ഹൈദരാബാദ്: വെടിവയ്പ് നടത്തിയത് മുസ്ലീം സംഘടന

ശനി, 15 മെയ് 2010 (09:02 IST)
ഹൈദരാബാദില്‍ ഒരു പൊലീസുകാരന്റെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയത് അധികം അറിയപ്പെടാത്ത തെഹ്‌റിക്ക് ഗല്‍ബ-ഇ-ഇസ്ലാമി എന്ന മുസ്ലീം സംഘടനയാണെന്ന് സൂചന. വെടിവയ്പ് നടന്ന സ്ഥലത്തിനടുത്ത് നിന്ന് ലഭിച്ച സിഡിയില്‍ നിന്നാണ് ഈ വിവരം പൊലീസിനു ലഭിച്ചത്.

പൊലീസ് കോണ്‍സ്റ്റബിള്‍ വെടിയേറ്റ് മരിച്ച ഷാലി-അലി ബന്ദയ്ക്ക് അടുത്തുനിന്നാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഭീകര സംഘടനയുടെ സിഡി സന്ദേശം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് 18 ന് ഫലക്നുമയില്‍ ഒരു ഹോംഗാര്‍ഡ് മരിക്കാനിടയായ വെടിവയ്പ് നടന്ന സ്ഥലത്തു നിന്നും തെഹ്‌റിക്ക് ഗല്‍ബ-ഇ-ഇസ്ലാമി എന്ന സംഘടനയുടെ ലഘുലേഖകള്‍ ലഭിച്ചിരുന്നു.

മെക്ക മസ്ജിദില്‍ നടന്ന ബോംബാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തിലായിരുന്നു ഫലക്നുമയില്‍ വെടിവയ്പ് നടന്നത്. ഇപ്പോള്‍ നടന്ന വെടിവയ്പ് മെക്ക മസ്ജിദ് ആക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തിന് നാല് ദിവസം മുമ്പാണെന്നതും ശ്രദ്ധേയമാണ്. ഫലക്നുമയില്‍ നടന്ന വെടിവയ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ലഘുലേഖയില്‍ മെക്ക മസ്ജിദ് സ്ഫോടനത്തില്‍ അഞ്ച് മുസ്ലീങ്ങള്‍ മരിച്ചതിന്റെ പ്രതികാര നടപടിയായാണ് ആക്രമണം നടത്തുന്നത് എന്ന് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ ഷാലി-അലി ബന്ദയിലെ പൊലീസ് പിക്കറ്റിന് നേരെ ബൈക്കില്‍ എത്തിയ മുഖം‌മൂടി ധരിച്ച മൂന്ന് പേരാണ് വെടിവയ്പ് നടത്തിയത്. സംഭവത്തിനു ശേഷം പൊലീസിന് പിടികൊടുക്കാതെ അക്രമികള്‍ രക്ഷപെട്ടു. ചാര്‍മിനാറിനു ഒരു കിലോമീറ്റര്‍ മാത്രം അകലെ നടന്ന വെടിവയ്പില്‍ രമേശ് എന്ന കോണ്‍സ്റ്റബിള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

വെബ്ദുനിയ വായിക്കുക