തന്‍റെ പുതിയ സിനിമ ‘ഡ്രാക്കുള’ എല്ലാ ഭാഷയിലും വന്‍ വിജയം നേടുന്നതിന്‍റെ ആഹ്ലാദത്തിലാണ് സംവിധായകന്‍ വിനയന്‍. മലയാള സിനിമയിലെ ഒരു വിഭാഗത്തിന്‍റെ കടുത്ത എതിര്‍പ്പിനിടയിലും ചിത്രം വിസ്മയ വിജയം നേടിയത് തന്‍റെ ഉറച്ച നിലപാടിന്‍റെ വിജയമായാണ് വിനയന്‍ കാണുന്നത്. തന്നെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആ ശ്രമം എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് വിനയന്‍ മുന്നറിയിപ്പ് നല്‍കുന്നു.
“ദയവുചെയ്ത് എന്‍റെ വഴിമുടക്കരുത്. ഞാന്‍ എന്‍റെ വഴിക്ക് പൊയ്ക്കൊള്ളാം. ഇനി ആരെങ്കിലും വഴിമുടക്കാന്‍ വന്നാല്‍, സംശയമില്ല ഞാന്‍ കാലുമടക്കി അടിക്കും” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിനയന്‍ പറയുന്നു.
“തലകുനിക്കാത്തവനെ പുറംകാല്‍ കൊണ്ട് അടിച്ചുപുറത്താക്കുന്നതാണ് മലയാള സിനിമയിലെ രീതി. അന്നന്നത്തെ അപ്പത്തിന് വേണ്ടി അന്നന്ന് കാണുന്നവരെ അച്ഛായെന്ന് വിളിക്കുന്ന ഒരുവിഭാഗം ആളുകള്‍ സിനിമാക്കാര്‍ക്കിടയിലുണ്ട്. സിബി മലയില്‍ ഞാന്‍ ബഹുമാനിക്കുന്ന സംവിധായകനാണ്. എന്നാല്‍ വിനയന്‍ കടന്നുവന്നാല്‍ ഇപ്പോള്‍ അദ്ദേഹം മീറ്റിംഗിന് പോലും ഇരിക്കില്ല. ഇറങ്ങി പൊയ്ക്കളയും. അത്രമേല്‍ കുഷ്ഠം ബാധിച്ചവനാണ് വിനയന്‍. ശത്രുവിന്‍റെ സിനിമ പോലും പൊട്ടണമെന്ന് ആഗ്രഹിക്കുന്നവനല്ല ഞാന്‍. എന്നാല്‍ സിനിമയെ രക്ഷപ്പെടുത്താനുള്ള കോര്‍പ്പറേഷന്‍റെ തലപ്പത്തിരിക്കുന്നവര്‍ പോലും മറ്റുള്ളവരുടെ സിനിമ പൊട്ടണമെന്നാഗ്രഹിക്കുന്നു” - വിനയന്‍ പറയുന്നു.
“മലയാള സിനിമയില്‍ തമ്പുരാന്‍ ഭാവമുള്ളവരുണ്ട്. അവരെ നമ്പാത്തവരെ വച്ചോണ്ടിരിക്കില്ല. അത് സംവിധായകരായാലും നടന്‍മാരായാലും ഒരുപോലെയാണ്. അവര്‍ വ്യവസായം കൈയടക്കിവച്ചിരിക്കുകയാണ്. കഞ്ഞികുടിക്കാന്‍ വകയുള്ളതുകൊണ്ട്, സിനിമ ചെയ്തില്ലെങ്കിലും ജീവിക്കാമെന്നുള്ളതുകൊണ്ടാണ് ഞാന്‍ നില്‍ക്കുന്നത്. എനിക്ക് തെറ്റെന്ന് തോന്നുന്നത് ആരുചെയ്താലും ചോദ്യം ചെയ്യും. വിമര്‍ശിക്കും. തെങ്ങേല്‍ കിടക്കുന്നത് മാങ്ങയാണെന്ന് പറയുന്നവരെയാണ് ഇവര്‍ക്കിഷ്ടം” - വിനയന്‍ ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ടിന് കടപ്പാട് - വെള്ളിനക്ഷത്രം
അടുത്ത പേജില്‍ - പ്രിയദര്‍ശന്‍ എന്‍റെ ഫോണ്‍ എടുക്കില്ല, ബി ഉണ്ണികൃഷ്ണനെ ആര്‍ക്കും ഇഷ്ടമല്ല!
PRO
ബി ഉണ്ണികൃഷ്ണനെതിരെ ശക്തമായ വിമര്‍ശനമാണ് വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിനയന്‍ നടത്തുന്നത്. മലയാള സിനിമയില്‍ ആര്‍ക്കും ഇഷ്ടമില്ലാത്ത സംവിധായകനാണ് ഉണ്ണികൃഷ്ണനെന്ന് വിനയന്‍ പറയുന്നു.
“ഞാന്‍ ജോയിന്‍റ് സെക്രട്ടറിയായി കൊണ്ടുവന്ന ആളാണ് ബി ഉണ്ണികൃഷ്ണന്‍. മലയാള സിനിമയില്‍ ആരും ഇയാളെ ഇഷ്ടപ്പെടുന്നില്ല. കലൂര്‍ ഡെന്നിസും ജോണ്‍ പോളും ഉള്‍പ്പടെ പലരും എന്നോടുപറഞ്ഞു, അയാളുടെ സ്വഭാവം നല്ലതല്ലെന്ന്. അഹങ്കാരിയാണെന്ന്. ഞാനത് വകവച്ചില്ല. പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെ രംഗത്തുകൊണ്ടുവരണമെന്ന് പറഞ്ഞ് ഞാന്‍ കൊണ്ടുവന്ന ആളാ. എന്ത് കാര്യത്തിനാണ് അയാള്‍ ഇപ്പോള്‍ എന്‍റെ പടത്തെ വിലക്കാന്‍ വരുന്നത്?. സൂപ്പര്‍താരങ്ങളാണ് ഇവരുടെ നേതാക്കള്‍” - വിനയന്‍ വ്യക്തമാക്കുന്നു.
‘ഡ്രാക്കുള’ പ്രിയദര്‍ശന്‍റെ സ്റ്റുഡിയോയായ 4 ഫ്രെയിംസില്‍ മിക്സ് ചെയ്യാനിരുന്ന സിനിമയായിരുന്നെങ്കിലും അവസാനം ഫെഫ്കയിലെ ചിലര്‍ ഇടപെട്ട് അത് തടഞ്ഞതായും വിനയന്‍ ആരോപിക്കുന്നു.
“ഡ്രാക്കുള പ്രിയദര്‍ശന്‍റെ സ്റ്റുഡിയോയില്‍ മിക്സ് ചെയ്യാന്‍ സൌണ്ട് എഞ്ചിനീയര്‍ രാജാകൃഷ്ണന്‍ വിളിച്ചിട്ടാണ് ഞാന്‍ പോയത്. രാജാകൃഷ്ണന്‍ കഴിവുള്ള പയ്യനായതുകൊണ്ടാണ് ഞാന്‍ പോയത്. ഒടുവില്‍ നടന്നില്ല. വിനയന്‍റെ പടം അവിടെ ചെയ്യിക്കരുതെന്ന് ഒരാള്‍ വിളിച്ചുപറഞ്ഞത്രേ. പ്രിയദര്‍ശന്‍ എന്നോട് പറഞ്ഞു: ഞാന്‍ ഇതിനോട് യോജിക്കില്ല. ഒരു കലാകാരന്‍റെ സൃഷ്ടിയെ ഇങ്ങനെ വിലക്കാന്‍ പാടില്ല. ഞാന്‍ വിചാരിച്ചു, കൊള്ളാമല്ലോ പ്രിയദര്‍ശന്‍ കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ടല്ലോ എന്ന്. എന്നാല്‍ പ്രിയന്‍ പിന്നീട് എന്‍റെ ഫോണ്‍ എടുക്കാതായി. സ്വിച്ച് ഓഫ് ചെയ്തു. പ്രിയന് ഒന്നും ചെയ്യാന്‍ പറ്റിയില്ല. സൂപ്പര്‍താരങ്ങളുമായി പ്രിയനുള്ള ബന്ധം ഞാനുമായി ഉണ്ടാവില്ലല്ലോ. പ്രിയനെപ്പോലും സ്വാധീനിക്കാന്‍ അവര്‍ക്കുകഴിഞ്ഞു. എന്നിട്ടെന്തുനേടി? എന്നെ കുറച്ചു ബുദ്ധിമുട്ടിക്കാന്‍ പറ്റിയെന്നുമാത്രം. എ ആര്‍ റഹ്‌മാന്‍റെ സ്റ്റുഡിയോയില്‍ ഞാന്‍ ഭംഗിയായി ചിത്രം മിക്സ് ചെയ്തു. അവര്‍ എല്ലാ സഹായവും ചെയ്തുതന്നു. 50000 രൂപ കുറച്ചും തന്നു” - വിനയന്‍ പറയുന്നു.
“ഡ്രാക്കുളയ്ക്ക് ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ ലഭിച്ച സ്വീകരണം എന്നെ വിലക്കുന്നവര്‍ അറിയണം. ഇവരുടെയൊക്കെ ആയകാലത്തെ ഇനിഷ്യല്‍ കളക്ഷനേക്കാള്‍ കൂടുതല്‍ ഇനിഷ്യല്‍ കളക്ഷന്‍ ഡ്രാക്കുളയ്ക്കുണ്ട്. ഇവര്‍ ആരില്ലെങ്കിലും, എന്‍റെ കൂടെ ജനങ്ങളുണ്ട്. തെക്കേ ഇന്ത്യയില്‍ എനിക്കെതിരെ ഒരു ചുക്കും ചെയ്യാന്‍ ഇവര്‍ക്ക് കഴിയില്ല” - വെള്ളിനക്ഷത്രത്തിന് വേണ്ടി മോഹന്‍ദാസ് വെളിയത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിനയന്‍ പറയുന്നു.