നാറാസ് നാരായണന്‍ നമ്പൂതിരി അന്തരിച്ചു

വ്യാഴം, 15 ഏപ്രില്‍ 2010 (13:07 IST)
PRO
PRO
പ്രശസ്ത വേദപണ്ഡിതനും ഒട്ടേറെ യാഗങ്ങളിലെ ആചാര്യനുമായ ഋഗ്വേദാചാര്യന്‍ നാറാസ് മനയില്‍ നാറാസ് നാരായണന്‍ നമ്പൂതിരി (78) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹം തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആറ്‌ മണിയോടെയായിരുന്നു അന്ത്യം. യാഗയജ്ഞാദി കാര്യങ്ങളില്‍ അതീവ പാണ്ഡിത്യമുള്ള ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒട്ടേറെ യാഗങ്ങളും യജ്ഞങ്ങളും നടന്നിട്ടുണ്ട്.

1965 മുതല്‍ നിരവധി സോമയാഗങ്ങള്‍ക്കും അതിരാത്രങ്ങള്‍ക്കും ആചാര്യസ്ഥാനം വഹിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. കടവല്ലൂര്‍ അന്യോന്യത്തില്‍ വലിയ കടന്നിരിക്കല്‍ സ്ഥാനം നേടിയ അദ്ദേഹം കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി കടവല്ലൂര്‍ അന്യോന്യത്തിന്റെ ആചാര്യസ്ഥാനം വഹിച്ചുവരികയായിരുന്നു. സന്യാസത്തില്‍ പ്രവേശിക്കുന്നതിനുള്ള ചടങ്ങുകളില്‍ അഗാധ പാണ്ഡിത്യം നേടിയിട്ടുള്ള കേരളത്തിലെ അവസാനത്തെ വ്യക്തിയാണിദ്ദേഹം.

ജയരാജിന്റെ പല സിനിമകളുടെയും പിന്നില്‍ പ്രചോദനമായി നാറാസ് ഉണ്ടായിരുന്നു. പൈതൃകം, ദേശാടനം എന്നീ സിനിമകളില്‍ യാഗവും സംന്യാസവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് പൂര്‍ണത നല്‍കുന്നതിന് അണിയറയില്‍ നേതൃത്വം വഹിച്ചത് നാറാസ് നാരായണന്‍ നമ്പൂതിരിയാണ്.

ശവസംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് എടപ്പാളിലെ ഇല്ല വളപ്പില്‍ നടത്തും.

വെബ്ദുനിയ വായിക്കുക