ആരാധകര്‍ ക്ഷമിക്കുക, ദൃശ്യത്തില്‍ ശ്രീദേവി ഇല്ല!
ദൃശ്യത്തിന്റെ തമിഴ് റീമേക്കില്‍ ഹിന്ദിതാരം ശ്രീദേവി അഭിനയിക്കില്ല എന്നുറപ്പായി. ചിത്രത്തില്‍ ശ്രീദേവി അഭിനയിക്കുന്നില്ല എന്ന് സംവിധായകന് ജീത്തു ജോസഫ് തന്നെയാണ് അറിയിച്ചത്. മലയാളത്തില്‍ ആശാ ശരത് അനശ്വരയാക്കിയ ഐ ജി ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രമായി ശ്രീദേവി എത്തുമെന്നായിരുന്നു മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത.
എന്നാല്‍ ശ്രീദേവി ഈ പ്രൊജക്ടില്‍ ഉണ്ടാകില്ലെന്ന് ജീത്തു അറിയിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ആശാ ശരത് തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ഒടുവില്‍ അറിയാന്‍ കഴിയുന്നത്. ചിത്രത്തില്‍ കമലഹാസന്റെ ഭാര്യാവേഷത്തില്‍ ഗൌതമി അഭിനയിക്കുന്ന കാര്യവും ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പോകുമ്പോഴും ദൃശ്യം തമിഴ് റീമേക്കിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി മുന്നേറുകയാണ്. ഈ വര്‍ഷം ക്രിസ്മസ് റിലീസായി ദൃശ്യം പ്രദര്‍ശനത്തിനെത്തിക്കാനാണ് പരിപാടി.