കൈകള്‍ സുന്ദരമായി കാത്തുസൂക്ഷിക്കാം, ഇങ്ങനെ

ബുധന്‍, 25 മാര്‍ച്ച് 2015 (16:29 IST)
മുഖസൌന്ദര്യം കാത്തുസൂക്ഷിക്കാന്‍ നമ്മള്‍ എന്തൊക്കെ സാഹസങ്ങള്‍ ചെയ്യും. കാലിന്റെ സൌന്ദര്യം കാത്തുസൂക്ഷിക്കാനും നന്നായി സമയം മെനക്കെടുത്താറുണ്ട്. എന്നാല്‍, മുഖവും കാലും സുന്ദരമാക്കാന്‍ ഉപയോഗിക്കുന്ന കൈകളുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെയാണ് നാം ചെയ്യാറുള്ളത്. കൈകളും സുന്ദരമാക്കാം, അല്പം ശ്രദ്ധിച്ചാല്‍. ചില പൊടിക്കൈകള്‍ ഇതാ,
 
1. രൂക്ഷതയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ എല്ലായ്‌പോഴും കൈയുറകള്‍ ഉപയോഗിക്കുക. ഓരോതവണയും കൈ കഴുകിയ ശേഷം മോയിസ്ചറൈസര്‍ ഉപയോഗിക്കുക.
 
2. പച്ചച്ചീരയുടെ ചാറും കാരറ്റ് നീരും കൂട്ടിച്ചേര്‍ത്ത് പതിവായി കൈകളില്‍ പുരട്ടുന്നത് ചര്‍മ്മം മൃദുവാക്കും.
 
3. രക്തചന്ദനവും രാമച്ചവും ചേര്‍ത്ത് അരച്ചു കുഴമ്പു രൂപത്തിലാക്കി പനിനീരില്‍ ചാലിച്ച് കൈകളില്‍ പുരട്ടുക.
 
4. ഒരു ടേബിള്‍ സ്പൂണ്‍ കാച്ചാത്ത പാലില്‍ ബദാം പരിപ്പിട്ട് അരച്ച് കുഴമ്പു രൂപത്തിലാക്കി കൈകളില്‍ പുരട്ടുന്നതും കൈകളുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കും.
 
5. അല്പം കടലമാവെടുത്ത് ചെറുനാരങ്ങനീരും തിളപ്പിക്കാത്ത പാലുമായി കലര്‍ത്തി മിശ്രിതമുണ്ടാക്കുക. കൈകളില്‍ പുരട്ടി അല്പസമയത്തിനു ശേഷം കഴുകിക്കളയുക.
 
6. കറ്റാര്‍ വാഴയുടെ ജെല്‍ ഉരുളക്കിഴങ്ങു നീരിലോ കുക്കുമ്പര്‍ ജ്യൂസിലോ കലര്‍ത്തി കൈകളില്‍ പുരട്ടാം. ഇത് സണ്‍സ്ക്രീനിന്റെ ഗുണം ചെയ്യും.
 
7. ചെറുനാരങ്ങാനീരും പാല്‍പ്പൊടിയും തേനും കലര്‍ത്തി ഒരു മിശ്രിതമുണ്ടാക്കുക. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.

വെബ്ദുനിയ വായിക്കുക