ട്രാഫിക് തമിഴില്‍ നിര്‍മ്മിക്കുന്നത് കമലഹാസന്‍!

ബുധന്‍, 4 മെയ് 2011 (18:07 IST)
PRO
മലയാള സിനിമയുടെ ജാതകം മാറ്റിയെഴുതിയ ചിത്രമാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്. ഈ ഒറ്റച്ചിത്രത്തോടെ രാജേഷ് പിള്ളയുടെ ജാതകവും മാറുകയായിരുന്നു. ട്രാഫിക്ക് തമിഴിലും ഹിന്ദിയിലും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് രാജേഷ് ഇപ്പോള്‍.

സാക്ഷാല്‍ കമലഹാസനാണ് തമിഴില്‍ ട്രാഫിക് നിര്‍മ്മിക്കുന്നത്. രാജ്കമല്‍ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ നിര്‍മ്മിക്കുന്ന ട്രാഫിക്കില്‍ ഒരു പ്രധാന വേഷവും അദ്ദേഹം അവതരിപ്പിക്കുന്നു. മലയാളത്തില്‍ റഹ്‌മാന്‍ അവതരിപ്പിച്ച സൂപ്പര്‍സ്റ്റാറിന്‍റെ വേഷമാണ് തമിഴില്‍ കമലഹാസന്‍ ചെയ്യുന്നത്.

കമലഹാസന്‍ ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായതോടെ രാജേഷ് പിള്ള ഹാപ്പിയാണ്. ഒരു കോം‌പ്രമൈസിനും ഇടകൊടുക്കാതെ ചിത്രം പൂര്‍ത്തിയാക്കാനുള്ള ഭാഗ്യമാണ് അദ്ദേഹത്തിന് കൈവന്നിരിക്കുന്നത്.

“ട്രാഫിക് കണ്ടുകഴിഞ്ഞ ഉടന്‍ ഈ ചിത്രം തമിഴില്‍ നിര്‍മ്മിക്കാന്‍ കമല്‍ സാര്‍ സമ്മതം അറിയിച്ചു. ഈ സിനിമയുടെ ബോള്‍ഡ്നെസും ഫ്രഷ്നെസുമാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്.” - രാജേഷ് പിള്ള പറയുന്നു.

“ട്രാഫിക്കിന്‍റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ചിത്രത്തിന്‍റെ തമിഴ് റീമേക്ക് ഞാന്‍ ചെയ്യുകയാണ്. മലയാള ചിത്രത്തിന്‍റെ അതേ അണിയറപ്രവര്‍ത്തകരാണ് തമിഴിലും പ്രവര്‍ത്തിക്കുന്നത്” - കമലഹാസന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക