ആദ്യകുര്‍ബാന ഭരണങ്ങാനത്തെ ചാപ്പലില്‍

PROPRO
അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചാലുടന്‍ നടക്കുന്ന കുര്‍ബാന ഭരണങ്ങാനത്തെ അല്‍ഫോന്‍സാ ചാപ്പലില്‍ ആയിരിക്കും. ഞായറാഴ്ച വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ നടത്തുന്ന വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്ത ചടങ്ങ്‌ പൂര്‍ത്തിയായാലുടന്‍ ഭരണങ്ങാ‍നത്തെ ആദ്യ കുര്‍ബാന ആരംഭിക്കും.

കുര്‍ബാനയ്ക്ക്‌ ശേഷം വിശുദ്ധയുടെ തിരുരൂപവും വഹിച്ചു കൊണ്ടുള്ള ആദ്യത്തെ പ്രദക്ഷിണവും നടക്കും. കുര്‍ബാന നടക്കുന്ന ചാപ്പലിന്‍റെയും ഭരണങ്ങാനം പള്ളിയുടെയും നവീകരണ ജോലികള്‍ അവസാന ഘട്ടത്തിലാണ്‌.

വൈകിട്ട്‌ നാലരയ്ക്കാണ് കുര്‍ബാന നടക്കുക. പാലാ രൂപതാ പ്രോട്ടോ സിഞ്ചലൂസ്‌ ഫാദര്‍ ജോര്‍ജ്‌ ചൂരേക്കാട്ട്‌ ഇതിന് നേതൃത്വം നല്‍കും.
PROPRO


അല്‍ഫോന്‍സാമ്മയുടെ കുടുംബങ്ങള്‍ കുര്‍ബാനയില്‍ പങ്കെടുക്കും. കുടമാളൂര്‍, മുട്ടുചിറ എന്നിവിടങ്ങളിലെ അല്‍ഫോണ്‍സാമ്മയുടെ വീടുകളില്‍ നിന്നും ഒരാളെ വീതം സഭ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്‌.

വൈകിട്ട്‌ ആറിന്‌ ഭരണങ്ങാനം പള്ളിയില്‍ നിന്നാരംഭിക്കുന്ന നഗര പ്രദക്ഷിണത്തിന്‌ ചാപ്പലിലെ ചെറിയ രൂപമാണ്‌ പുറത്തേക്ക്‌ എഴുന്നള്ളിക്കുന്നത്‌. വിശുദ്ധന്‍മാരുടെ ശിരസില്‍ ചൂടിക്കുന്ന ദിവ്യവലയ കിരീടം അന്നാദ്യമായി അല്‍ഫോണ്‍സാ തിരുരൂപത്തില്‍ അണിയിക്കും. കിരീടത്തോടു കൂടിയായിരിക്കും ചാപ്പലില്‍ അല്‍ഫോന്‍സാ തിരുരൂപംസ്ഥാപിക്കുക.

.

ഞായറാഴ്ച കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര സഭകളിലെ ദേവാലയങ്ങളില്‍ ദിവ്യബലിക്കിടെ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് എല്ലാ ക്രിസ്ത്യന്‍ പള്ളികളിലും മണി മുഴങ്ങും.

ഭരണങ്ങാ‍നത്തെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കാനും ദു:ഖങ്ങള്‍ പറഞ്ഞു തീര്‍ക്കാനും എത്തുന്ന വിശ്വാസികളുടെ വന്‍ തിരക്കാണ്. ചാപ്പലില്‍ എത്തുന്ന ആളുകള്‍ക്ക് കുമ്പസാരത്തിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ജന്മസ്ഥലമായ കുടമാളൂരിലും ഈ വിശുദ്ധ മുഹൂര്‍ത്തം ആഘോഷിക്കുന്നുണ്ട്. ഞായറാഴ്ച മുതല്‍ പന്ത്രണ്ട് ദിവസം വിവിധ പരിപാടികള്‍ ജന്മഗൃഹത്തിലും കുടമാളൂര്‍ സെന്‍റ് മേരീസ് പള്ളിയിലും നടക്കും.

വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്‌ 12.30 നാണ്‌ വിശുദ്ധ നാമകരണ ചടങ്ങ്‌ ആരംഭിക്കുക. നാമകരണത്തിനു മുന്നോടിയായി വത്തിക്കാനില്‍ ജാഗരണ പ്രാര്‍ത്ഥന നടക്കുന്നുണ്ട്.തിങ്കളാഴ്ച രാവിലെ കൃതജ്ഞതാ ബലിയോടെ ചടങ്ങുകള്‍ സമാപിക്കും