ശക്തമായ മഴ, കനത്ത സുരക്ഷയിൽ വാവുബലി തർപ്പണം

ശനി, 11 ഓഗസ്റ്റ് 2018 (08:35 IST)
ശക്തമായ മഴയെും വെള്ളപ്പൊക്കവും മൂലം കനത്ത​സുരക്ഷയിൽ വിവിധ ക്ഷേത്രങ്ങളിൽ വാവുബലി തർപ്പണം നടന്നു. ആലുവ ശിവക്ഷേത്രം, വർക്കല പാപനാശം തുടങ്ങിയ ക്ഷേത്രങ്ങളിൽ ബലിതർപ്പണം നടന്നു. പൊതുവേ ഏറ്റവും അധികം ആളുകൾ എത്തുന്ന ആലുവ മണപ്പുറത്ത് വെള്ളപ്പൊക്കമായതിനാൽ താരതമ്യേനെ കുറവ് ആളുകളാണ് എത്തിയത്.
 
ഭാരതീയ വിശ്വാസമനുസരിച്ച് വാവുബലി അഥവാ പിതൃതര്‍പ്പണത്തിന് ആത്മീയതയുടെ മഹത്തായ ഒരു തലമുണ്ട്. ദക്ഷിണായനത്തിന്‍റെ തുടക്കമായ കര്‍ക്കിടകത്തിലാണ് വാവുബലി.
 
ദക്ഷിണായനം പിതൃപ്രാധാന്യമുള്ളതാണെന്നാണ് വിശ്വാസം. ദക്ഷിണായനത്തില്‍ ജീവന്‍ വെടിയുന്നവര്‍ പിതൃലോകം പൂകുന്നു. പിതൃലോകമെന്നാല്‍ ഭൂമിക്ക് മുകളിലുള്ള ഭുവര്‍ ലോകമാണ്. 
 
അതായത്, പതിനാല് ലോകങ്ങളില്‍ ഭൂമിയുടെ സ്ഥാനം മധ്യത്തിലും അതിനു മുകളില്‍ ഭുവര്‍ ലോകവും അതിനും മുകളില്‍ സ്വര്‍ഗ്ഗ ലോകവും ആണ് എന്നാണ് വിശ്വാ‍സം. ഭൂമി, ജലം, വായു, ആകാശം, അഗ്നി എന്നിങ്ങനെയുള്ള പഞ്ച ഭൂതങ്ങളില്‍ ഭൂമിക്ക് മുകളില്‍ ജലത്തിന്‍റെ സാന്നിധ്യമാണ്. അതിനാല്‍, ഭുവര്‍ ലോക വാസികള്‍ക്ക് ജലതര്‍പ്പണം നടത്തേണ്ടതുണ്ട്. അവര്‍ക്ക് ജലത്തിലൂടെ മാത്രമേ ഭക്ഷണം കഴിക്കാനാവൂ.
 
പിതൃക്കള്‍ക്ക് ഭൂമിയിലെ ഒരു മാസം ഒരു ദിവസമാണ്. അവര്‍ക്ക് പന്ത്രണ്ട് ദിവസത്തിലൊരിക്കല്‍ ഭക്ഷണമെത്തിച്ചു കൊടുക്കേണ്ടത് ഭൂമിയിലെ ബന്ധുക്കളുടെ കടമയും. കര്‍ക്കിട മാസത്തിലെ കറുത്ത പക്ഷത്തിന് പിതൃക്കള്‍ക്ക് ആഹാരമെത്തിക്കുന്ന ആചാരമാണ് വാവുബലി. 
 
കാശി പോലെയുള്ള പുണ്യ തീര്‍ത്ഥങ്ങളില്‍ ബലി തര്‍പ്പണം ചെയ്താല്‍ അത്മാക്കള്‍ക്ക് പിതൃലോകത്തിനും മേലെയുള്ള ലോകങ്ങളില്‍ പ്രവേശനം ലഭിക്കുമെന്നും വിശ്വാസമുണ്ട്.
 
ബ്രഹ്മചാരിത്വം കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ മരിച്ചാല്‍ ബ്രഹ്മ ലോകം പൂകുമെന്നാണ് വിശ്വാസം. ഇത്തരത്തിലുള്ളവരുടെ ഏഴു തലമുറ മുമ്പും പിമ്പുമുള്ളവര്‍ പോലും പരേതന്‍റെ സദ് ഗുണത്താല്‍ ബ്രഹ്മലോക പ്രാപ്തി നേടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍