍ ഒരുപാട് സ്നേഹവും കരുതലുമൊക്കെ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. അത് തിരിച്ചും നല്‍കുന്നുണ്ട്. എന്റെ ഇപ്പോഴത്തെ അവസ്ഥയെ ഒറ്റവാക്കില്‍ പറയണമെങ്കില്‍ പരുക്കന്‍ എന്ന് പറയേണ്ടി വരും. വികാരപരമായ എന്തിനേയും ബലാത്സഗത്തേയും അധിക്ഷേപങ്ങളേയും എന്നെ തന്നെ കുറ്റപ്പെടുത്തണമെന്ന് ചിന്തിച്ചിരുന്ന ഒരാളാ‌യിരുന്നു ഞാന്‍.  
 
പക്ഷേ പിന്നീടാണ് മനസ്സിലായത് ഇതൊന്നും അനുഭവിക്കാത്ത, നേരിടേണ്ടി വന്നിട്ടില്ലാത്ത അനവധി ആള്‍കള്‍ ഉണ്ടെന്ന്. കുറ്റം ചെയ്തവന്റെ തെറ്റ് പൊറുത്ത്, നമ്മള്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ ഒരു സംശയത്തിന്റെ മറവില്‍, ആനൂകൂല്യത്തില്‍ അവരെ വെറുതെ വിടുന്നതെവിടെ നിന്ന് ലഭിച്ച ആശയമാണെന്ന് ഞാന്‍ അന്വേഷിച്ചിട്ടുണ്ട്, ചിന്തിച്ചിട്ടുണ്ട്. 
 
ചില സിനിമകളെ കുറിച്ചും അവയില്‍ സ്ത്രീവിരുദ്ധതയെ കുറിച്ചും സംസാരിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് ആവശ്യമുള്ളവരെയോ അതിനെ കുറിച്ച് അറിയേണ്ടവരെയോ ആണ് ഞാന്‍ പഠിപ്പിക്കുന്നതെന്നായിരുന്നു. എനിക്ക് വരുന്ന ഓരോ കമന്റുകളും ഞാന്‍ വായിക്കാറുണ്ട്. അവര്‍ എങ്ങനെയാണ് എന്നെ കൊല്ലാന്‍ പോകുന്നത്, ബലാത്സംഗം ചെയ്യാന്‍ പോകുന്നത്, സിനിമയില്‍ തുടരാന്‍ ആകാത്ത രീതിയില്‍ എന്നെ ഈ മേഖലയില്‍ നിന്നും എന്നെന്നേക്കുമായി ഒഴിവാക്കുന്നത് അങ്ങനെ എല്ലാം.  
 
ഈ കോലാഹലങ്ങളും ആര്‍പ്പുവിളികളും എല്ലാം ഞാന്‍ മതിയാക്കി. അതിനെ കുറിച്ച് പരസ്യപ്പെടുത്തുന്നതും ഞാന്‍ മതിയാക്കി. ഇനി ഉള്ളത് എന്തെങ്കിലും ചെയ്യുക എന്നത് മാത്രമാണ്. ഞാന്‍ പാര്‍വതി തിരുവോത്ത്. ഇങ്ങനെയൊക്കെ ആണ് ഞാന്‍ എന്റെ ലോകം പടുത്തുയര്‍ത്തുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍