മേരിക്കുണ്ടൊരു കുഞ്ഞാട് കഴിഞ്ഞു, ഇനി നാടോടികള്‍!

ബുധന്‍, 6 ജൂണ്‍ 2012 (18:19 IST)
PRO
പ്രിയദര്‍ശന്‍ ഹിന്ദിയില്‍ തന്‍റെ പത്തൊമ്പതാം റീമേക്ക് ചിത്രത്തിന്‍റെ ആലോചനയിലാണ്. തമിഴ് സൂപ്പര്‍ഹിറ്റ് ‘നാടോടികള്‍’ ആണ് ഇത്തവണ പ്രിയന്‍ റീമേക്ക് ചെയ്യുന്നത്. പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പ്രിയന്‍ നാടോടികള്‍ ഹിന്ദിയിലേക്ക് എത്തിക്കുന്നത്.

ഇപ്പോള്‍ ‘മലാമല്‍ വീക്‍ലി 2’ എന്ന ചിത്രത്തിന്‍റെ പോസ്റ്റ്പ്രൊഡക്ഷന്‍ തിരക്കിലാണ് പ്രിയദര്‍ശന്‍. മലയാളത്തിലെ മെഗാഹിറ്റ് ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ ആണ് പ്രിയന്‍ മലാമല്‍ വീക്‍ലിയുടെ രണ്ടാം ഭാഗമായി അണിയിച്ചൊരുക്കുന്നത്. ഈ ചിത്രം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ജൂണ്‍ 30ന് നാടോടികള്‍ റീമേക്ക് ആരംഭിക്കും.

സന്തോഷ് ശിവനാണ് നാടോടികളില്‍ പ്രിയദര്‍ശന്‍റെ ക്യാമറാമാന്‍. ‘കാലാപാനി’ക്ക് ശേഷം പ്രിയദര്‍ശനും സന്തോഷ് ശിവനും ഒന്നിക്കുകയാണ്. “പ്രിയനുമൊത്ത് വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതില്‍ ഞാന്‍ എക്സൈറ്റഡാണ്. കഴിഞ്ഞ ഞങ്ങളുടെ ചിത്രം എനിക്ക് മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം നേടിത്തന്നിരുന്നു. നാടോടികളുടെ റീമേക്കിന്‍റെ കലാസംവിധാനം സാബു സിറിള്‍ ആണെന്നതും സന്തോഷം പകരുന്ന കാര്യമാണ്” - സന്തോഷ് ശിവന്‍ പറയുന്നു.

മുംബൈയിലും മൈസൂരിലുമായി നാടോടികള്‍ ചിത്രീകരിക്കാനാണ് പ്രിയന്‍ ഉദ്ദേശിക്കുന്നത്. ബില്ലു ബാര്‍ബര്‍ രചിച്ച മനിഷാ കൊര്‍ദെ ആണ് നാടോടികളുടെ ഹിന്ദിപ്പതിപ്പിന് തിരക്കഥ രചിക്കുന്നത്.

ഈ സിനിമയ്ക്ക് ശേഷം ഒക്ടോബറില്‍ മോഹന്‍ലാലിനെയും ദുല്‍ക്കര്‍ സല്‍മാനെയും നായകന്‍‌മാരാക്കി പ്രിയദര്‍ശന്‍ തന്‍റെ അടുത്ത മലയാളചിത്രം ആരംഭിക്കും.

വെബ്ദുനിയ വായിക്കുക