‘കുടിയന്‍‘ ബുഷ് ബോറനാണെന്ന് ലോറ!

തിങ്കള്‍, 17 മെയ് 2010 (12:13 IST)
PRO
യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് മദ്യപിച്ചു പൂസായാല്‍ പിന്നെ ‘ബോറനാ’ണെന്ന് ഭാര്യ ലോറ ബുഷ്. ‘ലേഡീസ് ഹോം ജേര്‍ണല്‍’ എന്ന മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ലോറ ഭര്‍ത്താവിന്റെ മദ്യപാനത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്.

താന്‍ ഒരിക്കലും ഒരു ‘ആല്‍ക്കഹോളിക്’ അല്ല എന്ന് ബുഷ് പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ഭര്‍ത്താവിന്റെ മദ്യപാന ആസക്തി തന്നെ നിരാശയിലാഴ്ത്തിയെന്നാണ് ലോറയുടെ വെളിപ്പെടുത്തല്‍. അതേസമയം, താന്‍ ഒരിക്കലും മദ്യപാനം നിര്‍ത്തണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിട്ടില്ല എന്നും ലോറ വെളിപ്പെടുത്തുന്നു.

ബുഷ് ഡിന്നറിനൊപ്പം ബിയറും അതിനുശേഷം ബി ആന്‍ഡ് ബി എന്നറിയപ്പെടുന്ന ബ്രാന്‍ഡിയും ബെനഡക്റ്റിന്‍ മദ്യവും ചേര്‍ന്ന മിശ്രിതവും അകത്താക്കാറുണ്ട്. ആവശ്യത്തിലധികം കഴിച്ചാല്‍ പിന്നെ അദ്ദേഹം ബോറനായി മാറും. എന്നാല്‍, ബുഷ് എപ്പോഴും ഇത്തരത്തില്‍ മൂന്ന് ‘ബി’ കഴിക്കാറില്ല എന്നും സാധാരണയായി ബിയര്‍ മാത്രമേ കഴിക്കാറുള്ളൂ അതും എല്ലാ രാത്രികളിലും ഇല്ല എന്നും ലോറ അഭിമുഖത്തില്‍ പറഞ്ഞതായി ‘ദ ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു.

മറ്റുള്ളവരുടെ ഭര്‍ത്താക്കന്‍‌മാര്‍ പാര്‍ട്ടികളില്‍ കുടിച്ച് കൂത്താടുന്നത് രസകരമാണെന്ന് തോന്നിയേക്കാം. എന്നാല്‍, തനിക്ക് അത്തരത്തില്‍ തോന്നില്ല. ബുഷ് മദ്യപിക്കുമെങ്കിലും തനിക്ക് അതില്‍ നിരാശയുണ്ടെങ്കിലും തങ്ങള്‍ വേര്‍പിരിയാനൊന്നും പോകുന്നില്ല എന്നും ലോറ വ്യക്തമാക്കുന്നു. ബുഷിനെ താന്‍ പിരിയില്ല എന്നും ബുഷ് തന്നെ പിരിയാന്‍ അനുവദിക്കില്ല എന്നുമാണ് സ്നേഹമയിയായ ഈ ഭാര്യ പറയുന്നത്.

മദ്യപിച്ച് വാഹനമോടിച്ചതിന് 1976 ല്‍ ബുഷ് അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, പ്രസിഡന്റായിരിക്കുന്ന സമയത്ത് ബുഷ് മദ്യപാനശീലം പാടേ ഉപേക്ഷിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക