എന്‍.സി.പിയില്‍ നിന്നും കോടോത്ത് രാജിവച്ചു

വെള്ളി, 30 നവം‌ബര്‍ 2007 (10:18 IST)
കോടോത്ത് ഗോവിന്ദന്‍ നായര്‍ എന്‍.സി.പി വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ കെ.മുരളീധരന് വെള്ളിയാഴ്ച രാവിലെ അയച്ചു.

കരുണാകരന്‍ വിളിച്ചിട്ടുള്ള യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ എന്‍.സി.പി വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണ് രാജിവയ്ക്കുന്നതെന്ന് കോടോത്ത് ഗോവിന്ദന്‍ നായര്‍ അറിയിച്ചു. തങ്ങള്‍ക്ക് ആര്‍ക്കും എന്‍.സി.പി എന്ന പാര്‍ട്ടിയില്‍ അംഗത്വമില്ല. പഴയ ഡി.ഐ.സി എന്‍.സി.പിയില്‍ ലയിച്ചപ്പോള്‍ തങ്ങളെല്ലാം അതിലായി.

ലയനത്തിന് ശേഷം എന്‍.സി.പിയില്‍ മെമ്പര്‍ഷിപ്പൊന്നും നടന്നിട്ടില്ല. അതുകൊണ്ട് അംഗത്വം രാജിവയ്ക്കുന്നോ ഇല്ലയോ എന്ന ഒരു പ്രശ്നം ഇപ്പോഴില്ല. ഭാവി പരിപാടികള്‍ കരുണാകരനുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടാകുന്ന തീരുമാനമനുസരിച്ചിരിക്കും. കരുണാകരന്‍ എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളുമായും ഉറച്ചു നിന്നിട്ടുള്ള ആളാണ് താന്‍.

അതിനാല്‍ ഭാവി കാര്യവും അദ്ദേഹത്തിന്‍റെ തീരുമാനം അനുസരിച്ചായിരിക്കുമെന്നും കോടോത്ത് ഗോവിന്ദന്‍ നായര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക