സ്വന്തം ഇഷ്ടം നോക്കി കഥാപാത്രങ്ങളെയോ സിനിമയോ സ്വീകരിക്കാറില്ലെന്ന് നടന്‍ ബിജുമേനോന്‍. ഒരു കഥാപാത്രം ചെയ്താല്‍ ആ സിനിമ കാണാന്‍ ആളെ കിട്ടുമോ നിര്‍മാതാവിന് സാമ്പത്തിക ലാഭം ഉണ്ടാകുമോ എന്നൊക്കെ നോക്കി മാത്രമെ അഭിനയിക്കാറുള്ളൂവെന്ന് അദ്ദേഹം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
വല്ലപ്പോഴുമാണ് റിയലിസ്റ്റിക് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?’ നല്ലൊരു റിയലിസ്റ്റിക് സിനിമയാണ്. ഒരു വീട് വയ്ക്കാന്‍ ആഗ്രഹമില്ലാത്ത ആരുമില്ലല്ലോ. വീടു പണിയാനെത്തുന്നവര്‍ക്ക് പക്ഷെ, സ്വന്തമായി ഒരു വീടുപോലും ഉണ്ടാകണമെന്നില്ല.
ആ ഒരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് സിനിമയിലെ വാര്‍ക്കപ്പണിക്കാരന്റെ വേഷം ചെയ്തത്. കഥാപാത്രത്തിന്റെ മികവിനായി നിരവധിപേരോട് സംസാരിച്ചിരുന്നു. ഈ ചിത്രത്തിലെ കഥാപാത്രമാകാനായി സംവൃത അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത് നന്നായെന്നും ബിജുമേനോന്‍ പറഞ്ഞു.
അതേസമയം, സിനിമകളില്‍ നിന്നു മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാര്‍ശയെക്കുറിച്ചു സിനിമാ മേഖല കൂട്ടായി ആലോചിച്ചു നിലപാടെടുക്കണമെന്നു ബിജു മേനോന്‍ പറഞ്ഞു. ഈ ശുപാര്‍ശ നടപ്പായാല്‍ ഭക്തിപ്പടങ്ങള്‍ മാത്രം എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.