മോളിവുഡ് മുതല്‍ ബോളിവുഡ് വരെ; സിനിമയുടെ പാഠശാലയില്‍!- വിശ്വരൂപം 2 ന്റെ ഛായാഗ്രഹകന്‍ ഷാം‌ദത്തുമായുള്ള സംഭാഷണം അവസാനഭാഗം

തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (20:27 IST)
PRO
PRO
"സിനിമോട്ടോഗ്രാഫി എന്നത് ആര്‍ക്കും പഠിപ്പിച്ചു തരാന്‍ പറ്റുന്ന ഒന്നല്ല. അത് ഉള്ളിന്റെ ഉള്ളില്‍ നിന്ന് ഉണ്ടാവേണ്ടതാണ്. ചിത്രരചനയും മറ്റും ആര്‍ക്കും പഠിപ്പിച്ചു തരാനാവില്ലല്ലോ? അതുപോലെ. നിങ്ങള്‍ക്ക് വലിയ സെറ്റുകളില്‍ വര്‍ക്ക് ചെയ്ത് അതില്‍നിന്ന് അനുഭവവും പരിചയവുമുണ്ടാക്കാം. അതിലൂടെ നിങ്ങള്‍ക്ക് ഒരു ക്യാമറാമാനാകാം. അല്ലെങ്കില്‍ അസിസ്റ്റന്റായി എന്നും തുടരും" എന്റെ ഗുരുനാഥനായ രവി കെ ചന്ദ്രന്‍ ആദ്യം എന്നോട് പറഞ്ഞ വാക്കുകളാണിത്. ശരിക്കും എല്ലാ അര്‍ഥത്തിലും ഒരു ഗുരുനാഥനാണ് അദ്ദേഹം. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ബ്രില്യന്റായ ക്യാമറാമാന്‍. തെറ്റുകള്‍ കണ്ടാല്‍ അതു ചൂണ്ടിക്കാണിക്കും. അസിസ്റ്റന്റുമാരാണെങ്കിലും നൂറു ശതമാനം പ്രൊഫഷണല്‍ ആയിരിയ്ക്കണമെന്ന് നിര്‍ബന്ധമുള്ളയാള്‍. ഓരോ സിനിമയും ഓരോ രീതിയിലാവണം. ഒരു ക്യാമറാമാന്റെ തന്നെ വിവിധ സിനിമകളില്‍ ഒരേ ഫ്രെയിമുകള്‍ ഉണ്ടാവരുതെന്നതാണ് നിഷ്ഠ. ഒരു സിനിമ കാണുമ്പോള്‍ ഒരിക്കലും ക്യാമറാമാന്‍ ആരെന്ന് തിരിച്ചറിയാനാവാത്തവിധം വൈവിധ്യം നിറഞ്ഞതായിരിയ്ക്കണം ഛായാഗ്രഹണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു.

പരന്ന വായനയുള്ളയാള്‍. ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള ലോകത്തിന്റെ ഏതു കോണുകളില്‍നിന്നുള്ള ജേര്‍ണലുകളും മാഗസിനുകളും റഫറന്‍സ് നടത്തി അതിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നുള്ള വ്യക്തമായ ഉള്‍ക്കാഴ്ചയും അദ്ദേഹത്തിനുണ്ട്. കണ്ടു കൊണ്ടേന്‍ മുതല്‍ ദില്‍ ചാഹ്താ ഹേ വരെ ആറു സിനിമകളിലും നാല്‍പ്പതോളം പരസ്യചിത്രങ്ങളിലും അദ്ദേഹത്തെ അസിസ്റ്റ് ചെയ്തു. ഓരോ സിനിമയ്ക്കും ഓരോ കളര്‍ പാറ്റേണും ലൈറ്റിംഗുമാണ് ഉപയോഗിക്കുന്നത്. അത് സിനിമയുടെ കഥയ്ക്ക് യോജിക്കുന്ന രീതിയിലുള്ളവയായിരിയ്ക്കും. തന്റെ സിനിമകള്‍ക്ക് ലോകോത്തര നിലവാരം ഉണ്ടായിരിയ്ക്കണം, അതിന് വിട്ടുവീഴ്ചകള്‍ പാടില്ലായെന്നതാണ് നയം. തന്റെ കൂടെയുള്ളവരും അങ്ങനെയായിരിയ്ക്കണമെന്ന നിര്‍ബന്ധബുദ്ധിയും അദ്ദേഹത്തിനുണ്ട്.

നമ്മള്‍ പെര്‍ഫെക്ടായിരുന്നാല്‍ നൂറു ശതമാനം നമ്മുടെ സുഹൃത്താണ്. അദ്ദേഹത്തോടൊപ്പമുള്ള ആദ്യ സിനിമ 'കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍' ഒരു അനുഭവമായിരുന്നു. സിനിമാട്ടോഗ്രാഫിയില്‍ അതുല്യരായ രണ്ടു പ്രതിഭകളുടെ സംഗമമായിരുന്നു ആ സിനിമ, രാജീവ് മേനോനും രവി കെ ചന്ദ്രനും. രാജീവ് സാറാണെങ്കിലും വളരെ സൗഹൃദമുള്ളയാളാണ്. കൂടെയുള്ളവരെ നന്നായി പ്രോത്സാഹിപ്പിക്കും. ഇരുവരും എന്നോട് വാത്സല്യം കാട്ടിയിരുന്നു.

അടുത്ത പേജില്‍: പ്രിയദര്‍ശനൊപ്പം തുടക്കം; സിനിമാട്ടോഗ്രാഫിയുടെ പുതുലോകത്ത്


PRO
PRO
രവി കെ ചന്ദ്രന്‍ സാറിന്റെ സെറ്റിലേക്ക് ഞാന്‍ എത്തുന്നത് തികച്ചും യാദൃശ്ചികമായാണ്. പരസ്യചിത്ര സംവിധായകനായ ജബ്ബാര്‍ കല്ലറയ്ക്കലാണ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. ഒരു ഇന്റര്‍വ്യൂ ഷൂട്ടിനിടെയാണ് ജബ്ബാര്‍ കല്ലറയ്ക്കലിനെ പരിചയപ്പെടുന്നത്. അപ്പോള്‍ ഞാന്‍ ചെയ്ത ഷോര്‍ട്ട് ഫിലിം ഒന്നു കാണുന്നോയെന്ന് ചോദിച്ചു. അങ്ങനെ ഷോര്‍ട്ട് ഫിലിം കണ്ടു കഴിഞ്ഞപ്പോള്‍ ആരുടെ അസിസ്റ്റന്റായാണ് വര്‍ക്ക് ചെയ്തിട്ടുള്ളത് ? എന്താണ് ഭാവി പരിപാടിയെന്ന് അദ്ദേഹം ചോദിച്ചു. സാര്‍ ആഡൊക്കെ തന്നാല്‍ ചെയ്യാമെന്നായിരുന്നു എന്റെ ഉത്തരം. താന്‍ ഒരു വലിയ ക്യാമറാമാനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെ ജബ്ബാര്‍ കല്ലറയ്ക്കലിന്റെ പുതിയ പരസ്യചിത്രത്തിന്റെ ഷൂട്ട് ഒരു സോംഗായി കട്ട് ചെയ്തെടുക്കാനുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ അവസരം ലഭിച്ചു. പരസ്യചിത്രത്തിന്റെ ക്യാമറാമാന്‍ രവി കെ ചന്ദ്രന്‍ സാറായിരുന്നു. അദ്ദേഹത്തോട് ജബ്ബാര്‍ എന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ ചെന്നൈയിലെ വീട്ടിലെത്താന്‍ പറഞ്ഞു, കൂടെ ചെയ്ത വര്‍ക്കുകള്‍ കാട്ടാനും. അങ്ങനെയാണ് അദ്ദേഹത്തിന്റെ ടീമിനൊപ്പമെത്തുന്നത്. ആ ടീമിനൊപ്പമുള്ള അനുഭവം ശരിയ്ക്കും എന്റെ സിനിമാ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത റെയ്നോള്‍ഡ്സിന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു തുടക്കം.

കാരണം സിനിമാട്ടോഗ്രാഫിയിലെ അത്യാധുനികമായ കാര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയത് അവിടെ നിന്നാണ്. ഒരു പുതിയ ഷൂട്ടിംഗ് എക്യുപ്‌മെന്റിനെക്കുറിച്ച് അറിഞ്ഞാല്‍ അതെപ്പറ്റി പഠിക്കാന്‍ പറയും. ഷൂട്ടിന്റെ ലൈറ്റിംഗ് ആംഗിളുകള്‍, പാറ്റേണ്‍ ഇവയെല്ലാം വരപ്പിക്കും. അവ പിന്നീട് തീയേറ്ററില്‍ കാണുമ്പോള്‍ അതെപ്പറ്റി നമ്മള്‍ കൂടുതല്‍ ബോധവനാകും. അദ്ദേഹത്തോടൊപ്പമുള്ള രണ്ടാമത്തെ സിനിമയായ സ്നിപ് മുതല്‍ തന്നെ ക്യാമറ ഷൂട്ട് ചെയ്യാന്‍ തരുമായിരുന്നു. അതൊരു വ്യത്യസ്തമായ അനുഭവമാണ്. ഡിജിറ്റല്‍ യുഗത്തില്‍ എല്ലാം എളുപ്പമാണെങ്കില്‍ മൂവി ക്യാമറയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അതില്‍ ഷൂട്ടിംഗ് മോഡും എല്ലാം മാനുവലായി സെറ്റ് ചെയ്യണം. അതിനൊരു വഴക്കം ആവശ്യമാണ്. അതിനാണ് ക്യാമറയുമായി കൂടുതല്‍ ഇടപഴകാന്‍ പറയുന്നത്. ഇന്ത്യന്‍ സിനിമയുടെ ലോകമെന്തെന്ന് കാട്ടിത്തന്നത് ഈ അനുഭവങ്ങളാണ്. ഇപ്പോഴും വലിയ സെറ്റുകളില്‍ ചെല്ലുമ്പോള്‍ പതറാതെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് അനുഭവങ്ങളുടെ ഈ പിന്‍ബലം മൂലമാണ്.

ബോളിവുഡിന്റെ ലോകം വേറൊന്നാണ്. അവിടെ അച്ചടക്കത്തിലും കൂട്ടായ്മയിലുമാണ് ഷൂട്ടിംഗ് മുന്നോട്ട് പോകുന്നത്. ക്യാമറാമാനു പോലും ഐഡന്റിറ്റി കാര്‍ഡുണ്ടാകും. സെറ്റില്‍ കാര്‍ഡില്ലാതെ ആരെയും പ്രവേശിപ്പിക്കില്ല. പക്ഷേ സെറ്റില്‍ എല്ലാവരും ഒന്നാണ്. ഭക്ഷണം കഴിക്കുന്നതും അങ്ങനെ തന്നെ. അമീര്‍ ഖാനും സെയ്ഫ് അലി ഖാനുമൊക്കെ ഭക്ഷണം കഴിക്കാന്‍ ലൈറ്റ് ബോയ്സിനൊപ്പം ക്യൂ നില്‍ക്കും. ബോളിവുഡിലെ സിനിമകളെല്ലാം മുന്‍‌കൂട്ടി ആസൂത്രണം ചെയ്താണ് ഷൂട്ടിംഗ് തുടങ്ങുക. അതുകൊണ്ട് തന്നെ ജോലിക്കിടെ ഒന്നിനെക്കുറിച്ചും ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല. ഫ്രീയായി വര്‍ക്ക് ചെയ്യാനാകും. സംവിധായകന്‍ ഫര്‍ഹാന്‍ അക്തറും ഒരു പ്രത്യേക വ്യക്തിത്വമാണ്. ഷൂട്ടിനിടെ അധികം സംസാരിക്കില്ല. എപ്പോഴും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനെപ്പറ്റി ചിന്തിക്കുന്നയാള്‍.

സിനിമയെക്കുറിച്ചുള്ള സംഭാഷണം നീളുകയാണ്. അനുഭവങ്ങള്‍ കേട്ടപ്പോള്‍ ചോദ്യങ്ങളുടെ എണ്ണവും കൂടിയതാവാം. വ്യത്യസ്ത ഭാഷകള്‍, വ്യത്യസ്ത സിനിമകള്‍, വ്യത്യസ്ത അനുഭവങ്ങള്‍ സിനിമ തന്നതെന്താണ്, പഠിപ്പിച്ചതെന്താണ്? മറുപടിക്കായി കാത്തുനില്‍ക്കേണ്ടി വന്നില്ല.

അടുത്ത പേജില്‍: അറിയാവുന്നത് സിനിമ മാത്രം; ജീവിക്കാനാഗ്രഹിക്കുന്നതും


PRO
PRO
ദില്‍ ചാഹ്ത്താഹേയുടെ സെറ്റില്‍ നിന്ന് ഞാനെത്തുന്നത് 3ഡി മാക്സ് മീഡിയ എന്ന വിദേശ പ്രൊഡക്ഷന്‍ ടീമിനൊപ്പമാണ്. അതിനുശേഷം കല്‍ക്കട്ട മെയില്‍ എന്ന സിനിമയില്‍ അസിസ്റ്റ് ചെയ്യുന്നതിനിടെയാണ് ആദ്യ സിനിമയായ പ്രേമായനമഹ എന്ന തെലുങ്ക് പടം ചെയ്യാന്‍ പോകുന്നത്. ന്യൂയോര്‍ക്കിലും ഡെട്രോയ്റ്റിലുമായിരുന്നു ഷൂട്ടിംഗ്. അവിടെ നിന്നാണ് കൃത്യം എന്ന എന്റെ ആദ്യ മലയാളസിനിമ ചെയ്യാന്‍ വരുന്നത്. അതിനുശേഷം ഷാജി കൈലാസിന്റെ ടൈഗര്‍, വര്‍ഗം, ഋതു, ഐജി, പ്രമാണി, വെനീസിലെ വ്യാപാരി, മേരിക്കുട്ടിക്കുണ്ടൊരു കുഞ്ഞാട്, തേജാഭായ് തുടങ്ങി ആര്‍ട്ടിസ്റ്റ് വരെ എത്തിനില്‍ക്കുന്നു. ഇതിനിടെ കുറേയേറെ തെലുങ്ക് പടങ്ങള്‍. സാഹസം എന്ന തെലുങ്ക് ബിഗ് ബജറ്റ് ചിത്രത്തിനുശേഷമാണ് ഞാന്‍ ആര്‍ട്ടിസ്റ്റ് ചെയ്യാന്‍ വരുന്നത്. പക്ഷേ രണ്ടും രണ്ട് അനുഭവങ്ങളാണ്. തെലുങ്കില്‍ ഒരു ബിഗ് ബജ്റ്റ് പടത്തിന് 25 മുതല്‍ 50 കോടി വരെ മുടക്കുമ്പോള്‍ നമ്മുടെ സിനിമയിലെ ബിഗ് ബജറ്റ് പടം തീരുന്നത് അഞ്ചു കോടി രൂപയ്ക്കാണ്. കാരണം ഒരു തെലുങ്ക് പടം 1500 തീയേറ്ററിലൊക്കെ റിലീസ് ചെയ്യുമ്പോള്‍ നമ്മുടെ സിനിമയുടെ മാര്‍ക്കറ്റ് പരമാവധി 150 തീയേറ്ററില്‍ തീരുന്നു. തെലുങ്കില്‍ ആവശ്യമുള്ള എന്ത് ഉപകരണങ്ങളും നമ്മള്‍ക്ക് ആവശ്യപ്പെടാം. അങ്ങനെ ഫുള്‍ സെറ്റില്‍ വേണമെങ്കില്‍ ഷൂട്ട് നടത്താം. പക്ഷേ മലയാള സിനിമയില്‍ പരിമിതി അറിഞ്ഞു വേണം ജോലി ചെയ്യാന്‍. ഇപ്പോള്‍ അഞ്ചു കോടിയുടെ പടമാണെങ്കില്‍ അത് അമ്പത് കോടിയുടെ പകിട്ടുണ്ടാകണം സ്ക്രീനിലെത്തുമ്പോള്‍.

അത് ഒരു ക്യാമറാമാന്റെ കടമയാണ്. വ്യത്യസ്തമായ ലൈറ്റിംഗില്‍ കഥയ്ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുക. സാഹസം എന്ന സിനിമയില്‍ ക്യാമറ ഉണ്ട് എന്നത് പ്രേക്ഷകര്‍ക്കും മനസിലാകണം. എന്നാല്‍ ആര്‍ട്ടിസ്റ്റില്‍ ക്യാമറ ഉണ്ടെന്ന ധാരണപോലും പ്രേക്ഷകനുണ്ടാവാതെ നോക്കേണ്ടത് ഛായാഗ്രഹകനാണ്. ഇതിലെല്ലാം ഉപരി സിനിമയെന്നത് ഒരു കൂട്ടായ്മയാണ്. സൗഹൃദങ്ങളുടെ കൂട്ടായ്മ. അങ്ങനെയുള്ള കൂട്ടായ്മകളിലാണ് നല്ല സിനിമകള്‍ ഉണ്ടാകുന്നത്. അവിടെ നായകനെന്നോ നിര്‍മാതാവെന്നോ ക്യാമറാമാനെന്നോ ഉള്ള വ്യത്യാസമില്ല. ഒരു ഷൂട്ടിംഗ് ലൊക്കെഷനില്‍ എന്തു ജോലിയും ചെയ്യാനുള്ള മനസ്. അതില്‍ നിന്നൊക്കെയാണ് തീര്‍ച്ചയായും നല്ല നല്ല സൗഹൃദങ്ങളും സിനിമകളുമുണ്ടാകുന്നത്. സിനിമ എന്നെ പഠിപ്പിച്ചതും ഇതൊക്കെ തന്നെയാണ്. കാരണം സിനിമയല്ലാതെ മറ്റൊന്നും എനിക്ക് അറിയില്ല.

ഷാംദത്ത് പറഞ്ഞുനിര്‍ത്തി. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ ഇത്തിരിനേരത്തെ സംഭാഷണശകലങ്ങള്‍. അതില്‍ കുറേയേറെ അനുഭവങ്ങള്‍. സിനിമയെക്കുറിച്ചുള്ള അറിവുകള്‍. ഒത്തിരി സ്വപ്നങ്ങള്‍. അവയില്‍ സെല്ലുലോയ്ഡില്‍ പതിയേണ്ടവ ഏറെയാണ്. ക്യാമറക്കണ്ണിലൂടെ നോക്കുമ്പോള്‍ കാണുന്ന ലോകത്തെ വൈവിധ്യമാര്‍ന്നതാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്നതാണ് ഛായാഗ്രഹകന്റെ കടമയും ധര്‍മ്മവും. അതില്‍ ജീവിതവും സ്വപ്നങ്ങളുണ്ട്. കമല്‍ഹാസന്റെ വിശ്വരൂപം 2ന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ തുടരുകയാണ്. ഷാംദത്ത് എന്ന ഛായാഗ്രഹകന്റെ പ്രയാണവും...

വെബ്ദുനിയ വായിക്കുക