ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍

PROPRO
ക്യാമറ ക്ലിക്ക്‌ ചെയ്യപ്പെടുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത്‌. ക്യാമറക്ക്‌ മുന്നിലെ കാലം നിശ്ചലരൂപത്തില്‍ ഫിലിം ചുരുളുകള്‍ക്കുള്ളില്‍ ശേഖരിക്കപ്പെടുന്നു. ക്യാമറയിലൂടെ ജീവിതം പകര്‍ത്തുന്ന സിനിമയിലോ ഒരോ ഷോട്ടിലും നിശ്ചലമാക്കപ്പെട്ടകാലം കിടന്നു വീര്‍പ്പുമുട്ടുന്നു. ‘സമയത്തില്‍ കൊത്തിയെടുത്ത ശില്‌പ’മെന്ന്‌‌ സിനിമക്ക്‌ വ്യാഖ്യാനം ലഭിക്കുന്നത്‌ തന്നെ ഈ നിരീക്ഷണത്തില്‍ നിന്നാണ്‌.

അനാദിയായ കാലം കെട്ടു പിണഞ്ഞ്‌‌ സിനിമക്കുളളില്‍ പലവിധം കുരുങ്ങികിടക്കുന്നു. സിനിമക്കുള്ളില്‍ ചരമം പ്രാപിച്ച്‌ കിടക്കുന്ന ഈ സമയത്തെ കുരുക്കഴിച്ച്‌ പുറത്തിറക്കി വ്യാഖ്യാനിക്കുള്ള ശ്രമമാണ്‌ മാധ്യമപ്രവര്‍ത്തകനായ എ ചന്ദ്രശേഖറിന്‍റെ ‘ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ ’ എന്ന പുസ്‌തകം. മലയാള സിനിമയുടെ പരിമിതമായ ചുറ്റുപാടില്‍ ഇത്തരമൊരു ഗൗരവമുള്ള ശ്രമം ഒരു സാഹസ പ്രവര്‍ത്തനമാണ്‌.

സിനിമയിലെ സാമൂഹികമായ പ്രശ്‌ന പരിസരങ്ങളാണ്‌ കേരളീയസാഹചര്യത്തില്‍ ചെലവാകുന്ന പ്രമേയം. സിനിമയുടെ ഇതിവൃത്തചുറ്റിപറ്റിയുള്ള അന്വേഷങ്ങളും പഠനങ്ങളുമാണ്‌ മലയാള സിനിമ സാഹിത്യത്തില്‍ അധികവും നടന്നു വരാറുള്ളത്‌. സിനിമയിലെ ആണ്‍- പെണ്‍ ആധിപത്യ സമസ്യ, ദളിതന്‍ അവഗണിക്കപ്പെട്ടതിന്‍റെ പരിദേവനം, സമകാലിന സിനിമയില്‍ നിന്ന്‌ അന്യമാകുന്ന കാലികകാഴ്‌ചകള്‍ , രതിയെ കുറിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ മലയാള സിനിമകള്‍ക്കുള്ള കുറ്റബോധം എന്നിങ്ങനെ പോകുന്നു സിനിമ പഠന ശ്രമങ്ങള്‍ .

സിനിമ പ്രമേയങ്ങളുടെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ചുള്ള വിലാപങ്ങളും വികാരപ്രകടനങ്ങളുമാണ്‌ മലയാള സിനിമ ചര്‍ച്ചകളില്‍ മുഴങ്ങികേള്‍ക്കുന്നത്‌. ഒരു കൂട്ടര്‍ പ്രമേയപരമായ അന്വേഷണങ്ങളുമായി കാടുകയറുമ്പോള്‍ മുഖ്യധാര സിനിമ മാധ്യമങ്ങളാകട്ടെ സിനിമനടന്മാരുടേയും നടിമാരുടേയും കൗതുകവിവരങ്ങളും ഗോസിപ്പുകളും വെളിപ്പെടുത്തലുകളുമായി കാലം കഴിക്കുന്നു.

PROPRO
പൂര്‍ണ്ണമായും ഒരു ‘യന്ത്ര നിയന്ത്രിത വിനോദമാധ്യമം’ എന്ന നിലയില്‍ സിനിമയുടെ സാങ്കേതികത്വങ്ങളുടെ ഗുണാര്‍ത്ഥം തേടിയുള്ള ഗൗരവതരമായ അന്വേഷണങ്ങള്‍ മലയാളത്തില്‍ വിരളമാണ്‌. ക്യാമറയിലൂടെ ചെയ്യുന്ന വെറും യാന്ത്രിക പ്രവൃത്തി എന്ന നിലയില്‍ ഒരു ‘ടെക്‌നിക്കല്‍ എന്റര്‍ടൈനര്‍ ’ ആയി സിനിമ ഇനിയും മലയാളത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട്‌ തന്നെ ക്യാമറ കാഴ്‌ചകള്‍ക്കുള്ള വ്യാകരണമോ കാഴ്‌ചാശീലമോ മലയാളി പ്രേക്ഷകരെ വ്യാകുലപ്പെടുത്താറുമില്ല.

ഈ പരിമിതി നികത്താനുള്ള അന്വേഷണമാണ്‌ എ ചന്ദ്രശേഖര്‍ നടത്തുന്നത്‌. സിനിമ വായനക്കാരെ തൃപ്‌തിപ്പെടുത്താനുള്ള എളുപ്പ വഴി ഉപേക്ഷിച്ച്‌ സാഹസിമായി സഞ്ചരിക്കാനുളള ശ്രമം. കുഴപ്പം പിടിച്ച ഗണിതപ്രശ്‌നങ്ങള്‍ നിര്‍ദ്ധാരണം ചെയ്യുന്ന കുട്ടിയുടെ സ്വകാര്യ ആനന്ദമല്ല ഈ പുസ്‌തക രചനക്ക്‌ പിന്നിലുള്ളതെന്ന്‌ പത്ത്‌ അധ്യായങ്ങളിലൂടെയും കടന്നു പോകുമ്പോള്‍ വ്യക്തമാകുന്നു. കുഴപ്പം പിടിച്ച പ്രശ്‌നത്തെ പരമാവധി ലഘൂകരിച്ച്‌, സാധാരണവായനക്കാരനെ മുന്നില്‍ കണ്ടാണ്‌ ചന്ദ്രശേഖര്‍ വിഷയത്തെ സമീപിച്ചിരിക്കുന്നത്‌.

സാഹിത്യത്തിലെ കാലത്തെ കുറിച്ചുള്ള പഠനം ധാരാളം നടന്നിട്ടുണ്ട്‌. പടിഞ്ഞാറന്‍ രാജ്യങ്ങളിലാകാട്ടെ സിനിമയിലെ സമയ വിനിയോഗം സംബന്ധിച്ച്‌ ചൂടുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു. മലയാള സിനിമകളെ അധികരിച്ച്‌ സമയ/കാല ഘടനയെ കുറിച്ച്‌ ചിന്തിക്കുന്നതാണ്‌ പുസ്‌തകത്തിന്‍റെ മൗലികത. ലോക സിനിമയില്‍ ഹെന്റി ബര്‍ഗ്‌സണും മാര്‍ട്ടിന്‍ ഹെയ്‌ഡറും ആന്ദ്ര തര്‍ക്കോസ്‌കിയും ഗോദ്ദാര്‍ദും ജോണ്‍ ബക്തുലും ഗ്രിഗറി ക്യൂറിയുമെല്ലാം മുന്നോട്ടു വയ്‌ക്കുന്ന കാലസങ്കേതങ്ങള്‍ മലയാള സിനിമയില്‍ പരീക്ഷിച്ച്‌ നോക്കുകയാണ്‌ ഗ്രന്ഥകാരന്‍.

മലയാളത്തിലെ മുഖ്യധാര സിനിമകളില്‍ ഇത്തരം പരീക്ഷണം നടത്തുന്നത്‌ സമയം കളയലാണെങ്കിലും ടി വി ചന്ദ്രന്‍ ചിത്രങ്ങളിലെ ഇത്തരം അന്വേഷണങ്ങളിലൂടെ കൗതുകകരമായ ഒട്ടേറെ നിരീക്ഷണങ്ങള്‍ ഗ്രന്ഥകാരന്‍ മുന്നോട്ട്‌ വയ്‌ക്കുന്നു. പരസ്‌പരം കലഹിക്കുന്ന കാലസങ്കേതങ്ങളെ ഔചിത്യ പൂര്‍വ്വം പുസ്‌തകം പരിചയപ്പെടുത്തുന്നു.

PROPRO
‘വില്‌ക്കാനുണ്ട്‌ സമയം’ എന്ന ആദ്യ അധ്യായത്തില്‍ ടെലിവിഷനിലും ചലച്ചിത്രത്തിലും സമയം എന്നത്‌ എങ്ങനെ ഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കൗതുകകരമായ യാഥാര്‍ത്ഥ്യം ചൂണ്ടികാണിക്കുന്നു. ദൃശ്യമാധ്യമത്തെ ഒരു പഠനമേഖലയായി കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഏറെ ഗുണകരമായ നിരീക്ഷണങ്ങള്‍ പുസ്തകം മുന്നോട്ട്‌ വയ്‌ക്കുന്നുണ്ട്‌.

സിനിമക്കുള്ളിലെ പലതരം കാലങ്ങളെ അടയാളപ്പെടുത്തുന്ന രീതിശാസ്‌ത്രങ്ങളെ മലയാള സിനിമയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്‌ ‘സമയത്തിന്‍റെ രൂപവും ഭാവവും’ എന്ന അധ്യായത്തില്‍ . മൊണ്ടാഷിലൂടെ കാലത്തെ മാറ്റിമറിക്കുന്ന സംവിധായ വിദ്യയുടെ ചുരുളഴിക്കുകയാണ്‌ ‘കാലത്തിന്‍റെ തിരുമുറിവില്‍ ’ .

ഫ്‌ലാഷ്‌ ബാക്കുകളുടേയും ഫ്‌ലാഷ്‌ ഫോര്‍വേഡുകളുടേയും ലാവണ്യശാസ്‌ത്രമാണ്‌ ‘ഘടികാരങ്ങള്‍ നിലയ്‌ക്കുമ്പോളില്‍ ’ചര്‍ച്ച ചെയ്യുന്നത്‌. സമയത്തോട്‌ മത്സരിക്കുന്ന പരസ്യ ചിത്രങ്ങളുടെ സമയമൂല്യത്തെ കുറിച്ചാണ്‌ ‘കാലം തടവറയില്‍ ’സംസാരിക്കുന്നത്‌. വര്‍ണ്ണ വ്യതിയാനങ്ങളിലൂടെ അടയാളപ്പെടുത്തുന്ന സിനിമാകാലത്തെ ‘കാലത്തിന്‍റെ കളര്‍കോഡിലൂടെ’യും ശബ്ദത്തിലൂടെ കാലത്തെ ദ്യോതിപ്പിക്കുന്ന സങ്കേതത്തെ ‘കാലത്തിന്‍റെ നിലവിളികളും മര്‍മ്മരത്തിലൂടെ’യും അവതരിപ്പിക്കുന്നു.

സിനിമ പാഠപുസ്‌തകങ്ങളിലൂടെ നിരന്തരം യാത്ര ചെയ്‌ത എഴുത്തുകാരന്‍ നടത്തിയ സാര്‍ത്ഥകമായ അന്വേഷണമാണ്‌ ലളിതഭാഷയില്‍ പുസ്‌തകരൂപത്തിലായിരിക്കുന്നത്‌. അവതാരികയില്‍ മധുഇറവങ്കര ചൂണ്ടികാണിക്കും പോലെ അനന്തമായ കാലത്തിന്‍റെ ആവേഗങ്ങള്‍ സിരകളിലാവാഹിച്ച്‌ ഒരു തീര്‍ത്ഥാടകന്‍റെ മനോനിലയോടെ വിഷയത്തെ സമീപിച്ചതിന്‍റെ ഫലശ്രുതി.

സമയം കളയാന്‍ സിനിമ കാണുന്നവര്‍ക്ക്‌ വേണ്ടിയല്ല, സിനിമയില്‍ സമയം കളയാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ വേണ്ടിയുള്ളതാണ്‌ ‘ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍’. സിനിമമാധ്യമത്തെ അടുത്തറിയാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വായനക്കാര്‍ക്കും ഒരു കൈപുസ്‌തകം. റെയിന്‍ബോ ബുക്‌സ്‌ പ്രസിദ്ധീകരിച്ച 153 പേജുള്ള ഈ പുസ്‌തകത്തിന്‍റെ വില 80 രൂപയാണ്‌.