ലുക്ക് ഔട്ട് നോട്ടീസിലും ഓംപ്രകാശിന് രക്ഷ

ബുധന്‍, 2 സെപ്‌റ്റംബര്‍ 2009 (17:31 IST)
PRO
PRO
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജിന്‍റെ മകന്‍ പോള്‍ എം ജോര്‍ജിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശിന് ലുക്ക് ഔട്ട് നോട്ടീസിലും രക്ഷാപ്പഴുതുകള്‍. ലുക്ക് ഔട്ട് നോട്ടീസില്‍ ഓംപ്രകാശിന്‍റെ പഴയ ഫോട്ടോ പ്രദര്‍ശിപ്പിച്ചാണ് അന്വേഷണത്തിനിടയിലും പൊലീസ് ഓം പ്രകാശിന് പഴുതുകള്‍ ഇട്ടു കൊടുത്തിരിക്കുന്നത്.

പോള്‍ വധവുമായി ഓംപ്രകാശിന് ബന്ധമുണ്ടെന്ന ആക്ഷേപം ആദ്യമേ ഉയര്‍ന്നിരുന്നുവെങ്കിലും
ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് ഓംപ്രകാശിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍, ലുക്ക് ഔട്ട് നോട്ടീസിലുള്ള ഓം പ്രകാശിന്‍റെ ചിത്രം നാലുവര്‍ഷത്തോളം പഴക്കമുള്ളതാണ്.

കഴിഞ്ഞ ദിവസം ഓംപ്രകശിന്‍റെ ഭാര്യയുടെ തൃശൂരിലെ വീട്ടില്‍ അന്വേഷണം നടത്തിയപ്പോള്‍ ഓംപ്രകാശിന്‍റെ അടുത്തിടെയുള്ള ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. എന്നാല്‍, ഈ ചിത്രം ലുക്ക് ഔട്ട് നോട്ടീസിനൊപ്പം പൊലീസ് പ്രസിദ്ധീകരിക്കാ‍ത്തതാണ് പുതിയ സംശയത്തിന് വഴിവച്ചിരിക്കുന്നത്. ഓംപ്രകാശിനന്‍റെ പുതിയ ചിത്രത്തില്‍ പ്രകടമായ രൂപമാറ്റം ദൃശ്യമാണെന്ന് അന്വേഷണസംഘത്തോടൊപ്പമുണ്ടായിരുന്ന ചിലര്‍ പറയുന്നു.

ലുക്ക് ഔട്ട് നോട്ടീസിലുള്ള ഓംപ്രകാശിന്‍റെ ചിത്രം കണ്ട് ഇപ്പോള്‍ ഓംപ്രകാശിനെ തിരിച്ചറിയുക അസാദ്ധ്യമാണെന്നാണ് പൊലീസില്‍ തന്നെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. 2005 ല്‍ മെഡിക്കല്‍ കോളജ്‌ പോലീസ്‌ പിടികൂടിയപ്പോള്‍ എടുത്ത ചിത്രമാണ്‌ നോട്ടീസിലുള്ളത്‌. ഈ ചിത്രമാണ്‌ പത്രമാധ്യമങ്ങളിലും പൊലീസ്‌ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. അതേസമയം, ഒളിവില്‍ കഴിയുന്നതിന് ഓംപ്രകാശ് വേഷപ്രച്‌ഛന്നനായെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം പൊലീസിലെ തന്നെ ഒരു വിഭാഗം മറച്ചുവയ്ക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക