മാലേഗാവ് സ്ഫോടനത്തില്‍ മുഖ്യ പ്രതികളില്‍ ഒരാളെന്നു സംശയിക്കുന്ന സാധ്വി പൂര്‍ണ്ണചേതാനന്ദ് ഗിരിയെന്ന പ്രഗ്യാ സിംഗ് താക്കൂറിനെ ഇന്ന് മുംബൈയിലെ ഒരു ആശുപത്രിയില്‍ നാര്‍ക്കോ-പരിശോധനക്കു വിധേയയാക്കും.
പരിശോധനക്കായി പ്രഗ്യയേ ഇന്നുരാവിലെ നാഗ്പദ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നിരുന്നു. നേരത്തെ സാന്താക്രൂസിലുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഇവരെ ബ്രെയിന്‍ മാപ്പിംഗിനു പോളീഗ്രാഫ് ടെസ്റ്റിനു വിധേയയാക്കിയെങ്കിലും വിജയം കണ്ടില്ല.
കഠിനമായ ധ്യാന-യോഗ വിദ്യകളുടെ ശാരീരികാവസ്ഥകള്‍ പ്രഗ്യ നിയന്ത്രിക്കുന്നതിനാല്‍ പരിശോധനകള്‍ ഫലം കണ്ടില്ലെന്നാണ് അന്വേഷകര്‍ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് നാര്‍ക്കോ പരിശോധന നടത്തുന്നത്.
സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച ബൈക്ക് തന്‍റേതാണെന്ന് പ്രഗ്യ അന്വേഷകരോട് സമ്മതിച്ചിരുന്നു. എന്നാല്‍ സ്ഫോടനം നടത്താനാണ് അതെന്ന് അറിഞ്ഞിരുന്നില്ലെന്നും അവര്‍ പറയുന്നു. പ്രഗ്യയും മുഖ്യ ആസൂത്രകന്‍ എന്നു കരുതുന്ന റാംജിയും തമ്മില്‍ നടന്ന സംഭാഷണം അന്വേഷകര്‍ പുറത്തുവിട്ടിട്ടുണ്ട്.