ഫാന്‍സുകാര്‍ ഇത്ര മണ്ടന്‍‌മാരാണോ? - ശ്രീനിവാസന്‍ തുറന്നടിക്കുന്നു

വെള്ളി, 10 ഫെബ്രുവരി 2012 (17:49 IST)
PRO
‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരവെ വിവാദവിഷയങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്രീനിവാസന്‍ രംഗത്തെത്തി. ഇത് ഒരു കഥയാണ്, സിനിമയാണ് എന്ന് മനസിലാക്കാനുള്ള ബുദ്ധിപോലും ഫാന്‍സുകാര്‍ക്കില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. ഫാന്‍സുകാര്‍ ഇത്ര മണ്ടന്‍‌മാരാണോ എന്ന് അതിശയം കൊള്ളുന്നു.

“മോഹന്‍ലാലിനെ സ്നേഹിക്കുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് ഈ സിനിമ ഒരിക്കലും അദ്ദേഹത്തെ കളിയാക്കുന്നതാണെന്ന് തോന്നിയിട്ടില്ല. സ്വാര്‍ത്ഥ താല്‍‌പ്പര്യമുള്ളവര്‍ക്കാണ് അങ്ങനെ തോന്നുന്നത്. ഇതുവച്ച് മോഹന്‍ലാലിനെ പ്രകോപിപ്പിച്ച് ചൂഷണത്തിന്‍റെ പാതയില്‍ സഞ്ചരിക്കുകയാണ്. ഇങ്ങനെ കുറേ ആള്‍ക്കാരുണ്ട്” - ശ്രീനിവാസന്‍ പറയുന്നു.

“മോഹന്‍ലാലിനെ കളിയാക്കിയതുകൊണ്ടല്ല ചിലര്‍ക്ക് ധാര്‍മ്മിക രോഷമുണ്ടായതെന്ന് എനിക്ക് വ്യക്തമായി അറിയാം. സരോജ്കുമാറില്‍ പറഞ്ഞ കുറേ കാര്യങ്ങള്‍ ചിലരുടെ കച്ചോടത്തെ ബാധിക്കുന്ന കാര്യങ്ങളാവാം. അത്തരം ആളുകള്‍ക്ക് എന്നോട് ധാര്‍മ്മികരോഷം ഉണ്ടാകും. ഞാന്‍ ഉദ്ദേശിച്ചതും അതുതന്നെയാണ്” - ചിത്രഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറയുന്നു.

“ഞാന്‍ അവതരിപ്പിച്ച സരോജ്കുമാര്‍ എന്ന കഥാപാത്രം മോഹന്‍ലാലിനെ ഉദ്ദേശിച്ച് സൃഷ്ടിച്ചതല്ല. എന്നാല്‍ ഫാന്‍സുകാര്‍ തീരുമാനിക്കുകയാണ് അത് മോഹന്‍ലാലാണെന്ന്. ആരുപറഞ്ഞു അങ്ങനെ തീരുമാനിക്കാന്‍. ഞാന്‍ ഒരു കഥ പറയുകയാണ് ചെയ്തത്. ബ്ലാക്കിന് ടിക്കറ്റ് വിറ്റ് വെള്ളമടിയാണ് ഈ ഫാന്‍സുകാരുടെ പ്രധാന പരിപാടി. ഇത് ശരിയായ ഫാന്‍സല്ല. വ്യാജ ഫാന്‍സാണ്. ഒരു മാഫിയാസംഘം പോലെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്” - ശ്രീനിവാസന്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക