വിദഗ്‌ധ തൊഴിലാളികള്‍ കുറയുന്നു

തിങ്കള്‍, 1 ഒക്‌ടോബര്‍ 2007 (15:41 IST)
FILEFILE
ഗള്‍ഫ് രാജ്യങ്ങളില്‍ അടിക്കടി ഉയരുന്ന ജീവിതച്ചെലവ് മൂലം വിദഗ്‌ധ തൊഴിലാളികള്‍ ഒഴിഞ്ഞുപോകുന്നതായി സര്‍വേ റിപ്പോര്‍ട്ട്‌. വിദഗ്‌ധ തൊഴിലാളികളുടെ ക്ഷാമം കാരണം പല കമ്പനികളുടെ പദ്ധതികള്‍ അനിശ്ചിതമായി വൈകുകയും ചെയ്യുന്നു.

ദുബൈ ആസ്ഥാനമായുള്ള ടാലന്‍റ് ഡോട്ട് കോം നടത്തിയ സര്‍വ്വേയിലാണ് ഈ വിവരമുള്ളത്. കറന്‍സി മൂല്യ നിരക്കിലെ കുറവും ഐ.ടി രംഗത്തും മറ്റും ഇന്ത്യയില്‍ ശമ്പളം വര്‍ധിച്ചതും ഒഴിഞ്ഞു പോക്കിന് ആക്കം കൂട്ടിയതായി സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എ.ഇ അടക്കമുള്ള മിക്ക ജി.സി.സി രാജ്യങ്ങളിലും സ്വകാര്യ മേഖലയില്‍ ജീവിതച്ചെലവിന്‌ അനുസൃതമായി ശമ്പളം കൂടുന്നില്ല.

ജി.സി.സി രാജ്യങ്ങളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ശരാശരി ഒമ്പത്‌ ശതമാനമാണ്‌ ശമ്പളം വര്‍ദ്ധിച്ചിരിക്കുന്നത്‌. ഇതിന്‍റെ പലമടങ്ങാണ്‌ ജീവിതച്ചെലവിലെ വര്‍ദ്ധന. മൂല്യ നിരക്കിലെ വ്യത്യാസം കാരണം വരുമാനത്തില്‍ നിന്ന്‌ സമ്പാദ്യമായി ഒന്നും നീക്കിവയ്ക്കാനില്ലെന്നും വിദേശ തൊഴിലാളികള്‍ വ്യക്‌തമാക്കുന്നതായി സര്‍വ്വേ പറയുന്നു.

ഒമാനിലാണ്‌ സ്വകാര്യ മേഖലയില്‍ ഏറ്റവുമധികം ശമ്പള വര്‍ദ്ധനവുണ്ടായത്‌ -11 ശതമാനം. യു.എ.ഇ 10.7, ഖത്തര്‍ 10.6, ബഹ്‌റൈന്‍ 8.1, കുവൈത്ത്‌ 7.9, സൗദി 7.7 ശതമാനം എന്നിങ്ങനെയാണ്‌ ഓരോ രാജ്യങ്ങളിലെയും ശരാശരി ശമ്പള വര്‍ധന. ഒമാനില്‍ കഴിഞ്ഞ വര്‍ഷം പൊതുമേഖലയില്‍ പതിനഞ്ച്‌ ശതമാനം ശമ്പള വര്‍ദ്ധനവുണ്ടായിരുന്നു.

നിര്‍മാണം, ബാങ്കിംഗ്‌, ഊര്‍ജ്ജ ഉത്പാദനം എന്നീ രംഗങ്ങളിലാണ്‌ ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവുമധികം ശമ്പള വര്‍ദ്ധന രേഖപ്പെടുത്തിയത്‌. നിര്‍മാണ രംഗത്ത്‌ എഞ്ചിനീയര്‍മാര്‍ക്കാണ്‌ ഏറ്റവും വലിയ വര്‍ദ്ധന. ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലാണ്‌ ഏറ്റവും കുറഞ്ഞ വര്‍ദ്ധന രേഖപ്പെടുത്തിയത്‌.

സര്‍ക്കാര്‍ സബ്സിഡിയും മറ്റും കാരണമായി സൗദിയില്‍ വിലക്കയറ്റം പൊതുവെ കുറവാണെന്നും സര്‍വേയില്‍ പറയുന്നു. അതേസമയം, വിദേശികള്‍ ഉള്‍പ്പെടെയുള്ള ജനസംഖ്യയിലെ വര്‍ദ്ധനവും മറ്റും കാരണമായി വാടകയടക്കമുള്ള ജീവിതച്ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്‌.

യു.എ.ഇയിലാകട്ടെ ജനങ്ങളെ ഏറ്റവുമധികം പ്രയാസപ്പെടുത്തുന്നത്‌ വാടക വര്‍ദ്ധനവാണ്‌. 2006ല്‍ 31 ശതമാനമായിരുന്നു ശരാശരി വാടക വര്‍ധന. സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഈവര്‍ഷം വര്‍ദ്ധനയുടെ ശതമാനം 23 ആയി കുറഞ്ഞിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക