സിപി‌എം പിബി ശനിയാഴ്ച തുടങ്ങും

ശനി, 3 ജൂലൈ 2010 (08:46 IST)
സിപി‌എം പോളിറ്റ് ബ്യൂറോ യോഗം ശനി, ഞായര്‍ ദിവസങ്ങളില്‍ ന്യൂഡല്‍ഹിയില്‍ നടക്കും. ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന വിശാല കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ രേഖയ്ക്ക് രൂപം നല്‍കുകയാണ് യോഗത്തിന്റെ പ്രധാന ലക്‍ഷ്യം.

കേരളത്തിലെയും പശ്ചിമ ബംഗാളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എങ്ങനെ നേരിടാമെന്നുള്ളത് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ കരട് രേഖയ്ക്കാവും പിബി രൂപം നല്‍കുക. പശ്ചിമബംഗാളില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ പരാജയത്തെ കുറിച്ചുള്ള വിശകലനവും ഇതില്‍ ഉള്‍പ്പെട്ടേക്കും.

ബംഗാള്‍ പരാജയത്തെ കുറിച്ചുള്ള വിശകലനം നടക്കുമെങ്കിലും ഭാവി പരിപാടികള്‍ക്കായിരിക്കും പിബി ഊന്നല്‍ നല്‍കുക. എന്നാല്‍, ബംഗാളില്‍ യുപി‌എയോട് മൃദു സമീപനം വേണമെന്ന ആവശ്യം ഉയരാന്‍ സാധ്യതയുണ്ട്. ബംഗാളില്‍ കോണ്‍ഗ്രസിനോട് കടുത്ത ശത്രുത പുലര്‍ത്തുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന് സഹായകമാവുന്നു എന്നാണ് ഒരു വിഭാഗം നേതാക്കള്‍ വാദിക്കുന്നത്.

ശനിയും ഞായറുമായി നടക്കുന്ന പിബി അംഗീകരിക്കുന്ന കരട് രേഖ ജൂലൈ 21 മുതല്‍ 23 വരെ നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കും. ഇത് പിന്നീട് ഓഗസ്റ്റ് ഏഴ് മുതല്‍ പത്ത് വരെ വിജയവാഡയില്‍ നടക്കാനിരിക്കുന്ന വിശാല കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കും.

വെബ്ദുനിയ വായിക്കുക