പ്രണബും കൈവിട്ടു, വിലക്കയറ്റം ആരു തടയും?

വെള്ളി, 26 ഫെബ്രുവരി 2010 (13:50 IST)
PRO
ഇന്ത്യാ മഹാരാജ്യത്തിലെ ജനങ്ങള്‍ വിലക്കയറ്റത്തിനെതിരെ ഇനി ആരോട് പരാതിപ്പെടും. ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി ഇന്നു പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബജറ്റില്‍ വിലക്കയറ്റത്തെ തടയുന്നതിനുള്ള കാര്യമായ നടപടികള്‍ ഒന്നും തന്നെയില്ലെന്നാണ് സൂചനകള്‍. വിലക്കയറ്റം സംസ്ഥാന സര്‍ക്കാരുകള്‍ നിയന്ത്രിക്കണമെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും നികുതി വര്‍ദ്ധിപ്പിച്ചതോടെ സാധാരണക്കാരന്‍റെ ജീവിതം ബ്രേക്ക് കിട്ടാതെയാകും.

പെട്രോളിന്‍റെയും ഡീസലിന്‍റെയും സെന്‍ട്രല്‍ എക്സൈസ് തീരുവ അഞ്ചു ശതമാനത്തില്‍ നിന്ന് ഏഴര ശതമാനമാക്കി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതു പ്രകാരം പെട്രോളിനും ഡീസലിനും ഇനി ലിറ്ററിന് ഒരു രൂപ വെച്ച് വര്‍ദ്ധിക്കും. ക്രൂഡ് ഓയിലിന്‍റെ എക്സൈസ് തീരുവ അഞ്ചു ശതമാനമാക്കി പുനസ്ഥാപിച്ചു. നിലവിലുള്ള വിലക്കയറ്റത്തെ തടയുന്നതിന് പ്രത്യേക പാക്കേജുകളൊന്നും ഇല്ലാത്ത സ്ഥിതിക്ക് വീണ്ടും വിലക്കയറ്റത്തിലേക്ക് തന്നെയാണ് കേന്ദ്രം ജനങ്ങളെ തള്ളി വിട്ടിരിക്കുന്നത്.

ഗ്രാമീണ മേഖലയെ വിലക്കയറ്റത്തില്‍ നിന്ന് കഴിഞ്ഞവര്‍ഷം ഒരു പരിധി വരെ പിടിച്ചു നിര്‍ത്തിയത് ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ഗ്രാമീണ വികസന പദ്ധതികളുമായിരുന്നു. നടപ്പുവര്‍ഷത്തേക്ക് ഗ്രാമീണവികസനത്തിനായി 66100 കോടി രൂപയാണ് ഈ ബജറ്റില്‍ മാറ്റി വെച്ചിരിക്കുന്നത്. കൂടാതെ പുതുതായി രൂപീകരിച്ച സാമൂഹ്യ സുരക്ഷാ ഫണ്ടിനായി 1000 കോടി രൂ‍പയും സര്‍ക്കാര്‍ നീക്കി വെച്ചിട്ടുണ്ട്. ഇത് അസംഘടിത മേഖലകളിലുള്ള ചെത്തു തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, കൈത്തറി മേഖലയില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക