പേടിക്കണ്ട; ലോകമവസാനിക്കാന്‍ ആറ് മിനിറ്റുകൂടിയുണ്ട്!

വെള്ളി, 15 ജനുവരി 2010 (12:10 IST)
PRO
ലോകം ഇപ്പോള്‍ അവസാനിക്കാറായി എന്ന് വിലപിക്കുന്നവര്‍ക്ക് ആശ്വസിക്കാന്‍ വകനല്‍കിക്കൊണ്ട് അന്ത്യവിധി ദിന ക്ലോക്ക് ഒരു മിനിറ്റ് പിറകോട്ട് നീങ്ങി. അന്ത്യ വിധിയിലേക്ക് നേരത്തെ അഞ്ച് മിനിറ്റുണ്ടായിരുന്നത് ഇപ്പോള്‍ ആറ് മിനിറ്റായി വര്‍ദ്ധിച്ചു.

കഴിഞ്ഞ 55 വര്‍ഷത്തെ ആണവ ഭീകരത അളക്കുന്ന ബാരോ മീറ്ററാണ് “ഡൂംസ് ഡേ ക്ലോക്ക്” എന്ന സാങ്കല്‍‌പിക ഘടികാരം. ആണവ ഭീതി വര്‍ദ്ധിക്കുന്നതിനനുസരിച്ച് ക്ലോക്ക് മുന്നോട്ട് നീങ്ങുകയും ഇത് 12ലെത്തുമ്പോള്‍ അഥവാ മിഡ്നൈറ്റ് ഹവറിലെത്തുമ്പോള്‍ ലോകം അവസാനിക്കുമെന്നുമാണ് കണക്കുകൂട്ടപ്പെടുന്നത്. ആണവ നിര്‍വ്യാപനം സംബന്ധിച്ച ലോക രാഷ്ട്രങ്ങളുടെ ഉദ്യമങ്ങളും ചര്‍ച്ചകളും പുരോഗതി കണ്ടുതുടങ്ങുന്നതാണ് ക്ലോക്ക് പിറകോട്ട് നീങ്ങാന്‍ കാരണമെന്ന് “ബുള്ളറ്റിനില്‍ ഓഫ് ആറ്റോമിക്ക് സൈന്‍റിസ്റ്റ്സ്” മാഗസിന്‍ അറിയിച്ചു.

അമേരിക്ക ജപ്പാനില്‍ ബോംബ് വര്‍ഷിച്ചതിനെത്തുടര്‍ന്ന് 1947 ലാണ് മാഗസിന്‍ ഇത്തരമൊരു ക്ലോക്കിന് രൂപം നല്‍കിയത്. അന്ന് കേവലം ഏഴ് മിനിറ്റ് മാത്രമായിരുന്നു മിഡ്നൈറ്റ് ഹവറിന് അവശേഷിച്ചിരുന്നത്. എന്നാല്‍ പിന്നീടുള്ള ആഗോള മാറ്റങ്ങള്‍ക്കനുസരിച്ച് ക്ലോക്ക് സമയത്തില്‍ 18 തവണ മാറ്റങ്ങള്‍ വരുത്തി.

2007 ജനുവരിയില്‍ ക്ലോക്ക് മിഡ്‌നൈറ്റ് ഹവറിന് അഞ്ച് മിനിറ്റ് അകലെവരെയെത്തി. ആഗോള താപനവും ഇറാന്‍റെ ആണവ പദ്ധതികളും യുറേനിയം, പ്ലൂട്ടോണിയം പോലുള്ള ആണവ സാമഗ്രികളുടെ അന്താരാഷ്ട്ര ഇടപാടുകളുമാണ് ക്ലോക്കിന്‍റെ ചലനം വേഗത്തിലാക്കിയത്.

എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ആണവ മേഖലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തി. മാത്രമല്ല കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചും ലോക രാഷ്ട്രങ്ങള്‍ ഗൌരവകരമായി ചിന്തിച്ചുതുടങ്ങി. ആണവ സുരക്ഷാ വിഷയത്തിലും കാലാവസ്ഥ സുസ്ഥിരതയിലും യുഎസ്, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ ലോക ശക്തികള്‍ യോജിച്ച് നീങ്ങുന്നത് കണക്കിലെടുത്താണ് ക്ലോക്ക് സമയം ഒരു മിനിറ്റ് പിറകോട്ട് നീക്കാന്‍ ബി‌എ‌എസ് തയ്യാറായത്.

വെബ്ദുനിയ വായിക്കുക