കോണ്‍ഗ്രസിന് വേണ്ടി വിടുപണി ചെയ്യാനുളള സംഘടനയായി ജനശ്രീ മാറിയെന്ന് ധനമന്ത്രി തോമസ് ഐസക്. കോണ്‍ഗ്രസിന് പണം തട്ടാനുള്ള എന്‍ ജി ഒ ആയാണ് ജനശ്രീ പ്രവര്‍ത്തിക്കുന്നതെന്നും ഐസക് ആലപ്പുഴയില്‍ പറഞ്ഞു. കുടുംബശ്രീയെ രാഷ്ട്രീയവത്‌കരിച്ച് അതിനെ നശിപ്പിക്കുന്നത് ധനമന്ത്രി തോമസ് ഐസക്കാണെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
കോണ്‍ഗ്രസിലെ ഒരു വിഭാഗം രാഷ്ട്രീയ ലക്‍ഷ്യങ്ങള്‍ക്ക് വേണ്ടി കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീകള്‍ക്ക് എന്തുകൊണ്ട് മുതലാളിമാരെപ്പോലെ ബാങ്കില്‍ നിന്നും ഒന്നില്‍ കൂടുതല്‍ വായ്പയെടുത്തുകൂടാ എന്നാണ് ഹസന്‍ ചോദിക്കുന്നത്. മുതലാളിമാര്‍ക്ക് ലഭിക്കുന്നതുപോലെ ഈടില്ലാതെ സാധാരണക്കാര്‍ക്ക് വായ്പ ലഭിക്കില്ല. അതിനാലാണ് സംഘങ്ങള്‍ക്ക് വായ്പ നല്‍കുന്നത്. ഇതു പോലും മനസ്സിലാക്കാത്ത ശുദ്ധാത്മാവാണോ ഹസനെന്നും ഐസക് ചോദിച്ചു.
കുടുംബശ്രീയെ രാഷ്ട്രീയവത്‌കരിച്ച് അതിനെ നശിപ്പിക്കുന്നത് ധനമന്ത്രി തോമസ് ഐസക്കാണെന്ന് ജനശ്രീ മിഷന്‍ ചെയര്‍മാന്‍കൂടിയായ ഹസന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഒരംഗം കുടുംബശ്രീയില്‍ നിന്നും ജനശ്രീയില്‍ നിന്നും വായ്‌പയെടുത്താല്‍ കേരളത്തിന്റെ സാമ്പത്തിക മേഖല ആകെ താറുമാറാകും എന്നു പറയുന്ന ഐസക് ബുദ്ധിജീവിയല്ല വെറും ജീവിയാണെന്നും ഹസന്‍ ആരോപിച്ചിരുന്നു.