മണിച്ചിത്രത്താഴ് ഏത് പ്രാകൃതരീതിയിലെടുത്താലും ഹിറ്റാകും: ഫാസില്‍
വ്യാഴം, 19 ജൂണ്‍ 2014 (16:03 IST)
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലാണ് മണിച്ചിത്രത്താഴിന്‍റെ സ്ഥാനം. ഗംഗയ്ക്കും നാഗവല്ലിക്കും പകരം നില്‍ക്കുന്ന ഒരു സ്ത്രീ കഥാപാത്രം വേറെയില്ല. സണ്ണിയേക്കാള്‍ പ്രഗത്ഭനായ ഒരു സൈക്യാട്രിസ്റ്റും മലയാള സിനിമയ്ക്കില്ല. ഫാസില്‍ സംവിധാനം ചെയ്ത ആ സിനിമയെ വെല്ലുന്ന ഒരു എന്‍റര്‍ടെയ്നറും ഇന്ത്യന്‍ സിനിമയില്‍ തന്നെ അപൂര്‍വം.
മലയാളത്തില്‍ നിന്ന് മറ്റ് ഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ്. തമിഴിലും തെലുങ്കിലും ചന്ദ്രമുഖിയായും ഹിന്ദിയില്‍ ഫൂല്‍ ഭൂലയ്യയായും കന്നഡയില്‍ ആപ്തമിത്രയായും ബംഗാളിയില്‍ രാജ്മൊഹാലായും മണിച്ചിത്രത്താഴ് മാറി. എല്ലാ ഭാഷകളിലും ചിത്രം വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തു. രജനീകാന്തിന്‍റെ എക്കാലത്തെയും വലിയ ഹിറ്റെന്നാണ് ചന്ദ്രമുഖി അറിയപ്പെടുന്നത്.
മണിച്ചിത്രത്താഴിന്‍റെ റീമേക്കുകള്‍ വന്‍ വിജയമായതിന്‍റെ കാരണങ്ങളെപ്പറ്റി ഫാസില്‍ നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധിച്ചോ? "മണിച്ചിത്രത്താഴ് ഇന്ത്യയില്‍ ഏത് ഭാഷയിലും എത്ര പ്രാകൃതമായ രീതിയില്‍ എടുത്താലും വിജയിക്കും. കാരണം ഭ്രാന്ത് ആണ് ആ സിനിമയുടെ പ്രധാന ഘടകം. ഇന്ത്യയില്‍ എല്ലാ കോണിലും ആളുകള്‍ മാനസിക വിഭ്രാന്തിയുള്ളവരെ കണ്ടിട്ടുണ്ടാകും" - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫാസില്‍ പറയുന്നു.
മണിച്ചിത്രത്താഴിലെ സണ്ണി എന്ന കഥാപാത്രത്തെ മാത്രമെടുത്ത് പ്രിയദര്‍ശന്‍ പിന്നീട് 'ഗീതാഞ്ജലി' ഒരുക്കിയെങ്കിലും പരാജയമായിരുന്നു ഫലം.