മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) പിരിച്ചുവിട്ടുകൊണ്ട് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിജ്ഞാപനമിറക്കി. എംസിഐ തലവന്‍ കേതന്‍ ദേശായിയെ കോഴക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് നടപടി.
ഡോക്ടര്‍ വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ ഏഴംഗ സമിതിയായിരിക്കും എംസിഐയുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുക. എംസിഐ പിരിച്ചുവിടാന്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.
പഞ്ചാബ് മെഡിക്കല്‍ കോളജില്‍ പുതിയ ബാച്ചിന് കോഴ വാങ്ങി പ്രവേശനാനുമതി നല്‍കിയ കേസില്‍ ഏപ്രില്‍ 22 ന് ആണ് ദേശായിയെ സിബിഐ അറസ്റ്റ് ചെയ്തത്. നിര്‍ദ്ദിഷ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാതെ പുതിയ ബാച്ചിനെ പ്രവേശിപ്പിക്കുന്നതിനാണ് കോഴ വാങ്ങി അനുമതി നല്‍കിയത്. കേതന്‍ എംസിഐ വൈസ് പ്രസിഡന്റ് കേശവന്‍കുട്ടി നായര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു.
1993 ലെ മെഡിക്കല്‍ കൌണ്‍സില്‍ നിയമപ്രകാരമാണ് എംസിഐ നിലവില്‍ വന്നത്. രാജ്യത്തെ മെഡിക്കല്‍ കോളജുകള്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും സ്വദേശത്തും വിദേശത്തും ഉള്ള മെഡിക്കല്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കുകയുമാണ് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചുമതല.