വിദ്യാദായിനിയായ മൂ‍കാംബിക

തിങ്കള്‍, 14 ഒക്‌ടോബര്‍ 2013 (13:22 IST)
PRO
ശില്‍പ്പ ചാതുര്യത്താല്‍ മനോഹരമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കര്‍ണ്ണാടകത്തിലെ ഉഡുപ്പി ജില്ലയില്‍ സൌപര്‍ണ്ണികാ നദീ തീരത്താണ്. ക്ഷേത്ര ശാസ്ത്ര വിധി പ്രകാരം നിര്‍മ്മിച്ചിരിക്കുന്ന ഈ ദേവീ സന്നിധി മനോഹര രൂപ ഭംഗിയാല്‍ സമ്പന്നമാണ്. വിജയദശമി ദിനത്തില്‍ കുരുന്നുകളുടെ വിദ്യാരംഭത്തിന് ഈ ക്ഷേത്ര സന്നിധി ഏറെ ശുഭകരമാണെന്ന് വിശ്വാസം. കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടങ്ങാനുള്ള നല്ല മുഹൂര്‍ത്തമായി വിജയ ദശമി ദിനത്തെയും ഐശ്വര്യമുള്ള സ്ഥലമായി ഈ ക്ഷേത്രത്തെയും വിലയിരുത്തുന്നു. ഇവിടുത്തെ ദേവിയുടെ ശക്തിയില്‍ വിശ്വസിച്ച് ദേവീ പൂജയ്‌ക്കും വിദ്യാരംഭത്തിനുമായി ഇന്ത്യയുടെ നാനാ ഭാഗത്തു നിന്നും ധാരാളം ആള്‍ക്കാര്‍ ഇവിടേക്ക് എത്തുന്നു.
PRO


പുരാണം

സന്യാസിവര്യനായ കോലമഹര്‍ഷിയില്‍ നിന്നാണ് കൊല്ലൂര്‍ അല്ലെങ്കില്‍ കോലപുര എന്ന നാമം ഉദ്ഭവിച്ചത്. രാക്ഷസ്സനായ കാമാസുരന്‍റെ ശല്യത്തില്‍ നിന്നും മോചനം ലഭിക്കാന്‍ മഹാലക്‍ഷ്മിയെ തപസ്സ് അനുഷ്ടിച്ച് പ്രത്യക്ഷപ്പെടുത്തിയത് ഈ മഹര്‍ഷിയാണെന്നാണ് വിശ്വാസം. സ്ത്രീ ഒഴികെ ഹരിയാലും ഹരനാലും മരണമുണ്ടാകില്ലെന്ന വരം ശിവനില്‍ നിന്നും കാമാസുരന്‍ നേടിയെടുത്തു.

അമരത്വം (മരണമില്ലാത്ത അവസ്ഥ) നേടിയ കാമാസുരന്‍ ദേവന്‍‌മാര്‍ക്കു സ്ഥിരം ശല്യക്കാരനായി മാറിയതിനെ തുടര്‍ന്ന് കോല മഹര്‍ഷി നടത്തിയ തപസ്സില്‍ സന്തുഷ്ടയായ ദേവി കാമാസുരനെ മൂകനാക്കിമാറ്റി. അതിനു ശേഷമാണത്രേ കാമാസുരനെ മൂകാസുരന്‍ എന്നു പറയുന്നത്. എന്നാല്‍ ഇതിലും പാഠം പഠിക്കാത്ത മൂകാസുരന്‍ ശല്യം വീണ്ടും തുടര്‍ന്നപ്പോള്‍ ദേവി സ്വന്തം സൈന്യത്തോടൊപ്പം എത്തി രാക്ഷസനെ വധിക്കുകയായിരുന്നു.

PRO
പ്രധാന ഗര്‍ഭഗൃഹത്തിലെ ജ്യോതിര്‍ ലിംഗ രൂപത്തിലാണ് കൊല്ലൂര്‍ ദേവി മൂകാംബിക പൂജിതയാകുന്നത്. ശ്രീകോവിലിലെ പാനിപീഠത്തിലാണ് സുവര്‍ണ്ണ ജ്യോതിര്‍ലിംഗത്തിന്‍റെ സ്ഥാനം. ശ്രീചക്രത്തില്‍ ബ്രഹ്‌മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നിവര്‍ കുടികൊള്ളുന്നതു പോലെ ജ്യോതിലിംഗത്തില്‍ ആദിശക്തി കുടികൊള്ളുന്നതായാണ് വിശ്വാസം.

ഗര്‍ഭഗൃഹത്തില്‍, പ്രകൃതി, ശക്തി, കാളി, സരസ്വതി തുടങ്ങിയ വിഗ്രഹങ്ങളും കാണാന്‍ കഴിയും. ജ്യോതിര്‍ലിംഗത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത് പ്രത്യേക എഴുന്നുള്ളത്തിനുള്ള ശ്രീദേവിയുടെ പഞ്ച ലോഹ വിഗ്രഹമുണ്ട്. ശംഖ്, ചക്രം, അഭയ ഹസ്തം എന്നിവയോടു കൂടി പദ്മാസനത്തില്‍ ഇരിക്കുന്ന ദേവീ രൂപമാണിത്.


ശങ്കരാചാര്യ പീഠം- അടുത്ത പേജ്

PRO
ചുറ്റു മതിലിനുള്ളിലൂടെ വലം വയ്‌ക്കുകയാണെങ്കില്‍ തെക്കു വശത്തുള്ള ദശഭുജ (10 കൈകള്‍) ഗണപതിയെ പൂജിക്കാനാകും. പടിഞ്ഞാറ് ഭാഗത്ത് ആദി ശങ്കരന്‍റെ തപ പീഠമുണ്ട്. ഇതിനു മുന്നിലായി ശങ്കരാചാര്യ കൃതികളിലെ ഉദ്ധരണിയോടു കൂടി അദ്ദേഹത്തിന്‍റെ ഒരു വെണ്ണക്കല്‍ പ്രതിമയുണ്ട്. ക്ഷേത്ര ഭാരവാഹികളില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയാല്‍ ശങ്കരാചാര്യ പീഠം ദര്‍ശിക്കാനാകും. ക്ഷേത്രത്തിന്‍റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് വീരഭദ്രേശ്വരന്‍റെ പ്രതിമയോടു കൂടിയ ഒരു യജ്ഞശാലയുമുണ്ട്. മൂകാസുരനുമായുള്ള ദേവിയുടെ പോരാട്ടത്തില്‍ സഹായിയായി പ്രവര്‍ത്തിച്ചത് വീരഭദ്രനാനെന്നാണ് പുരാണത്തില്‍ പറയുന്നത്. വിഭൂദി പൂജയാണ് വീരഭദ്രനു നല്‍കുന്നത്.


ചുറ്റു മതിലിനു വെളിയില്‍, ബലി പീഠം, ദ്വജസ്തംഭം, ദീപസ്തംഭം എന്നിവ കാണാനാകും. ദ്വജസ്തംഭം സ്വര്‍ണ്ണം പൂശിയതാണ്. കാര്‍ത്തിക മാസത്തിലെ ദീപോത്സവം ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണമാണ്. ഈ ദിവസം ദീപസ്തംഭത്തിലെ എല്ലാ വിളക്കുകളും തെളിയിക്കുന്നത് ഭക്തിയുടെ വെളിച്ചം ആരാധകരുടെ മനസ്സില്‍ നിറയ്ക്കും.

PRO
ക്ഷേത്രത്തിലെത്തുന്ന ആയിര കണക്കിനു ഭക്തന്‍‌മാര്‍ക്ക് ദിവസേന അന്നദാനം നല്‍കുന്നുണ്ട്. ക്ഷേത്രത്തിനു വെളിയിലെ പടിഞ്ഞാറെ തെരുവില്‍ ത്രയംബകേശ്വര ക്ഷേത്രം, ശൃംഗേരി ക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം എന്നിവയും ഉണ്ട്. ഇതു കൂടാതെ മത പഠന കേന്ദ്രങ്ങളും തെരുവിലുണ്ട്. കാഞ്ചി കാമകോടി പീഠം നടത്തുന്ന ശ്രീ ജയേന്ദ്ര സരസ്വതി വേദിക് പഠന കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് സൌജന്യമായി വേദ പഠനം നല്‍കുന്നുണ്ട്.

വിശേഷ ദിവസങ്ങള്‍

വിജയ ദശമിക്കു പുറമേ ചന്ദ്ര യുഗാദി (ചന്ദ്രവര്‍ഷം), രാമനവമി, നവരാത്രി, സൂര്യ യുഗാദി(സൂര്യ വര്‍ഷം), മൂകാംബികാ ജന്‍‌മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, കൃഷ്ണാഷ്ടമി, നരക ചതുര്‍ദശി എന്നിവയെല്ലാം വിശേഷമായിട്ട് ആഘോഷിക്കുന്നു

കൊല്ലൂരില്‍ എത്തിച്ചേരേണ്ട വിധം- അടുത്ത പേജ്

PRO
റോഡ് മാര്‍ഗ്ഗമാണെങ്കില്‍ ഉഡുപ്പിയില്‍ നിന്നും 35 കിലോമീറ്ററും, കുന്ദപ്പൂരില്‍ നിന്നാണെങ്കില്‍ 40 കിലോമീറ്ററും വരും. കുന്ദപ്പൂര്‍ തന്നെയാണ് അടുത്തുള്ള റയില്‍‌വേ സ്റ്റേഷന്‍. മാംഗ്ലൂരില്‍ വിമാനത്താവളവുമുണ്ട്. തീര്‍ത്ഥാടന കേന്ദ്രത്തിന് അടുത്തു തന്നെ പണക്കാരും പാവപ്പെട്ടവരുമായ തീര്‍ത്ഥാടകര്‍ക്ക് അനുയോജ്യമായ ലോഡ്ജിംഗ് സൌകര്യങ്ങളും ഇവിടെയുണ്ട്.



റിപ്പോര്‍ട്ട്:നാഗേന്ദ്ര ത്രാസി: ഫോട്ടോഗ്രാഫര്‍: സന്തോഷ് കുന്ദേശ്വരന്‍ (നവരാത്രി ദിനത്തില്‍ പുന: പ്രസിദ്ധികരിച്ചത്)

വെബ്ദുനിയ വായിക്കുക