ശുഭോദയം മാത്രമല്ല മുഹൂര്‍ത്തത്തിന് അടിസ്ഥാനം

ബുധന്‍, 7 ഏപ്രില്‍ 2010 (13:55 IST)
PRO
ശുഭഗ്രഹങ്ങളുടെ ഉദയകാലം മാത്രം അടിസ്ഥാനപ്പെടുത്തി ശുഭകര്‍മ്മങ്ങള്‍ക്കു മുഹൂര്‍ത്തം നിശ്ചയിച്ചാല്‍ അത് ശുഭഫലപ്രദമാകുകയില്ല. മഹാദോഷങ്ങളില്ലാത്തതും വിഹിതവുമായ തിഥി-വാര നക്ഷത്രങ്ങളില്‍ ശുഭോദയമുള്ള രാശി സമയം തന്നെ മുഹൂര്‍ത്തങ്ങള്‍ക്ക് സ്വീകരിക്കേണ്ടതാണ്.

വ്യാഴത്തിനും ശുക്രനും മൌഡ്യമുണ്ടായിരിക്കുക (ഏതെങ്കിലും ഒരു ഗ്രഹത്തിനായാലും മതി), ഗുരുശുക്ര പരസ്പര ദൃഷ്ടി, ഗുരുശുക്രന്മാരെ പകല്‍ ആകാശത്ത് ഉദിച്ചു കാണുക, സംസര്‍പ്പം, അംഹസ്പതി, അധിമാസം എന്നീ ആറ് ദോഷങ്ങള്‍ മാസോക്തങ്ങളായ കര്‍മ്മങ്ങളൊഴികെ മറ്റെല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്ജ്യമാണ്.

പ്രഭാത സമയവും പ്രദോഷത്തിന്റെ ആദ്യ രണ്ട് നാഴികയും മുഹൂര്‍ത്തങ്ങള്‍ക്കെല്ലാം വര്‍ജ്ജിക്കേണ്ടതാണ്. ക്ഷൌരവും സമാവര്‍ത്തനവും ഒഴികെ രാത്രി നിഷേധിക്കപ്പെട്ടിട്ടുള്ള എല്ലാ കര്‍മ്മങ്ങളും പ്രഭാതത്തില്‍ ചെയ്യാമെന്നും അഭിപ്രായമുണ്ട്.

മുഹൂര്‍ത്ത ലഗ്നാധിപനും ചന്ദ്രനും ബലവാന്മാരായിരിക്കുകയും ലഗ്നം മൂര്‍ദ്ധോദയ രാശിയായിരിക്കുകയും ചെയ്താല്‍ ഏഴാമിടം ഒഴിച്ചുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്ന പാപഗ്രഹങ്ങളുടെ ലഗ്നത്തിലേക്കുള്ള ദൃഷ്ടിക്ക് ദോഷമില്ല.

ഗ്രഹണാന്തരം ആറുമാസം കഴിഞ്ഞതിനു ശേഷം ബലവാനായ ശുഭഗ്രഹം മുഹൂര്‍ത്ത ലഗ്നത്തില്‍ നില്‍ക്കുമ്പോള്‍ രാഹുവോ കേതുവോ നില്‍ക്കുന്ന രാശി ശുഭകര്‍മ്മങ്ങള്‍ക്ക് ഉത്തമമായി തന്നെ സ്വീകരിക്കാം.

ലഗ്നം, 4, 7, 10 എന്നീ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന വ്യാഴം മുഹൂര്‍ത്ത ലഗന്ത്തിന്റെ ഉഭയപാപത്വമാവുന്ന ദോഷത്തെ ഇല്ലാതാക്കുന്നു. കേന്ദ്രത്തിലോ ത്രികോണത്തിലോ ഉപചയത്തിലോ ബലത്തോടു കൂടി നില്‍ക്കുന്ന ശുഭഗ്രഹവും ഉഭയപാപദോഷത്തെ ഹനിക്കുന്നതാണ്.

ലഗ്നത്തിന്റെ അനിഷ്ട സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ പാപന്മാരോ ശുഭന്മാരോ ആയിരുന്നാലും അവര്‍ ഉച്ചരാശികളിലോ സ്വക്ഷേത്രത്തിലോ ബലത്തോടു കൂടി നില്‍ക്കുകയാണെങ്കില്‍ ദോഷമില്ലാത്തതും ശുഭപ്രദവുമായിരിക്കും.

ബലവാനായ ശുക്രനോ വ്യാഴമോ മുഹൂര്‍ത്ത ലഗ്നത്തില്‍ നില്‍ക്കുമ്പോള്‍ നല്ല ചന്ദ്രക്രിയയോടും ശുഭഗ്രഹത്തിന്റെ ദൃഷ്ടിയോടും കൂടി ശുക്ലപക്ഷത്തിലെ ബലവാനായ ചന്ദ്രന്‍ ശുഭരാശിയില്‍ ആറാമിടത്തോ പന്ത്രണ്ടാമിടത്തോ നിന്നാലും ദോഷമില്ല.

ഗുണത്തിന്റെയും ദോഷത്തിന്റെയും ബലത്തെ സൂക്ഷ്മമായി നിരീക്ഷിച്ചറിഞ്ഞുകൊണ്ട് ഗുണങ്ങള്‍ ബലവത്തായിരിക്കുമ്പോള്‍ വേണം എല്ലാ ശുഭകര്‍മ്മങ്ങളും ചെയ്യേണ്ടത്. ഓരോ മുഹൂര്‍ത്തങ്ങളെ കുറിച്ച് ചിന്തിക്കുമ്പോഴും മുഹൂര്‍ത്തസംബന്ധമായി മേല്‍പ്പറഞ്ഞവയെല്ലാം പരിഗണിച്ചുകൊണ്ടുമാത്രമേ മുഹൂര്‍ത്തസമയം നിശ്ചയിക്കാന്‍ പാടുള്ളൂ എന്നര്‍ത്ഥം.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

വെബ്ദുനിയ വായിക്കുക