മുല്ലപ്പെരിയാറില്‍ ഭൂകമ്പസാധ്യത: റിപ്പോര്‍ട്ട്

ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (13:27 IST)
PRO
PRO
മുല്ലപ്പെരിയാറില്‍ ഭൂകമ്പ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഭൂകമ്പസാധ്യതയെക്കുറിച്ച് പഠനം നടത്തിയ റുര്‍ക്കി ഐ ഐ ടി സംസ്ഥാനസര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒരു സ്വകാര്യവാര്‍ത്താചാനലാണ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കുന്നത് റിക്‌ടര്‍ സ്‌കെയിലില്‍ 6.5 ശക്തിയില്‍ ഭൂകമ്പസാധ്യതയുള്ള പ്രദേശത്താണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന അണക്കെട്ടും ബേബി ഡാമും ഭൂകമ്പത്തില്‍ തകരാമെന്നും റിപ്പോര്‍ട്ട് സൂചന നല്‌കുന്നുണ്ട്. റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം, മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ ഇന്ന് പുനരാരംഭിക്കാനിരുന്ന അന്തിമവാദം മാറ്റിവെച്ചു. വാദം കേള്‍ക്കുന്ന പ്രത്യേക ബഞ്ചിലെ അംഗമായ ജസ്റ്റിസ്‌ ഡി കെ ജയിന്‍റെ അസൌകര്യം മൂലമാണ് കേസ്‌ മാറ്റി വെച്ചിരിക്കുന്നത്‌.

കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു കേസില്‍ അന്തിമവാദം തുടങ്ങിയത്‌. തമിഴ്‌നാടിന്‍റെ വാദമായിരുന്നു ആദ്യരണ്ടു ദിവസവും കോടതി കേട്ടത്‌. കേരളത്തിന്‍റെ വാദം ഇന്നു തുടങ്ങുമെന്ന് കരുതിയിരിക്കെയാണ് വാദം മാറ്റി വെച്ചിരിക്കുന്നത്.

അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള വനം സര്‍വേക്ക് അനുമതി നല്‍കിയതിനെതിരെ തമിഴ് ദേശീയ ഈഴം നേതാവ് നെടുമാരന്‍റെ നേതൃത്വത്തില്‍ ഇന്നുമുതല്‍ പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക