അധോലോക നായകനും ഐടി പ്രൊഫഷണലും - അടിച്ചുപൊളിക്കാന്‍ സൂര്യ
ചൊവ്വ, 24 ജൂണ്‍ 2014 (15:31 IST)
ലിങ്കുസാമി സംവിധാനം ചെയ്യുന്ന സൂര്യച്ചിത്രം അഞ്ചാന്‍റെ ടീസര്‍ ജൂലൈ അഞ്ചിന് റിലീസാകും. കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് സൂര്യയുടെ സിങ്കം 2 റിലീസ് ചെയ്തത്. അഞ്ചാന്‍ ഓഗസ്റ്റ് 15നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. യു ടി വി മോഷന്‍ പിക്ചേഴ്സും തിരുപ്പതി ബ്രദേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന അഞ്ചാന്‍റെ ഛായാഗ്രഹണം സന്തോഷ് ശിവന്‍. സംഗീതം യുവന്‍ ഷങ്കര്‍ രാജ.
ഡബിള്‍ റോളിലാണ് അഞ്ചാനില്‍ സൂര്യ അഭിനയിക്കുന്നത്. ഒരു അധോലോക നായകനായും ഐ ടി പ്രൊഫഷണലായും. രണ്ട് വ്യത്യസ്ത ലുക്കുകളില്‍ സൂര്യ എത്തുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞയാഴ്ച മുംബൈയില്‍ പൂര്‍ത്തിയായി. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ജൂലൈ 16ന് മുമ്പ് അഞ്ചാന്‍ ഓഡിയോ റിലീസ് നടക്കും. ഓഗസ്റ്റ് 15ന് സിനിമയുടെ തെലുങ്ക് പതിപ്പും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
ഭയമില്ലാത്തവന്‍. അഞ്ചാന്‍ എന്ന പേരിന്‍റെ അര്‍ത്ഥം അതുതന്നെ - ഭയമില്ലാത്തവന്‍. “ഞാന്‍ സൂര്യയോട് പറഞ്ഞ നാലാമത്തെ കഥയാണ് അഞ്ചാന്‍. ചിത്രത്തില്‍ സൂര്യയ്ക്ക് രണ്ട് ലുക്ക് ഉണ്ട്. ഇതുപോലുള്ള ഗെറ്റപ്പ് ആണെങ്കില്‍ നല്ലതായിരിക്കുമെന്ന് ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ മുതല്‍ അതേപ്പറ്റി ഗവേഷണം നടത്തി വ്യത്യസ്തമായ ഗെറ്റപ്പുകള്‍ സൂര്യ പരീക്ഷിക്കാന്‍ തയ്യാറായി. 300 റഫറന്‍സാണ് ഇതുമായി ബന്ധപ്പെട്ട് സൂര്യ എനിക്ക് അയച്ചുതന്നത്. അദ്ദേഹത്തിന്‍റെ ഈ ആത്മാര്‍ത്ഥത കണ്ടപ്പോള്‍ ഉറങ്ങാതെ ഓടാന്‍ ഞാനും തയ്യാറായി” - ലിങ്കുസാമി പറയുന്നു.
ലിങ്കുസാമി സംവിധാനം ചെയ്ത ആദ്യ ചിത്രമായ ആനന്ദത്തില്‍ മമ്മൂട്ടി ആയിരുന്നു നായകന്‍. ആ ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരന്‍റെ വേഷത്തില്‍ സൂര്യയെയാണ് ആദ്യം പരിഗണിച്ചത്. എന്നാല്‍ അത് നടന്നില്ല. ആ വേഷം പിന്നീട് അബ്ബാസ് ചെയ്തു. സണ്ടക്കോഴി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായകനായി ലിങ്കുസാമി ആദ്യം നോക്കിയത് സൂര്യയെയായിരുന്നു. അത്തവണയും സംഗതി വര്‍ക്കൌട്ടായില്ല. വിശാല്‍ നായകനായി സണ്ടക്കോഴി വന്‍ ഹിറ്റാകുകയും ചെയ്തു.
‘അഞ്ചാന്‍’ ഒടുവില്‍ സംഭവിക്കുകയാണ്. റെഡ് ഡ്രാഗണ്‍ ക്യാമറ ആദ്യമായി ഉപയോഗിക്കുന്ന ചിത്രം കൂടെയാണ് അഞ്ചാന്‍. സിനിമയുടെ എഡിറ്റിംഗ് ആന്‍റണി. വിദ്യുത് ജാംബ്‌വാല്‍, മനോജ് വാജ്‌പേയ്, രാജ്‌പാല്‍ യാദവ് തുടങ്ങിയവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുംബൈയിലും ഗോവയിലുമായാണ് അഞ്ചാന്‍ ചിത്രീകരിച്ചിരിക്കുന്നത്.
“സൂര്യയോടൊപ്പം ജോലി ചെയ്യുന്നത് ഒരു വലിയ അനുഭവമാണ്. വളരെ ഡെഡിക്കേറ്റഡായുള്ള നടനാണ് അദ്ദേഹം. വളരെ സ്റ്റൈലിഷായാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഒരേപോലെ സ്റ്റൈലിഷായിട്ടുള്ള ഇരട്ടക്കഥാപാത്രങ്ങളെ സൂര്യ അവതരിപ്പിക്കുന്നത്” - ലിങ്കുസാമി വെളിപ്പെടുത്തി.