വേലൂരിലെ പള്ളിയും അര്‍ണോസ് പാതിരിയും

തിങ്കള്‍, 5 ഒക്‌ടോബര്‍ 2009 (15:28 IST)
PRO
PRO
തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരി എന്ന ചെറിയ പട്ടണത്തിന്റെ കിഴക്ക് മാറി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് വേലൂര്‍. ചരിത്രപരമായും ഐതിഹ്യപരമായും ഏറെ പ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങളുള്ള വേലൂരിലെ പ്രധാന ആകര്‍ഷണം അവിടത്തെ സെന്റ് ഫ്രാന്‍‌സിസ് സേവിയേഴ്സ് ഫൊറോന ദേവാലയം തന്നെ. കാരണം, ആധുനിക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളില്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു വൈദേശിക സന്യാസിയായ അര്‍ണ്ണോസ് പാതിരി സ്ഥാപിച്ച ദേവാലയമാണിത്.

ജര്‍മ്മനിയിലെ ഓസ്നാബ്റൂക്കിന് സമീപമുള്ള ഓസ്റ്റര്‍കാപ്പലിന്‍ എന്ന സ്ഥലത്ത്, 1681-ല്‍ ജനിച്ച ജോഹാന്‍ ഏര്‍ണസ്റ്റ് ഹാന്‍ക്സ്ലെഡനാണ് വേലൂര്‍ നിവാസികളുടെ അര്‍ണോസ് പാതിരിയായി പില്‍‌ക്കാലത്ത് മാറിയത്. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഈശോ സഭയില്‍ ചേരാനാണ് യുവാവായ ഏര്‍ണസ്റ്റ് ആദ്യം സൂറത്തിലും പിന്നീട് ഗോവയിലും അതുകഴിഞ്ഞ് തൃശ്ശൂര്‍ ജില്ലയിലെ മാളയിലും എത്തിയത്.

മാളയില്‍ വച്ച്, 1704-ലാണ് ഏണസ്റ്റിന് വൈദികപട്ടം ലഭിച്ചത്. മാളയില്‍ അന്നുണ്ടായിരുന്ന സെമിനാരിയിലെ (അമ്പഴക്കാട് സെമിനാരി) വൈദികവിദ്യാഭ്യാസമാണ് ഹാന്‍ക്സ്ലെഡനെ മലയാള-സംസ്കൃത ഭാഷകളില്‍ നിപുണനാക്കിയത് എന്ന് കരുതപ്പെടുന്നു. ഭാഷാ പഠനത്തില്‍ ഏറെ താല്‍‌പര്യം കാണിച്ചിരുന്ന ഏണസ്റ്റ് പാതിരി സംസ്കൃതം പഠിക്കാനായി അന്നത്തെ സാംസ്കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്ന തൃശൂരിലേക്ക് വരികയായിരുന്നു.

ജര്‍മ്മനും ഒട്ടൊക്കെ ഇംഗ്ലീഷും വശമായിരുന്ന പാതിരി സംസ്കൃത ഭാഷ പഠിക്കാന്‍ അനേകം പേരെ സമീപിച്ചെത്രെ. എന്നാല്‍ ഒരു വിദേശിയെ പഠിപ്പിക്കാന്‍ ആരും തയ്യാറായില്ല. അന്ന് ശൂദ്രന്മാരെപോലും സംസ്കൃതം പഠിക്കാന്‍ സമ്മതിച്ചിരുന്നില്ല. അവസാനം അങ്കമാലിക്കടുത്തുള്ള കുഞ്ഞനെന്നും കൃഷ്ണനെന്നും പേരായ രണ്ട്‌ നമ്പൂതിരിമാര്‍ പാതിരിയുടെ ഗുരുക്കന്‍മാരായി. താളിയോലയിലെഴുതിയ സിദ്ധരൂപം അവര്‍ അദ്ദേഹത്തിന് നല്‍കി. അതുവഴി ഒരു ജര്‍മന്‍ പാതിരിയെ കേരളത്തിനായി ദത്തെടുക്കുകയായിരുന്നു കുഞ്ഞനും കൃഷ്ണനും.

കൊടുങ്ങല്ലൂര്‍ മെത്രോപൊലീത്തയുടെ സെക്രട്ടറിയായി പദവി ലഭിച്ചപ്പോള്‍ മാളയില്‍ നിന്ന് പുത്തഞ്ചിറയിലേയ്ക്ക് ഏണസ്റ്റ് പാതിരി താമസം മാറ്റി. തുടര്‍ന്ന് ഉദയം‍പേരൂര്‍ അടക്കമുള്ള ചില പള്ളികളില്‍ സേവനമനുഷ്ഠിച്ച ശേഷം ഏണസ്റ്റ് പാതിരി വേലൂരില്‍ എത്തി. സംസ്കൃതത്തില്‍ പാതിരി നേടിയ വ്യുല്‍പ്പത്തിയും ചതുരംഗഭ്രാന്തുമാണ് വേലൂരില്‍ പാതിരിക്കൊരു ഭവനമൊരുങ്ങാന്‍ കാരണമായത്‌. പാതിരിയുടെ വ്യുല്‍‌പ്പത്തിയും ഭ്രാന്തും ബോധിച്ച വേലൂര്‍ പെരുവലിക്കാട്‌ നായര്‍ തറവാട്ടുകാര്‍ വെങ്ങിലശേരി കുന്നിന്‍മേലുള്ള ഭവനം പാതിരിക്കായി വിട്ടു കൊടുക്കുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ വേലൂരില്‍ പാതിരിയൊരു ദേവാലയവും പള്ളിമേടയും പണികഴിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികള്‍ ഉണ്ടായതെന്ന് കരുതപ്പെടുന്നു. വെങ്ങിലശേരിയിലുണ്ടായിരുന്ന പാതിരിയുടെ ഭവനം ഒരു പണ്ഡിതസഭയുമായിരുന്നു. പാതിരിയും കൂട്ടുകാരും ചര്‍ച്ചകള്‍ നടത്തിയിരുന്നതും ചതുരംഗം കളിച്ചിരുന്നതും ഇവിടെ വച്ചായിരുന്നു. ഇടക്കിടെ പാണ്ഡിത്യം തെളിയിക്കാനുള്ള സൗഹൃദ മത്സരങ്ങളും ഇവിടെ നടന്നിരുന്നു.

അടുത്ത പേജില്‍ വായിക്കുക, ‘പാമ്പുകടിയേറ്റ് മരിച്ച പാതിരി’

PRO
PRO
പാതിരി ഏറ്റവും കൂടുതല്‍ കാലം ഉണ്ടായിരുന്നത് വേലൂരിലായിരുന്നു. ജാതി-മത ഭേദമന്യേ നാട്ടുകാരുടെ സകല കാര്യങ്ങളിലും ഇടപ്പെട്ടിരുന്ന ഏണസ്റ്റിനെ നാട്ടുകാര്‍ സ്നേഹത്തോടെ ‘അര്‍ണോസ്’ പാതിരി എന്ന് വിളിക്കാന്‍ തുടങ്ങി. ജോണ്‍ ഏണസ്റ്റ് ഹാംഗ്സില്‍ഡണ്‍ എന്ന പേര് ചോദിച്ചാല്‍ വേലൂര്‍ നിവാസികള്‍ ഇപ്പോഴും കണ്‍മിഴിക്കും. അവര്‍ക്ക് അര്‍ണോസ് പാതിരിയാണ്. ഏണസ്റ്റ് ലോപിച്ചാണ് അര്‍ണോസ് എന്നായതെന്ന് അനുമാനിക്കുന്നു.

മുപ്പതു വര്‍ഷത്തോളം സേവന നിരതവും തേജോമയവുമായ ഒരു താപസ ജീവിതം നയിച്ച് തീര്‍ത്തും ഒരു കേരളീയനായി, മലയാള ഭാഷയേയും മണ്ണിനേയും ജീവനുതുല്യം സ്നേഹിച്ച് ജീവിച്ച പാതിരിയുടേത് ഒരു അകാലചരമമായിരുന്നു. പഴുവില്‍ വെച്ച്, 1732-ല്‍ പാമ്പു കടിയേറ്റാണ് അര്‍ണോസ് പാതിരി മരിച്ചത്. കൊച്ചിയിലെ രാജാവ് പോലും പാതിരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചതായി ചരിത്രരേഖകള്‍ പറയുന്നു. അര്‍ണോസ് പാതിരിയുടെ ഓര്‍മ്മകളുറങ്ങുന്ന വേലൂര്‍ പള്ളി ഇന്ന് അനേകം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്ന പുണ്യസ്ഥലമാണ്.

കടമറ്റത്ത്‌ കത്തനാരെയും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനേയും പോലെ നിരവധി ഐതിഹ്യ കഥകള്‍ അര്‍ണോസ്‌ പാതിരിയെപ്പറ്റിയും പഴമക്കാര്‍ പറയാറുണ്ട്‌. മന്ത്രതന്ത്ര വിദ്യകളാണ്‌ കടമറ്റത്ത്‌ കത്തനാരെക്കുറിച്ചുള്ള ഐതിഹ്യകഥകളായി പ്രചരിക്കുന്നതെങ്കില്‍, ഭാഷയിലുള്ള വ്യുല്‍പ്പത്തിയെപ്പറ്റിയുള്ളതാണ്‌ അര്‍ണോസ്‌ പാതിരിയെപ്പറ്റിയുള്ള കഥകള്‍.

പാതിരിയെ കളിയാക്കാനായി ചെന്ന ഒരു നമ്പൂതിരിക്ക്‌ സംഭവിച്ച അമളി പ്രസിദ്ധമാണ്‌. പാതിരിയുടെ നീലനിറത്തിലുള്ള കണ്ണുകളെ പരിഹസിച്ച്‌ നമ്പൂതിരി ഗണപതി വാഹനരിപുനയനായെന്ന്‌ വിളിച്ചുവെത്രെ. (ഗണപതിയുടെ വാഹനം = എലി + രിപു (ശത്രു) = പൂച്ച + നയനാ = പൂച്ചക്കണ്ണാ) ഒട്ടും അമാന്തമില്ലാതെ തിരിച്ചടിച്ചു, ദശരഥനന്ദന ദൂതമുഖായെന്ന്‌ (ദശരഥനനന്ദന്‍ = ശ്രീരാമന്‍ + ദൂതന്‍ = ഹനുമാന്‍ + മുഖം= കുരങ്ങിന്‍ മുഖത്തോട്‌ കൂടിയവനേ)

ഇനിയൊരിക്കല്‍ ഒരു ഇളയതിനാണ്‌ അബദ്ധം പറ്റിയത്‌. ഭാഷാ വ്യുല്‍പ്പത്തിയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന്‌ ധരിച്ചു വശായ ഇളയത്‌, പൊക്കം കുറഞ്ഞ് ഈര്‍ക്കില്‍ പോലെയായിരുന്ന പാതിരിയോട്‌ ‘പാതിരി’ (പാതിരി = ഒരു കാട്ടു വൃക്ഷം) വില്ലിന് ബഹുവിശേഷമാണ്‌ എന്നു പരിഹസിച്ചു. ഉടന്‍ ഇളയതായാല്‍ ഏറ്റവും നന്നെന്ന്‌ പാതിരി തിരിച്ചടിച്ചു. ഈ ഉദാഹരണങ്ങളില്‍നിന്ന്‌ പാതിരിക്കെത്രെ വ്യുല്‍പ്പത്തിയും ഭാരതീയ സാഹിത്യത്തിലെത്ര പാണ്ഡിത്യവുമുണ്ടെന്ന്‌ മനസ്സിലാകും.

ചതുരാന്ത്യം, മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം, മിശിഹാചരിത്രം, വ്യാകുല പ്രബന്ധം, പുത്തന്‍പാന എന്നിവയാണ്‌ പാതിരിയുടെ കാവ്യഗ്രന്ഥങ്ങള്‍. മലയാളഭാഷയ്ക്കു വേണ്ടതായ വ്യാകരണഗ്രന്ഥങ്ങളും, മലയാളം - സംസ്കൃതനിഘണ്ടു തുടങ്ങി എന്നിവയും ലാറ്റിന്‍ ഭാഷയിലെഴുതിയ പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളാണ്‌.

അടുത്ത പേജില്‍ വായിക്കുക, ‘അര്‍ണോസിന്റെ പുത്തന്‍പാനയും പൂന്താനത്തിന്റെ ജ്ഞാനപ്പാനയും’

PRO
PRO
മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായിട്ടാണ്‌ സാഹിത്യ ചരിത്രകാരന്മാര്‍ പുത്തന്‍പാനയെ കാണുന്നത്‌. ഒരു ജര്‍മ്മന്‍ പാതിരിയാണ്‌ പുത്തന്‍പാനയുടെ രചയിതാവ്‌ എന്നറിയുന്നത്‌ വളരെ ചുരുക്കം പേര്‍ക്കുമാത്രമാണ്‌. പുത്തന്‍ പാനയാണ് മലയാളത്തിലെ ആദ്യമഹാകാവ്യമെന്നും ആര്‍ക്കുമറിയില്ല.

അന്നുവരെയുള്ള സംസ്കൃതസാഹിത്യ ഗ്രന്ഥങ്ങളെല്ലാം പരിചയിച്ച പാതിരി ഒരു കവിയായതിനാല്‍ അത്ഭുതപ്പെടാനില്ലല്ലോ! ഹിന്ദുക്കള്‍ക്കുണ്ടായിരുന്ന സാഹിത്യഗ്രന്ഥങ്ങളെപ്പോലെ ചിലത്‌ ക്രൈസ്തവര്‍ക്കും വേണമെന്ന പാതിരിയുടെ ദൃഢനിശ്ചയവും അതിന്‌ പിന്നിലുണ്ടായിരുന്നു.

ചതുരാന്ത്യം, മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം, മിശിഹാചരിത്രം, വ്യാകുല പ്രബന്ധം, പുത്തന്‍പാനഎന്നിവയാണ്‌ പാതിരിയുടെ പ്രധാന കൃതികള്‍. അതില്‍ പുത്തന്‍പാന സ്വാരസ്യം കൊണ്ടും ഭക്തിരസത്താലും മറ്റുള്ള കാവ്യങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നു. രക്ഷാകരവേദകീര്‍ത്തനമെന്നും ഈ കൃതിക്ക്‌ പേരുണ്ട്‌.

പുത്തന്‍പാനയെന്ന പേര്‌ പൂന്താനത്തിന്റെ ജ്ഞാനപ്പാനയെ ഓര്‍മ്മിപ്പിക്കുന്നതില്‍ അസ്വഭാവികതയില്ല. പൂന്താനത്തിന്റെ ജ്ഞാനപ്പാനയെ മാതൃകയാക്കിയാണ്‌ ക്രിസ്തുവിന്റെ കുരിശുമരണത്തെ പ്രകീര്‍ത്തിക്കുന്ന പുത്തന്‍പാനയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്‌. ഇതു രചിക്കപ്പെട്ടത്‌ നതോന്നതവൃത്തത്തിലാണ്‌. ഇതിലെ പന്ത്രണ്ടാം പാദം സാഹിത്യപരമായി ഉന്നത സൃഷ്ടിയാണെന്ന്‌ വിലയിരുത്തുന്നു.

“അമ്മ കന്നീമണിതന്റെ നിര്‍മ്മല ദുഃഖങ്ങളിപ്പോള്‍
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും....”

എന്നിങ്ങനെ ക്രൈസ്തവഭവനങ്ങളിലെ അമ്മൂമ്മമാര്‍ ഈണത്തോടെ പുത്തന്‍പാന ചൊല്ലുമ്പോള്‍, ജര്‍മ്മനിയില്‍നിന്ന്‌ കേരളത്തിലെത്തി, കാവ്യരചന നടത്തി മലയാളമണ്ണില്‍ തന്നെ പൊലിഞ്ഞടങ്ങിയ അര്‍ണോസ്‌ പാതിരിയുടെ ആത്മാവ്‌ പുളകം കൊള്ളുന്നുണ്ടാവണം. വേലൂരിലെ ദേവാലയത്തില്‍ വിശ്വാസികളും ചരിത്രാന്വേഷികളും ഭാഷാസ്നേഹികളും സന്ദര്‍ശനം നടത്തുമ്പോള്‍ അര്‍ണോസ്‌ പാതിരിയുടെ ആത്മാവ്‌ ആനന്ദിക്കുന്നുണ്ടാവണം.

(പാതിരിയുടെ രേഖാചിത്രത്തിന് കടപ്പാട് - കേരള ഹിസ്റ്ററി അസ്സോസിയേഷന്‍ പ്രസിദ്ധീകരിച്ച നവകേരളശില്പികള്‍ എന്ന പുസ്തകത്തിന്)

വെബ്ദുനിയ വായിക്കുക