ലൈംഗികത ഭാരതീയന് വിലക്കപ്പെട്ട കനിയല്ല. ബ്രഹ്‌മചര്യമെന്നാല്‍ മഹത്തായ ചര്യമെന്ന് മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ. അല്ലാതെ ലൈംഗികതയെ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുള്ള ജീവിതരീതിയല്ല ബ്രഹ്‌മചര്യം. ഖജുരാഹോ ശില്‍പ്പങ്ങളിലും കാമസൂത്രയിലും ലൈംഗിതകയുടെ പരിപാവനത നമ്മള്‍ക്ക് അറിയുവാന്‍ കഴിയും.
നൂറുവര്‍ഷം നീണ്ടു നിന്ന ലൈംഗിക ബന്ധമാണ് ശിവപാര്‍വ്വതിമാര്‍ നടത്തിയതെന്ന് പുരാണങ്ങള്‍ പറയുന്നു. എന്നാല്‍, കാലചക്രം മാറിമറിഞ്ഞപ്പോള്‍ സ്‌ത്രീയില്‍ നിന്ന് അകന്ന് കഴിയലാണ് സന്ന്യാസമെന്ന ധാരണ ഭാരതീയ ആത്മീയതയില്‍ കലര്‍ന്നു. വിവേകാനന്ദന്‍, ശ്രീനാരായണഗുരു,ചട്ടമ്പിസ്വാമികള്‍..അങ്ങനെ ഉദാഹരണങ്ങള്‍ നിരവധി. വിക്‍ടോറിയന്‍ സദാചാരമൂല്യങ്ങള്‍ ഇതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.
ഓഷോ. സ്വതന്ത്രരതിയുടെ വക്താവ്. ഭൌതികത ജീവിതത്തിന്‍റെ വേഗത്തില്‍ ശാന്തി നഷ്‌ടപ്പെട്ടവര്‍ക്ക് ഓഷോ ആത്മീയ അനുഭൂതി പകര്‍ന്നു നല്‍കിയെന്ന് പറയുന്നു. ഭൌതികതയില്‍ നിന്ന് ആത്മീയതയിലേക്ക് എത്തിയവരുടെ സഹായത്താല്‍ റോള്‍സ് റോയ്‌സ് കാറുകളും കോടികണക്കിന് ഡോളറിന്‍റെ ബാങ്ക് നിക്ഷേപവും ഓഷോയുണ്ടാക്കി. രതിയുടെ ആത്മീയത വേണ്ട രീതിയില്‍ ആവിഷ്‌കരിക്കുവാന്‍ ഓഷോക്ക് കഴിഞ്ഞുണ്ടോയെന്ന് സംശയമാണ്
പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും സന്ന്യാസിയായും സന്ദര്‍ശകനായും പലതവണ രജനീഷ് ആശ്രമം സന്ദര്‍ശിച്ച സനില്‍ പി.തോമസ് മലയാളമനോരമയിലൂടെ പറഞ്ഞതും പറയാത്തതുമായ അനുഭവ-അന്വേഷണ കഥകളാണ് ‘രജനീഷ് അനുഭവം അന്വേഷണം’ എന്ന പേരില്‍ പെന്‍ബുക്‍സ് പുറത്തിറക്കിയിരിക്കുന്നത്.
ഓഷോയെന്ന നിഗൂഡതയെ അദ്ദേഹത്തിന്‍റെ ശിഷ്യരിലൂടെ സ്വന്തം നിരീക്ഷണങ്ങളിലൂടെ സനല്‍ കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്‌തിട്ടുണ്ട്. ഓരോ ജീവിയിലും ബ്രഹ്‌മമുണ്ട്. ഓരോ ശിഷ്യരും ഓഷോയെ സംബന്ധിച്ച് ഓരോ ബുദ്ധന്‍മാരായിരുന്നു.
ജീവിതമെന്നാല്‍ ആഘോഷിക്കുകയെന്ന ഓഷോ ദര്‍ശനത്തിന് നിരവധി ഉദാഹരണങ്ങള്‍ ലേഖകന്‍ പുസ്‌തകത്തില്‍ വിവരിക്കുന്നുണ്ട്. ഇതിനു പുറമെ ഓഷോയുടെ അമിത ഭീതിക്കും ഉദാഹരണങ്ങള്‍ ലേഖകന്‍ തരുന്നുണ്ട്. ഓഷോയുടെ മരണത്തോടെ ആ പ്രസ്ഥാനത്തിന്‍റെ ശിഥിലീകരണത്തിന് സനല്‍ നേരിട്ട് അനുഭവിക്കുന്നു. അപൂര്‍വമായ ചിത്രങ്ങളും ഈ പുസ്തകത്തിന് മാറ്റുക്കൂട്ടുന്നു.
യു.എസ് ഭരണകൂടത്തിന് സമാന്തരമായി ഒരു ഭരണക്കൂടം നിര്‍മ്മിച്ചവനാണ് ഓഷോ. വരേണ്യമായ ഒരു ആത്മീയത പടുത്ത് ഉയര്‍ത്തിയവന്‍. അവിടെ വിയര്‍ത്ത ശരീരമുള്ളവനും കീറിപ്പറിഞ്ഞ വസ്‌ത്രമണിഞ്ഞവനും സ്ഥാനമില്ല. ആത്മീയത അവിടെ സ്വര്‍ണ്ണചക്ഷകങ്ങളിലെ മുന്തിരിച്ചാറായിരുന്നു. ഈ വസ്തുതകള്‍ ഒരു പത്രപ്രവര്‍ത്തകന് മാത്രം കൈമുതലായ നിരീക്ഷണ ബുദ്ധിയുടെ സഹായത്തോടെ സനല്‍ വായനക്കാര്‍ക്ക് നല്‍കുന്നു.