ഈ വര്‍ഷത്തെ ചെമ്പൈ പുരസ്കാരത്തിന് പ്രശസ്തസംഗീതജ്ഞന്‍ പത്മഭൂഷണ്‍ ഡോ.എം. ബാലമുരളീകൃഷ്ണ അര്‍ഹനായി. ദേവസ്വംമന്ത്രി ജി. സുധാകരനാണ് പുരസ്കാരവിവരം പ്രഖ്യാപിച്ചത്.
50,001 രൂപയും ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണലോക്കറ്റും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സ്മരണാര്‍ത്ഥം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ചെമ്പൈ പുരസ്കാരം. ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവം ആരംഭിക്കുന്ന നവംബര്‍ ആറിന് പുരസ്കാരം സമ്മാനിക്കും.
ബാലമുരളീകൃഷ്ണ കര്‍ണാടകസംഗീതത്തില്‍ സ്വന്തമായൊരു ശൈലി വികസിപ്പിച്ചെടുത്ത പ്രതിഭയാണെന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി. സംഗീതജ്ഞരായ വി. ദക്ഷിണാമൂര്‍ത്തി, പ്രഫ. ഓമനക്കുട്ടി, തൃശ്ശൂര്‍ ദൂരദര്ശന് കേന്ദ്രം ഡയറക്ടര്‍ എന്‍. രാഘവന് എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്.
ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ ബാലമുരളീകൃഷ്ണ വിജയവാഡ സംഗീത കോളജില്‍ പ്രിന്‍സിപ്പല്‍, ബാംഗ്ളൂര്‍ സര്‍വ്വകലാശാലയില്‍ വിസിറ്റിങ്ങ് പ്രഫസര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിന്നണിഗായകനുള്ള ദേശീയ അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ്, വെങ്കിടേശ്വര സര്‍വ്വകലാശാലയില്‍നിന്ന് ഓണററി ഡോക്ടറേറ്റ് എന്നിവ ബാലമുരളീകൃഷ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. തില്ലാനാസ് ഓഫ് ബാലമുരളി, മുരളീരവലി, ജനകരാഗകൃതി, മഞ്ജരി എന്നീ ഗാനസമാഹാരങ്ങളും തയ്യാറാക്കിയിട്ടുണ്ട്.