പി.വി.സ്വാമി പുരസ്കാരം രാജീവ് ചന്ദ്രശേഖറിന്

ചൊവ്വ, 21 ഓഗസ്റ്റ് 2007 (14:20 IST)
പി.വി. സ്വാമി സ്മാരക പുരസ്കാരത്തിന് ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ അര്‍ഹനായി. അദ്ദേഹത്തിന്‍റെ വ്യാവസായിക, സാമൂഹിക, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ മാനിച്ചാ‍ണ് പുരസ്കാരം.

ബി.പി.എല്‍ മൊബൈലിന് രൂപം നല്‍കിയ വ്യക്തിയെന്ന നിലയ്ക്കും കേരളം, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.പി.എല്‍ ശ്രംഖലയുടെ വ്യാപനം വഴി ടെലികോം വിപ്ലവത്തിന് ശക്തമായ അടിത്തറ പാകിയ വ്യക്തിയെന്ന നിലയ്ക്കുമാണ് രാജീവ് ചന്ദ്രശേഖറിന് പുര്‍സ്കാരം നല്‍കുന്നതെന്ന് പി.വി.സ്വാമി മെമ്മോറിയല്‍ ട്രസ്റ്റി പി.വി.ഗംഗാധരന്‍ അറിയിച്ചു.

കെ.ടി.സി.ഗ്രൂപ്പ് സ്ഥാപങ്ങളുടെ സ്ഥാപകനായ പി.വി.സ്വാമിയുടെ ഓര്‍മ്മയ്ക്കായി കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ശില്‍പ്പവും പ്രശസ്തിപ്രതവും ഉള്‍പ്പെടുന്ന ഈ പുരസ്ക്കാരം. ലീലാഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്റ്റര്‍ കൃഷ്ണന്‍ നായര്‍ക്കും സാമുഹ്യപ്രവര്‍ത്തകനായ എം.എ.യൂസഫലിക്കുമാണ് മുന്‍ വര്‍ഷങ്ങളില്‍ ഈ പുരസ്കാരം ലഭിച്ചിരുന്നത്.

രാജ്യസഭ എം.പിയെന്ന നിലയ്ക്കും ഇന്ത്യന്‍ കൊമേഴ്സ്യല്‍ ഇന്‍ഡസ്ട്രിയുടെ വൈസ് പ്രസിഡന്‍റ് എന്ന നിലയ്ക്കും രാജീവ് ചന്ദ്രശേഖര്‍ സ്തുത്യര്‍ഹമായ സേവനമാണ് നല്‍കുന്നതെന്നും പുരസ്ക്കാര നിര്‍ണയ സമിതി വിലയിരുത്തി. എം.പി വീരേന്ദ്രകുമാര്‍ എം.പി, രാമചന്ദ്രന്‍,ഡോ.രാമചന്ദ്രന്‍, സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട് എന്നിവരടങ്ങിയ സമിതിയാണ് പുര്‍സ്ക്കാര ജേതാവിനെ തെരെഞ്ഞെടുത്തത്.

അടുത്ത മാസം ഒന്നിന് കേന്ദ്ര ഖനന സഹമന്ത്രി സുബ്ബരാമ റെഡ്ഡി അവാര്‍ഡ് സമ്മാനിക്കും. പുരസ്കാരദാന ചടങ്ങിനോട് അനുബന്ധിച്ച് ഇന്ത്യ ഉയര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയെന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി സി.ദിവാകരന്‍ ഉദ്ഘാടനം ചെയ്യും.

വെബ്ദുനിയ വായിക്കുക