ഷാംദത്ത് - പ്രശസ്ത ഛായാഗ്രഹകന്‍, മലയാളത്തിലും അറബിക്കിലും തെലുങ്കിലുമായി 23 ചിത്രങ്ങള്‍. ഇപ്പോള്‍ കമല്‍ഹാസന്റെ വിശ്വരൂപം-2ന്‍റെ ഷൂട്ടിംഗ് തിരക്കില്‍. മലയാളത്തില്‍ ആര്‍ട്ടിസ്റ്റ്, ഋതു, ടൈഗര്‍, പ്രമാണി, വെനീസിലെ വ്യാപാരി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി ഒരു പിടി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. തെലുങ്കില്‍ പ്രസ്ഥാനം, അവക്കായ് ബിരിയാണി, സാഹസം എന്നിവ ശ്രദ്ധേയ ചിത്രങ്ങള്‍. ഷാംദത്ത് ഛായാഗ്രഹണം നിര്‍വഹിച്ച ബഹ്‌റിനിലെ ആദ്യ സിനിമയായ എ ബഹ്‌റനി ടെയില്‍ ലോകസിനിമയില്‍ തന്നെ ചര്‍ച്ചാവിഷയമായി. സിനിമയെയും ജീവിതത്തെയും കുറിച്ച് ഷാംദത്ത് വെബ്ദുനിയയുമായി പങ്കുവെക്കുന്നു
PRO
PRO
സിനിമ എന്നും സാധാരണക്കാരനെ ഭ്രമിപ്പിക്കുന്ന ഒരു മായികലോകമാണ്. തനിയ്ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഒരു സ്വപ്നഭൂമിയെ കാണാനും വീരപരിവേഷമുള്ള നായകരെയൊക്കെ വെള്ളിത്തിരയില്‍ കണ്ട് കൈയടിക്കാനും ആസ്വാദകരെത്തുന്നതും അതുകൊണ്ട് തന്നെ. ഇവരില്‍ ഒരു വിഭാഗം സിനിമയുടെ ഭാഗമാകും. മറ്റു ചിലര്‍ കടുത്ത ചലച്ചിത്ര ആസ്വാദകരായി മറ്റു വഴികള്‍ തേടിപ്പോകും. ഇതില്‍ ആദ്യം പറഞ്ഞ കൂട്ടര്‍ ന്യൂനപക്ഷമാണ്. പക്ഷേ, അവര്‍ അവരുടെ ജീവിതത്തിന്‍റെ ആഗ്രഹത്തോട് ഏറെ അടുത്തവരാണ്. അങ്ങനെയുള്ളവരുടെ ജീവിതം അടുത്തറിയുക തന്നെ വളരെ രസകരമാണ്. അങ്ങനെയൊരു അനുഭവമായിരുന്നു ഷാംദത്ത് എന്ന ഛായാഗ്രഹകനൊപ്പം ചെലവഴിച്ച കുറച്ച് മണിക്കൂറുകള്‍.
ചെന്നൈയിലെ ആള്‍വാര്‍പേട്ടില്‍ ഷാംദത്തിനെ കാണാനെത്തുമ്പോള്‍ കമല്‍ഹാസന്റെ വിശ്വരൂപം - 2ന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം. ചലച്ചിത്ര ലോകത്തിന്റെ ആര്‍ഭാടത്തിന്റെ അഹങ്കാരം കുറെച്ചെങ്കിലും ഞാന്‍ പ്രതീക്ഷിച്ചിരുന്നു എങ്കിലും ഷാംദത്തിന്റെ ലാളിത്യവും ഹൃദയം തുറന്ന പറച്ചിലുകളും ആ ധാരണ തകര്‍ത്തു. ജീവിതത്തിന്റെ ഭൂതകാലത്തെക്കുറിച്ച് പൊലിപ്പിച്ചു പറയുന്നവരില്‍നിന്നും വിഭിന്നമായി ഷാംദത്തിന്റെ കഴിഞ്ഞകാലത്തിന് കഷ്ട്പ്പാടിന്‍റെ ഏടുകളും സാധാരണക്കാരന്റെ സ്വപ്നവുമുണ്ട്.
ഒരു തനി നാട്ടിന്‍പുറത്തുകാരന്‍, സിനിമയോ സിനിമോട്ടോഗ്രഫിയോ ഒരു വിദൂരസ്വപ്നമായിപ്പോലും മനസില്‍ കാണാത്ത ഒരാള്‍. കമല്‍ഹാസന്‍ സിനിമകള്‍ കണ്ടു വളര്‍ന്ന്, ആരാധനയോടെ പോസ്റ്ററുകള്‍ നോക്കി നടന്ന കുട്ടിക്കാലത്തുനിന്ന്, അദ്ദേഹത്തിന്റെ ഒരു സിനിമ ഒരുക്കുന്ന നിലയിലേക്ക് ഷാംദത്ത് എന്ന മലയാളി എത്തി നില്‍ക്കുമ്പോള്‍ മലയാളത്തിനും അഭിമാനിക്കാം. കാരണം കമല്‍ഹാസന്‍ എന്ന അതുല്യപ്രതിഭയുടെ ഓരോ സിനിമകളെയും ആകാംക്ഷയോടെയാണ് ലോകസിനിമ തന്നെ നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ അത്രയധികം രഹസ്യാത്മകമായിട്ടാവും കമല്‍ഹാസന്‍ സിനിമകളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും.
അടുത്ത പേജില്‍ : ‘കമല്‍ഹാസന്‍- സിനിമയുടെ എന്‍സൈക്ലോപീഡിയ‘
PRO
PRO
വിശ്വരൂപം 2 എന്ന സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ കലാകാരന്മാരാണ്. അതില്‍ മലയാളി സാന്നിധ്യമായി ക്യാമറ ചലിപ്പിക്കാന്‍ ഷാംദത്തും. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന സാക്ഷാല്‍ ഉലകനായകന് വേണ്ടി. ശ്യാമപ്രസാദിന്‍റെ ആര്‍ട്ടിസ്റ്റിന്റെ ഷൂട്ടിംഗിനുശേഷമാണ് കമല്‍ഹാസന്‍ സിനിമയുടെ അണിയറയിലേക്ക് എത്തുന്നത്. ആര്‍ട്ടിസ്റ്റില്‍ ആസ്വാദകനെ ജീവിതം അനുഭവിപ്പിക്കുന്ന ‘അദൃശ്യ’സാന്നിധ്യമായിരുന്നു ഷാമിന്റെ ക്യാമറയെങ്കില്‍ കമല്‍ പടത്തില്‍ പ്രത്യക്ഷ സാന്നിധ്യമാണ്. കാരണം രണ്ടുതരം കഥനരീതി ആവശ്യപ്പെടുന്നു ഈ സിനിമകള്‍. സ്വാഭാവികമായും ചോദ്യങ്ങളിലേക്ക് കടക്കുമ്പോള്‍ കമല്‍ഹാസന്‍ സിനിമയില്‍ നിന്നു തന്നെയായിരുന്നു തുടക്കം. ഷാമിന്‍റെ വാക്കുകളിലേക്ക്...
“ഒറ്റവാക്കില്‍ സിനിമയുടെ എന്‍സൈക്ലോപീഡിയയാണ് കമല്‍ഹാസന്‍. സിനിമ മാത്രമല്ല ലോകത്തിന്‍റെ ഏതു കോണിലെ എന്തു കാര്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവാണ്. കഥയും കവിതയും അഭിനയവും പാട്ടും നൃത്തവുമെല്ലാം ഒരുപോലെ വഴങ്ങും. തന്‍റെ സിനിമ എങ്ങനെ വെള്ളിത്തിരയില്‍ കാണണമെന്ന് വ്യക്തമായ ബോധമുള്ള സംവിധായകന്‍. ഛായാഗ്രഹണത്തെ എഡിറ്റിംഗുമായി സംയോജിപ്പിക്കുമ്പോള്‍ എന്തെല്ലാം ഉള്‍ക്കൊള്ളണമെന്ന തിരിച്ചറിവ്. അച്ചടക്കമുള്ള നിര്‍മാതാവ്, അങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ്. തികഞ്ഞ ഹോംവര്‍ക്കോടുകൂടിയാണ് സിനിമയുടെ ഓരോ ഘട്ടവും കടന്നുപോകുന്നത്. ഒരേ സമയം വര്‍ക്‌ഹോളിക്കും ഫ്രണ്ട്‌ലിയുമാണ്. ഒരാളെയും ടെന്‍ഷന്‍ അടിപ്പിക്കില്ല.
ഒഴിവുസമയങ്ങളില്‍ എല്ലാവരുടെയും ചങ്ങാതിയാണ്. കൂടെയുള്ളവര്‍ക്ക് തന്‍റെ അനുഭവജ്ഞാനം പകര്‍ന്നു നല്കും. കൂടുതല്‍ സംസാരവും സിനിമയെക്കുറിച്ച് തന്നെ. ചിലപ്പോള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതകള്‍ ഈണത്തില്‍ ചൊല്ലും. അര്‍ത്ഥം പറയും. ഇതെല്ലാം കേട്ടിരിക്കുമ്പോള്‍ ഞാനോര്‍ക്കും, ചുവരുകളില്‍ കമല്‍ഹാസന്‍റെ ചിത്രങ്ങള്‍ ഒട്ടിച്ചുനടന്നിരുന്ന കുട്ടിക്കാലത്ത് കടുത്ത ആരാധനയാണ് കമല്‍ഹാസനോട്. പക്ഷേ, കാലം എനിയ്ക്കായി കരുതിവെച്ചത് സിനിമയായിരുന്നുവെന്ന് അന്ന് എനിക്കറിയില്ലായിരുന്നു”.
അടുത്ത പേജില്‍: ജീവിതത്തില്‍ അച്ഛനാണ് ഹീറോ
PRO
PRO
അന്നും ഇന്നും ജീവിതത്തില്‍ എനിക്ക് ഒരു ഹീറോയുണ്ട്, എന്‍റെ പിതാവ് സൈനുദ്ദീന്‍. 60ലേറെ നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത സൈനുദ്ദീന്‍ മുണ്ടക്കയം എന്ന എന്‍റെ പിതാവിന് എന്നും മനസില്‍ ഒരു നായകപരിവേഷം തന്നെയുണ്ട്. ഏതൊരു മകനെയും പോലെ ഒരു സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്ന റോള്‍ മോഡല്‍. ഞാന്‍ ജനിച്ചു വളര്‍ന്ന പാലക്കാട് കേന്ദ്രീകരിച്ച് പാലക്കാട് തൃപ്തി ആര്‍ട്സ് പാലക്കാട് (ടാപ്പ്’) എന്ന പേരിലുള്ള കലാസംഘടനയുടെ ലേബലിലായിരുന്നു അച്ഛനടക്കമുള്ള ഒരുകൂട്ടം കലാകാരന്മാര്‍ നാടകം കളിച്ചിരുന്നത്. അച്ഛനും അമ്മയും ഒരുമിച്ച് നാടകത്തില്‍ വേഷമിടുമായിരുന്നു. കലയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവരായിരുന്നില്ല അവര്‍. പകരം ജീവിതത്തില്‍ കലയെ ഗൗരവമായി കാണുകയും ചിന്തിക്കുകയും ചെയ്യുന്ന രണ്ടുപേര്‍.
അതേസമയം അധ്യാപകവൃത്തിയെ പ്രൊഫഷനായി കാണുകയും കുട്ടികളെ നേര്‍വഴിക്ക് നയിക്കുകയും ചെയ്യുന്ന മാര്‍ഗദീപങ്ങള്‍. സ്കൂളില്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്ന ഇരുവര്‍ക്കും സ്വന്തം മകനെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാവുക സാധാരണം. എന്നാല്‍ അവരുടെ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു എന്‍റെ വളര്‍ച്ച.
കലാപരമായ കഴിവുകളും ചിന്തകളും പകര്‍ന്നുനല്‍കിയത് അവരുടെ ജെനറ്റിക് കോഡാണെങ്കിലും പഠനപരമായി നോക്കിയാല്‍ ഏറെ പിന്നാക്കമായിരുന്നു ഞാന്‍. നീ പഠിക്കാതെ നടന്നാല്‍ എന്തു ചെയ്യുമെന്ന് അച്ഛന്‍ ചോദിക്കുമ്പോള്‍, ഇതെല്ലാം ഞാന്‍ എന്തിന് പഠിക്കണമെന്നായിരുന്നു എന്റെ മനസില്‍. ഇതിനെല്ലാം ഇടയില്‍ കലയോട് ഒരു തരം അഭിനിവേശം മനസില്‍ വളര്‍ന്നിരുന്നു. അച്ഛന്‍ നാടകങ്ങള്‍ എഴുതുന്നു, റിഹേഴ്സല്‍ ക്യാമ്പ് വീട്ടില്‍ നടക്കുന്നു, അഭിനയിക്കുന്നു. ഇതെല്ലാം മനസില്‍ കയറിക്കൂടിയിരുന്നു. സ്കൂള്‍ കാലഘട്ടത്തില്‍ നാടകത്തിലും മോണോ ആക്ടിലും മത്സരിച്ചതും ജില്ലാതലത്തില്‍ നിരവധി തവണ ഒന്നാം സ്ഥാനത്തെത്തിയതും ബെസ്റ്റ് ആക്ടറായതുമെല്ലാം ഈ ഊര്‍ജത്തില്‍ നിന്നായിരുന്നു. എന്നാല്‍ ജീവിതത്തില്‍ ആരായിത്തീരണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
പഠനത്തില്‍ ഉഴപ്പിയതോടെ വീട്ടുകാരുടെ സമ്മര്‍ദ്ദമേറി. ഒരു നിര്‍ണായക ഘട്ടത്തില്‍ ഞാനൊരു തീരുമാനമെടുത്തു. നാടു വിടുക! (തുടരും...)