താനും പൃഥ്വിരാജും തമ്മില്‍ പ്രണയമൊന്നും ഇല്ലെന്നും പൃഥ്വി എന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും പ്രിയാമണി. തന്നെയും പ്രൃഥ്വിരാജിനെയും പറ്റി മാധ്യമങ്ങളില്‍ വരുന്നത് വെറും ഗോസിപ്പ് മാത്രമാണെന്നും പ്രിയാമണി പറഞ്ഞു. ചെന്നൈയില്‍, മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴാണ് പ്രിയാമണി മനസ് തുറന്നത്.
“ഞങ്ങള്‍ ആദ്യമായല്ല ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ‘നിനൈത്താലേ ഇനിക്കും’ എന്ന സിനിമയ്ക്ക് മുമ്പുതന്നെ ‘സത്യം’ എന്ന ഒരു മലയാള സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇപ്പോള്‍ മണിരത്നത്തിന്റെ ‘രാവണന്‍’ എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നു. മുമ്പൊന്നും ആരും പറയാതിരുന്ന ‘പ്രണയ ഗോസിപ്പ്’ ഇപ്പോള്‍ ഞങ്ങളെ പറ്റി പരക്കുന്നതിന് കാരണം മനസിലാകുന്നില്ല.”
“പൃഥിരാജിന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഭയങ്കര സന്തോഷവതിയാണ് എന്നൊക്കെ മാധ്യമങ്ങള്‍ എഴുതിവിടുന്നുണ്ട്. ഏകദേശം അഞ്ച് വര്‍ഷമായി ഞാനും പൃഥ്വിയും നല്ല സുഹൃത്തുക്കളാണ്. സുഹൃത്തിനോടൊപ്പം ഒരു സിനിമയില്‍ അഭിനയിക്കുന്നത് സന്തോഷം തരുന്ന കാര്യമല്ലേ? അതിനെ പറ്റിയൊക്കെ എന്തിനാണ് നിങ്ങള്‍ എഴുതുന്നത്?”
“ആദ്യമായിട്ടാണ് മണിരത്നം സാറിന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത്. പറഞ്ഞുതരുന്ന ഡയലോഗുകള്‍ വെറുതെ ഒരുവിട്ടാല്‍ പോര എന്ന അഭിപ്രായക്കാരനാണ് മണി സാര്‍. ഡയലോഗുകള്‍ക്കൊപ്പം വൈകാരികതയും ഒഴുകിവരണം എന്ന് മണി സാര്‍ എനിക്ക് പറഞ്ഞുതന്നു. മണി സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഒരവസരം ലഭിച്ചത് ഭാഗ്യമായി ഞാന്‍ കരുതുന്നു.”
“രാവണനില്‍ ഞാന്‍ ശൂര്‍പ്പണഖയായിട്ടാണോ അഭിനയിക്കുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. കഥാപാത്രത്തെ പറ്റി അഭിനേതാക്കള്‍ പുറത്ത് പറയരുത് എന്നാണ് മണി സാറിന്റെ ഓര്‍ഡര്‍. അതുകൊണ്ടുതന്നെ, കഥാപാത്രത്തെ പറ്റി ഞാനൊന്നും ഇപ്പോള്‍ പറയുന്നില്ല. നിങ്ങള്‍ തന്നെ കണ്ടുനോക്കൂ.”
“എന്റെ അഭിനയം വൈകാരിക തീവ്രത നിറഞ്ഞതാണെന്ന് പലരും പ്രശംസിക്കാറുണ്ട്. ചെറിയ വയസ് തൊട്ട് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയതാണ്. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടില്‍ എത്തിയാലും മനസില്‍ തോന്നുന്ന കഥാരംഗങ്ങള്‍ ഞാന്‍ അഭിനയിക്കാന്‍ ശ്രമിക്കും. ഈ പരിശീലനം എന്നെ നല്ലൊരു നടിയാക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് തോന്നുന്നു” - പ്രിയാമണി.
പ്രിയാമണി ഇങ്ങനെയൊക്കെ കൈകഴുകുന്നുണ്ടെങ്കിലും ചെന്നൈയിലെ റസ്റ്റോറന്റുകളിലും പബുകളിലും ഇരുവരെയും ഇടക്കിടെ കാണാമെന്ന് കോടമ്പാക്കം വൃത്തങ്ങള്‍ പറയുന്നു. ഒപ്പം അഭിനയിക്കുന്ന നായികനടിമാരെ ‘സുഹൃത്തുക്കള്‍’ ആക്കുന്നതില്‍ പൃഥ്വിരാജിനുള്ള കഴിവിനെ പറ്റിയും കോടമ്പാക്കം അടക്കം പറയുന്നുണ്ട്.