നയന്‍‌താരയാകാന്‍ ആഗ്രഹിച്ച് നിവിന്‍ പോളിയുടെ നായിക!

തിങ്കള്‍, 4 ജൂലൈ 2016 (20:43 IST)
ആക്ഷന്‍ ഹീറോ ബിജു എന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായിരുന്നു അനു ഇമ്മനുവല്‍. പടം വലിയ തരംഗമായപ്പോള്‍ നായികയും ശ്രദ്ധിക്കപ്പെട്ടു. ‘പൂക്കള്‍ പനിനീര്‍പൂക്കള്‍...’ എന്ന ഗാനരംഗത്തിന്‍റെ സൌന്ദര്യം അനു ഇമ്മാനുവലിന്‍റെ സാന്നിധ്യം കൂടിയാണ്.
 
ഈയിടെ ഒരു ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രത്തില്‍ നിന്ന് അനുവിനെ പുറത്താക്കിയെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും അനു സിനിമയില്‍ സജീവമാണ്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ ഒരുപോലെ സിനിമ ചെയ്യാനാണ് അനു ആഗ്രഹിക്കുന്നത്.
 
ഇക്കാര്യത്തില്‍ നയന്‍‌താരയാണ് അനു ഇമ്മാനുവലിന്‍റെ റോള്‍ മോഡല്‍. “ഞാന്‍ നയന്‍‌താരയെ വളരെ ഇഷ്ടപ്പെടുന്നു. അവരുടെ സിനിമകള്‍ ഒരിക്കലും ഒഴിവാക്കാറില്ല. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ ഒരു പോലെ നിലനില്‍ക്കാനുള്ള അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു. ഒരു നടി എന്ന നിലയില്‍ നയന്‍‌താരയെ പിന്തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്” - അനു ഇമ്മാനുവല്‍ വെളിപ്പെടുത്തുന്നു.
 
പഠനത്തിന് തല്‍ക്കാലം അവധി കൊടുത്ത് സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അനു ഇമ്മാനുവല്‍ ശ്രമിക്കുന്നത്. താന്‍ സെലക്ടീവല്ലെന്നും തന്നെ തേടിവരുന്ന അവസരങ്ങള്‍ ഏറ്റവും മികച്ചതാക്കാനാണ് ശ്രമിക്കുന്നതെന്നും അനു പറയുന്നു.

വെബ്ദുനിയ വായിക്കുക