ഇടതുപക്ഷ ബുദ്ധിജീവിയും സാഹിത്യകാരനുമായ എം.എന്‍.വിജയന് അന്തരിച്ചു. തൃശൂര്‍ അമലാ ആശുപത്രിയില്‍ വച്ച് 12,45 മണിയോടെയായിരുന്നു അന്ത്യം.
പാഠം പ്രതികരണ വേദിക്ക് വേണ്ടി തൃശൂര്‍ പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടയില്‍ കുഴഞ്ഞു വീണ വിജയനെ ഉടന്‍ തന്നെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രഗത്ഭനായ അധ്യാപകനായിരുന്നു എം.എന്‍.വിജയന്.
കവിതയും മനശാസ്ത്രവും,ശീര്‍ഷാസനം, മരുഭൂമികള്‍ പൂക്കുമ്പോള്‍, അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍, കാഴ്ചപ്പാട്, എം.എന്‍.വിജയന്റെ പ്രഭാഷണങ്ങള്‍, വാക്കും മനസും തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവായിരുന്നു അദ്ദേഹം. സാഹിത്യ രംഗത്ത് ഒട്ടേറെ നല്ല സംഭവങ്ങള്‍ നല്കിയ വിജയന് ഈ രംഗത്ത് നിന്നുമുള്ള പുരസ്കാരങ്ങള്‍ നിരസിച്ചിരുന്നു.
ശാരദയാണ് എം.എന്‍.വിജയന്റെ ഭാര്യ. പ്രശസ്ത തിരക്കഥാകൃത്ത് അനില്‍കുമാര്‍, ഡോ.സുജാത ബാലചന്ദ്രന്, സുനിത രാജഗോപാല്‍ എന്നിവര്‍ മക്കളാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ശിഷ്യരും അനുവാചകരുമുള്ള നിരൂപക കേസരിയായിരുന്നു എം.എന്‍. വിജയന്.
കേസരി ബാലകൃഷ്ണ പിള്ളയുടെ പാരമ്പര്യത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട വിജയന് ആ പാരമ്പര്യത്തിന് ആധുനികതയുടെ വെളിച്ചം നല്കി. വൈലോപ്പിള്ളിയുടെ മാമ്പഴം, കണ്ണീര്‍തടം, കുടിയൊഴിക്കല്‍, സഹ്യന്റെ മകന് എന്നീ കവിതകള്‍ക്ക് അദ്ദേഹം നല്കിയ വ്യാഖ്യാനങ്ങള്‍ ഉന്നതമായ നിരൂപക മനസിന്റെ പ്രതിഫലനമായിരുന്നു.
ആള്‍ക്കൂട്ടത്തിന്റെ മനശാസ്ത്രം, നാടന്‍ കലയുടെ സൌന്ദര്യ ശാസ്ത്രം, ഫാസിസത്തിന്റെ ചരിത്രപരമായ പരിണാമം തുടങ്ങി ആധുനിക പ്രത്യയ ശാസ്ത്രവുമായി ബന്ധപ്പെട്ട് വിജയന് നടത്തിയ നിരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും കാമ്പുള്ളതായിരുന്നു. എഴുത്തിനെക്കാള്‍ പ്രഭാഷണമായിരുന്നു വിജയന്റെ ആവിഷ്കാര മാധ്യമം.
ഒരേ സമയം ജനകീയതയ്ക്കും പുരോഗതിയ്ക്കും വേണ്ടി ചെലവിട്ട ജീവിതമായിരുന്നു എം.എന്‍.വിജയന്റേത്. 1930 ജൂണ്‍ എട്ടിന് കൊടുങ്ങല്ലൂരിനടുത്ത ലോകമലേശ്വരത്ത് പതിയാശേരീല് നാരായണമേനോന്റെയും മൂളിയില്‍ കൊച്ചമ്മുവിന്റെയും മകനായാണ് പ്രഫ.എം.എന്‍ വിജയനെന്ന വിജയന് മാഷ് ജനിച്ചത്.
കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്ക്കൂള്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം 1952 ല്‍ മദ്രാസ് ന്യൂ കോളജിലും 1959 ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും 1960 മുതല്‍ തലശേരി ബ്രണ്ണന്‍ കോളേജിലും അധ്യാപകനായി പ്രവര്‍ത്തിച്ചു.
1985 ല്‍ വിരമിച്ചു. സ്വാതന്ത്ര്യസമരത്തിലും ഉത്തരവാദിത്വ ഭരണത്തിനായുള്ള പ്രക്ഷോഭത്തിലും പങ്കെടുത്തിട്ടുണ്ട്. ദേശാഭിമാനി വീക്കിലിയുടെ എഡിറ്ററായി പ്രവര്‍ത്തിച്ച വിജയന്മാഷ് പുരോഗമന കലാസാഹിത്യ സഹകരണ സംഘം (പു.ക.സ) പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.