പ്രതിപക്ഷകക്ഷികളുടെ പ്രതിഷേധം ഫലം കണ്ടില്ല. കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിനു തന്നെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിക്കും. ബജറ്റ് മാറ്റുന്നതിനെക്കുറിച്ച് നേരത്തെ തെരഞ്ഞെടുപ്പു കമ്മീഷന്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചിരുന്നു. എന്നാല്‍, ബജറ്റ് മാറ്റേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയായിരുന്നു. കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയും ബജറ്റ് ഫെബ്രുവരി ഒന്നിനു തന്നെ അവതരിപ്പിക്കുമെന്ന് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി നാലുമുതല്‍ രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നത് മാറ്റണമെന്ന് ആയിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഇതു സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പിനു ഏതാനും ദിവസം മുമ്പ് ബജറ്റ് അവതരിപ്പിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കും എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.
എന്നാല്‍, ബജറ്റുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സെപ്തംബര്‍ മാസത്തില്‍ തന്നെ സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു. പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നില്ല ബജറ്റ് അവതരണം. അതിനാല്‍ തന്നെ ഇപ്പോള്‍ ബജറ്റ് മാറ്റേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മാര്‍ച്ച് എട്ടിനു ശേഷം ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.