“ഞാന്‍ തീവ്രവാദിയല്ല, എന്നെ അങ്ങനെ വിളിക്കരുത്” - ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സഞ്ജയ് ദത്ത് നിലത്ത് ചുംബിച്ചു, ദേശീയ പതാകയെ സല്യൂട്ട് ചെയ്തു, ഭാര്യയ്ക്ക് 440 രൂപ നല്‍കി!

വ്യാഴം, 25 ഫെബ്രുവരി 2016 (17:26 IST)
1993ലെ മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷയനുഭവിച്ചുവരികയായിരുന്ന ഹിന്ദി സിനിമാതാരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദത്ത് നിലത്ത് ചുംബിച്ചു. ദേശീയ പതാകയെ നോക്കി സല്യൂട്ട് ചെയ്തു.
 
താന്‍ തീവ്രവാദിയല്ലെന്നും തന്നെ അങ്ങനെ വിളിക്കരുതെന്നും ബോളിവുഡിന്‍റെ സഞ്ജുബാബ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു. ഞാന്‍ ശിക്ഷിക്കപ്പെട്ടത് ആയുധ നിരോധന നിയമപ്രകാരമാണ്, തീവ്രവാദിയായല്ല. മുംബൈ സ്ഫോടനക്കേസിലെ പ്രതിയെന്നോ തീവ്രവാദിയെന്നോ ദയവുചെയ്ത് എന്നെ വിളിക്കരുത് - സഞ്ജയ് ദത്ത് പറഞ്ഞു.
 
കഴിഞ്ഞ 23 വര്‍ഷമായി താന്‍ ഈ സ്വാതന്ത്ര്യത്തിനായി കാത്തിരിക്കുകയായിരുന്നു എന്നും സഞ്ജയ് ദത്ത് വ്യക്തമാക്കി. താന്‍ തീവ്രവാദിയല്ലെന്ന വിധി കേള്‍ക്കാന്‍ തന്‍റെ പിതാവില്ലാതെ പോയത് വിഷമിപ്പിക്കുന്നതായും ദത്ത് പറഞ്ഞു.
 
42 മാസത്തെ ജയില്‍ വാസത്തിന് ശേഷം നല്ലനടപ്പ് പരിഗണിച്ചാണ് സഞ്ജയ് ദത്തിന് ശിക്ഷായിളവ് ലഭിച്ചത്. മൂന്നുമാസത്തെ ഇളവില്‍ വ്യാഴാഴ്ച രാവിലെയാണ് യര്‍വാദ ജയിലില്‍ നിന്ന് സഞ്ജുബാബ മോചിതനായത്. ജയിലില്‍ നിന്ന് സമ്പാദിച്ച 440 രൂപ സഞ്ജയ് ദത്ത് ഭാര്യ മാന്യതയെ ഏല്‍പ്പിച്ചു. പിന്നീട് ഭാര്യയ്ക്കൊപ്പം മുംബൈ സിദ്ദിവിനായക ക്ഷേത്രം സന്ദര്‍ശിച്ചു.

വെബ്ദുനിയ വായിക്കുക