ഭാര്യ ചൂണ്ടിക്കാട്ടിയപ്പോഴാണ് ദിനേശന് അത് ശ്രദ്ധിച്ചത്. തന്റെ കാലുകളില്‍ ഞരമ്പുകള്‍ മുഴച്ച് നില്ക്കുന്നു. ആശങ്കയിലായ ദിനേശന് ഡോക്ടറുടെ അടുത്തേക്കോടി. ഡോക്ടര്‍ പറഞ്ഞപ്പോഴാണ് ഇത് സാധാരണ ഉണ്ടാകുന്ന രോഗമാണെന്ന് ദിനേശന് മനസിലാക്കിയത്.
‘വെരിക്കോസ് വെയിന്‍’ ആണ് തന്റെ പ്രശ്നമെന്ന് ദിനേശന് മനസിലായി. ഇത് കാലുകളിലും പാദങ്ങളിലുമാണ് കൂടുതലും ഉണ്ടാകുന്നത്. ദീര്‍ഘനേരം നില്ക്കുന്നതും നടക്കുന്നതും മൂലം കാലുകള്‍ക്ക് സമ്മര്ദദമുണ്ടാകുന്നത് വെരിക്കോസ് വെയിന്‍ ബാധിക്കാന്‍ കാരണമാകുന്നു.
മിക്കവര്‍ക്കും വെരിക്കോസ് വെയിന്‍ ഒരു സൌന്ദര്യ പ്രശ്നമാണ്. ചിലര്‍ക്ക് ഇത് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നു. ചില അവസരങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കാറുമുണ്ട്.
വെരിക്കോസ് വെയിന്‍ ഇപ്പോള്‍ ഫലപപ്രദമായി ചികിത്സിക്കാവുന്നതാണ്. എന്നാല്‍, ഇത് വീണ്ടും വരാനുളള സാധ്യത ഉണ്ട്. ഇറുക്കമുള്ള കാലുറകള്‍ ധരിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. ബാന്‍ഡേജ് ഇറുക്കിക്കെട്ടുകയും ആകാം.
ശസ്ത്രക്രിയയും ഫലപ്രദമാണ്. പ്രശ്നം സൃഷ്ടിക്കുന്ന ഞരമ്പുകള്‍ നീക്കം ചെയ്യുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. ഞരമ്പുകള്‍ നീക്കം ചെയ്യുന്നത് രക്ത ചംക്രമണത്തെ ബാധിക്കില്ല. കാലുകളിലെ മറ്റ് ഞരമ്പുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് മൂലമാണിത്.