'കത്തി'യില്‍ വിജയ്ക്ക് ഡബിള്‍ റോള്‍ - കതിരേശന്‍, ജീവാനന്ദം!

വ്യാഴം, 26 ജൂണ്‍ 2014 (12:21 IST)
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന 'കത്തി'യുടെ ചിത്രീകരണം അതിന്‍റെ അവസാന ഘട്ടത്തിലാണ്. ഇളയദളപതി വിജയ് ഇതില്‍ ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത് എന്ന രഹസ്യം ഇപ്പോള്‍ മുരുഗദോസ് വെളിപ്പെടുത്തുന്നു.

"കത്തിയില്‍ വിജയ് സാറിന് ഡബിള്‍ റോളുകളാണ് ഉള്ളത് - കതിരേശനും ജീവാനന്ദവും. എന്നാല്‍ ഈ കഥാപാത്രങ്ങള്‍ അച്ഛനും മകനും ഒന്നുമല്ല. ഇത് അധോലോകത്തിന്‍റെ കഥയുമല്ല പറയുന്നത്. കഥ ചെന്നൈയില്‍ തുടങ്ങി ചെന്നൈയില്‍ അവസാനിക്കും." - ആനന്ദ വികടന് അനുവദിച്ച അഭിമുഖത്തില്‍ എ ആര്‍ മുരുഗദോസ് പറയുന്നു.

"വിജയ് സാറിനൊപ്പം ചെയ്ത തുപ്പാക്കി മെഗാഹിറ്റായി. അതുകൊണ്ട് അടുത്ത പടത്തിന് കത്തി എന്ന് പേര് ഇരിക്കട്ടെ എന്നുകരുതി ഇട്ട പേരല്ല കത്തി. ഈ കഥയ്ക്കും കത്തി എന്ന ആയുധത്തിനും തമ്മില്‍ വലിയ ബന്ധമുണ്ട്. മനുഷ്യന്‍ കണ്ടുപിടിച്ച ആദ്യത്തെ ആയുധങ്ങളില്‍ ഒന്നാണ് കത്തി. ആ വിഷയത്തോട് കഥ ചേര്‍ന്നുനില്‍ക്കുന്നു" - മുരുഗദോസ് പറയുന്നു.

അടുത്ത പേജില്‍ - വിജയ് പറഞ്ഞു "സൂപ്പര്‍ അണ്ണാ" !
"തുപ്പാക്കിക്ക് ശേഷം വിജയ് സാറിനെ വച്ച് അടുത്ത പടം ചെയ്യാം എന്ന് തീരുമാനിച്ച സമയം. പ്രൊജക്ട് കമ്മിറ്റ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ കഥ മുഴുവനായും പറയാം എന്ന് വിജയ് സാറിനോട് പറഞ്ഞു. അതിന്‍റെയൊന്നും ആവശ്യമില്ല, ഇപ്പോള്‍ തന്നെ ഞാന്‍ ആ പ്രൊജക്ടിന് സമ്മതം തരികയാണെന്ന് വിജയ് സാര്‍ മറുപടിയും പറഞ്ഞു. ഇല്ല, ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് സാര്‍ അറിഞ്ഞിരിക്കണമെന്ന് പറഞ്ഞിട്ട് കഥ പൂര്‍ണമായും പറഞ്ഞു. അതിനുശേഷം പുറത്തുവന്നപ്പോള്‍ എനിക്ക് വിജയ് സാര്‍ വക ഒരു മെസേജ് - "സൂപ്പര്‍ അണ്ണാ". തുപ്പാക്കിയുടെ കഥ കേട്ടിട്ടു പോലും അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല. വിജയ് സാര്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും വ്യത്യസ്തമായ സിനിമയായിരിക്കും കത്തി" - ആനന്ദ വികടന് അനുവദിച്ച അഭിമുഖത്തില്‍ മുരുഗദോസ് പറയുന്നു.

അടുത്ത പേജില്‍ - ആരാണ് ഒന്നാമന്‍? ഷങ്കറോ മുരുഗദോസോ?
ഇന്ന് തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ രണ്ട് സംവിധായകര്‍ തമ്മിലാണ് ഒന്നാം സ്ഥാനത്തിനായുള്ള മത്സരം. അത് ഷങ്കറും എ ആര്‍ മുരുഗദോസും തമ്മിലാണ്. രണ്ടുപേരും കരിയറില്‍ ഇതുവരെ പരാജയം എന്താണെന്ന് അറിയാത്തവര്‍. രണ്ടുപേരും 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന സിനിമകള്‍ നിരന്തരം ചെയ്യുന്നവര്‍. രണ്ടുപേരും വലിയ ഹീറോകളുടെയും വലിയ ബജറ്റിന്‍റെയും വലിയ പ്രൊഡക്ഷന്‍ ബാനറുകളുടെയും ചിത്രങ്ങള്‍ ചെയ്യുന്നവര്‍.

"ഞാന്‍ ഷങ്കര്‍ സാറിന്‍റെ കടുത്ത ആരാധകനാണ്. അദ്ദേഹത്തിന്‍റെ അര്‍പ്പണബോധവും കഠിനാദ്ധ്വാനവും സീനിയര്‍ ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രചോദനമാണ്. എന്‍റെ മനസില്‍ അദ്ദേഹത്തിന് ജ്യേഷ്ഠന്‍റെ സ്ഥാനമാണ്. ഷങ്കര്‍ സാറിനെപ്പോലെയാണ് ഞാന്‍ എന്ന് പറയുന്നതുപോലും എനിക്ക് അഭിമാനമാണ്. അദ്ദേഹത്തെ മറികടക്കണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. ഞങ്ങള്‍ക്കിടയില്‍ അങ്ങനെ മത്സരമൊന്നും ഇല്ല. ഞങ്ങളില്‍ ആരാണ് മികച്ചത് എന്ന് ആര്‍ക്കെങ്കിലും ഒരു സംശയവും വേണ്ട - ഷങ്കര്‍ സാര്‍ തന്നെയാണ് മികച്ച സംവിധായകന്‍" -  ആനന്ദ വികടന് അനുവദിച്ച അഭിമുഖത്തില്‍ എ ആര്‍ മുരുഗദോസ് പറയുന്നു.

അടുത്ത പേജില്‍ - മുരുഗദോസ് ചിത്രത്തില്‍ അജിത്തും വിജയും?
അജിത്തിനെ നായകനാക്കി 'ദീനാ' എന്ന സിനിമ ചെയ്തുകൊണ്ടാണ് എ ആര്‍ മുരുഗദോസ് സിനിമാലോകത്തേക്ക് വന്നത്. ആ സിനിമ വന്‍ ഹിറ്റായി. അജിത്തിന് 'തല' എന്ന വിളിപ്പേര് ലഭിച്ചതും ദീനയിലൂടെയാണ്. എന്നാല്‍ അതിന് ശേഷം അജിത്തിനെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരു ചിത്രം ചെയ്തിട്ടില്ല.

"അജിത് സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. തുപ്പാക്കിക്ക് ശേഷവും മൂന്നുതവണ ഞാന്‍ അജിത് സാറിനെ കണ്ടു. എന്നാല്‍, എന്താണെന്നറിയില്ല, ഞങ്ങള്‍ വീണ്ടും ഒരുമിക്കുന്ന പ്രൊജക്ട് ഇങ്ങനെ നീങ്ങിപ്പോകുകയാണ്. അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കാം എന്നു പറഞ്ഞാല്‍ പോലും അജിത് സാറിനെ നായകനാക്കി ചെയ്യാന്‍ തുടക്കം മുതല്‍ ക്ലൈമാക്സ് വരെയുള്ള പൂര്‍ണമായ ഒരു സ്ക്രിപ്റ്റ് എന്‍റെ കൈയില്‍ റെഡിയാണ്" - എ ആര്‍ മുരുഗദോസ് വെളിപ്പെടുത്തുന്നു.

അടുത്തിടെ അജിത്തിനെയും വിജയെയും ഒരുമിപ്പിച്ച് മങ്കാത്തയുടെ രണ്ടാം ഭാഗം വരുന്നു എന്ന രീതിയില്‍ ചില റൂമറുകള്‍ തമിഴകത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ അത് വെറും റൂമറായി തന്നെ മാഞ്ഞുപോകുകയും ചെയ്തു. അജിത് - വിജയ് ടീമിന്‍റെ ഒരു സിനിമ എ ആര്‍ മുരുഗദോസില്‍ നിന്ന് പ്രതീക്ഷിക്കാമോ?

"അത് അങ്ങനെ ഈസിയായ ഒരു പ്രൊജക്ട് ആയിരിക്കില്ല. എന്നാല്‍ അവര്‍ അതിന് തയ്യാറായി വന്നാല്‍ ഞാന്‍ റെഡിയാണ്. അവര്‍ ഒ കെ പറഞ്ഞാല്‍ രണ്ടുമാസത്തിനുള്ളില്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും ശോഭിക്കാന്‍ തക്ക വിധത്തിലുള്ള കഥ റെഡിയാക്കാന്‍ എനിക്ക് കഴിയും. അങ്ങനെ നടന്നാല്‍ അത് തമിഴ് സിനിമാരംഗത്തുതന്നെ വലിയ വിഷയമായിരിക്കും" - ആനന്ദ വികടന് അനുവദിച്ച അഭിമുഖത്തില്‍ മുരുഗദോസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക