ഗ്രഹണം മുതല്‍ ഏഴ് നാള്‍ വര്‍ജ്ജിക്കണം

ബുധന്‍, 17 ഫെബ്രുവരി 2010 (12:20 IST)
PRO
ചന്ദ്രഗ്രഹണമോ സൂര്യഗ്രഹണമോ ഉള്ള ദിവസം മുതല്‍ ഏഴ് ദിവസം ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജ്യമാണ്. സൌരസംവത്സരം, ചാന്ദ്ര സംവത്സരം, ജൈവ സംവത്സരം, എന്നീ മൂന്ന് സംവത്സരങ്ങളില്‍ സൌരസംവത്സരത്തിന്റെ ഒടുവില്‍ ഏഴ് ദിവസങ്ങളും ചാന്ദ്രജൈവസംവത്സരങ്ങളുടെ ഒടുവില്‍ അഞ്ച് ദിവസങ്ങളും ഈ മൂന്ന് സംവത്സരങ്ങളുടെ ആരംഭത്തില്‍ മൂന്ന് ദിവസങ്ങള്‍ വീതവും മുഹൂര്‍ത്തത്തിന് ഉത്തമമല്ല. ഈ സംവത്സരങ്ങളുടെ മധ്യത്തില്‍ 15 ദിവസങ്ങള്‍ കൂടി വര്‍ജ്ജിക്കുന്നത് ഉത്തമമാഉയിരിക്കും.

ചൈത്രമാസത്തില്‍ കുംഭം രാശിയും വൈശാഖമാസത്തില്‍ മീനം രാശിയും ജ്യേഷ്ഠമാസത്തില്‍ മിഥുനം രാശിയും ശ്രാവണ മാസത്തില്‍ മേടം രാശിയും പ്രോഷ്ഠപദമാസത്തില്‍ കന്നിരാശിയും അശ്വിന മാസത്തില്‍ വൃശ്ചികം രാശിയും കാര്‍ത്തിക മാസത്തില്‍ തുലാം രാശിയും മാര്‍ഗ്ഗശീര്‍ഷ മാസത്തില്‍ ധനുരാശിയും പൌഷമാസത്തില്‍ കര്‍ക്കിടകം രാശിയും മാഘമാസത്തില്‍ മകരം രാശിയും ഫാല്‍ഗുന മാസത്തില്‍ ചിങ്ങം രാശിയും മുഹൂര്‍ത്തങ്ങള്‍ക്ക് വര്‍ജ്ജിക്കേണ്ടതാണ്.

ചൈത്രമാസത്തില്‍ അശ്വതിയും രോഹിണിയും; വൈശാഖമാസത്തില്‍ ചിത്തിര, പൂയം, ഉത്രാടം, ചോതി എന്നിവയും; ജ്യേഷ്ഠമാസത്തില്‍ പുണര്‍തവും; ആഷാഡമാസത്തില്‍ പൂരം, അവിട്ടം എന്നിവയും; ശ്രാവണമാസത്തില്‍ പൂരാടവും ഉത്രാടവും; പ്രോഷ്ഠപദമാസത്തില്‍ ചതയവും രേവതിയും; അശ്വിനമാസത്തില്‍ ഉതൃട്ടാതിയും കാര്‍ത്തികമാസത്തില്‍ മകയിരം, അനിഴം, കാര്‍ത്തിക, പൂയം എന്നിവയും; മാര്‍ഗ്ഗശീര്‍ഷമാസത്തില്‍ ഉതൃട്ടാതി, അനിഴം, വിശാഖം എന്നിവയും; മാഘമാസത്തില്‍ തിരുവോണവും മൂലവും; ഫാല്‍ഗുനമാസത്തില്‍ ഭരണിയും തൃക്കേട്ടയും ശുഭകര്‍മ്മങ്ങള്‍ക്ക് യോഗ്യമല്ല.

ചൈത്രാദി 12 മാസങ്ങളില്‍ വെളുത്തപക്ഷമാണെങ്കില്‍ ക്രമേണ ഷഷ്ഠി, പഞ്ചമി, ദ്വാദശി, സപ്തമി, ദശമി, ചതുര്‍ത്ഥി, ദശമി, പ്രഥമ, ഏകാദശി, ദ്വിതീയ, ത്രിതീയ, അഷ്ടമി, നവമി, എന്നീ തിഥികള്‍ക്കും; കൃഷ്ണപക്ഷത്തില്‍ സപ്തമി, ഷഷ്ഠി, ത്രയോദശി, അഷ്ടമി, ഏകാദശി, പഞ്ചമി, ദ്വിതീയ, ദ്വാദശി, ത്രിതീയ, ചതുര്‍ത്ഥി, നവമി, ദശമി എന്നീ തിഥികള്‍ക്കും ദോഷമുള്ളതിനാല്‍ ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജിക്കേണ്ടതാണ്. ചില ദേശങ്ങളില്‍, പൌഷമാസം വിവാഹത്തിനും മറ്റ് ശുഭകര്‍മ്മങ്ങള്‍ക്കും വര്‍ജ്ജിക്കുന്നു.

ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, വ്യാഴം എന്നീ ഗ്രഹങ്ങളൊഴിച്ച ശേഷമുള്ള ഗ്രഹങ്ങള്‍ നില്‍ക്കുന്ന രാശികളും അതിന്റെ പൂര്‍വ രാശികളും അവ പ്രവേശിക്കുവാന്‍ പോകുന്ന രാശികളും ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജ്യമാവുന്നു. അതായത്, ഗ്രഹം നില്‍ക്കുന്ന രാശിയും അതിന്റെ ഇരുപുറവും ഉള്ള രാശികളും എന്ന് സാരം.

സൌരമാസം, ചാന്ദ്രമാസം, സാവനമാസം, നക്ഷത്രമാസം എന്നീ നാല് മാസങ്ങളുടെയും ആദ്യ മൂന്ന് ദിവസങ്ങളും ആദ്യന്തങ്ങളില്‍ 10, 5 എന്നീ നാഴികകളും ശുഭകര്‍മ്മങ്ങള്‍ക്ക് ത്യജിക്കേണ്ടതാണ്.

ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മകരം, കര്‍ക്കിടകം, എന്നീ സംക്രമ ദിവസങ്ങള്‍ക്ക് മുമ്പും പിമ്പുമായി മുമ്മൂന്നു ദിവസം വീതം ആറ് ദിവസങ്ങളും മേടം, തുലാം എന്നീ മാസങ്ങളിലെ വിഷുസംക്രമത്തിനു മുമ്പും പിമ്പും ഓരോ ദിവസങ്ങളും ശേഷം സംക്രമങ്ങള്‍ക്കു 30 നാഴിക വീതവും ശുഭ മുഹൂര്‍ത്തങ്ങള്‍ക്ക് വര്‍ജ്ജ്യമാവുന്നു.

ലേഖനം അടുത്ത ആഴ്ചയും തുടരുന്നതാണ്

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386.

വെബ്ദുനിയ വായിക്കുക