ആരാധകര്‍ക്കായി ‘കരീനകപൂര്‍ ഡോട്ട് മി’

വെള്ളി, 2 ജൂലൈ 2010 (15:47 IST)
IFM
സിനിമാ ലോകം മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിനു പിന്നാലെ പായുമ്പോള്‍ ബോളിവുഡ് ബേബോ കരീന കപൂര്‍ സ്വന്തം വെബ്സൈറ്റ് ലോഞ്ച് ചെയ്താണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്.

‘കരീനകപൂര്‍ ഡോട്ട് മി’ എന്ന തന്റെ ഔദ്യോഗിക സൈറ്റിലൂടെ ആരാധകരുമായി സ്ഥിരം സമ്പര്‍ക്കം പുലര്‍ത്താനാണ് കരീന ആഗ്രഹിക്കുന്നത്. കരീനയുടെ ഇഷ്ടമനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തി ഡിസൈന്‍ ചെയ്ത സൈറ്റില്‍ നാവിഗേഷന്‍ വളരെ എളുപ്പമാണെന്ന് നടിയുടെ ഒരു വക്താവ് പുറത്തിറക്കിയ മാധ്യമക്കുറിപ്പില്‍ പറയുന്നു.

സൈറ്റിന്റെ പൂമുഖ താളില്‍ നടിയുടെ ചിത്രവും സന്ദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരീനയ്ക്ക് ആരാധകരോട് പറയാനുള്ള കാര്യങ്ങള്‍ ഇവിടെ സ്ഥിരമായി അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. കരീനയോട് ആരാധകര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവര്‍ക്ക് അത് ഫാന്‍ ബുക്കില്‍ രേഖപ്പെടുത്താന്‍ കഴിയും. പൂമുഖ താളില്‍ നിന്നാണ് ഫാന്‍ ബുക്കിലേക്കുള്ള ലിങ്ക് നല്‍കിയിരിക്കുന്നത്.

ഫാന്‍ ബുക്കില്‍ കരീന ഇങ്ങനെ പറയുന്നു “ ഈ താള്‍ നിങ്ങള്‍ക്കുള്ളതാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനായി. നിങ്ങളുടെ എല്ലാ കമന്റും ഞാന്‍ വായിക്കും എന്നാല്‍ മറുപടി നല്‍കാന്‍ കഴിഞ്ഞെന്നു വരില്ല”.

ഫാന്‍ ബുക്കില്‍ ആരാധര്‍ എഴുതണം എന്ന ആവശ്യം ഉന്നയിക്കുന്നതിനൊപ്പം ആരും മോശം ഭാഷ ഉപയോഗിക്കരുത് എന്ന അപേക്ഷകൂടി കരീന കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക