ബാഗ്ദാദില്‍ ഇരട്ട സ്ഫോടനം: 91 മരണം

ഞായര്‍, 25 ഒക്‌ടോബര്‍ 2009 (18:13 IST)
ബാഗ്ദാദില്‍ രണ്ടിടത്ത് നടന്ന കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 91 പേര്‍ മരിച്ചു. 265 പേര്‍ക്ക് പരുക്കേറ്റു. ബാഗ്ദാദ് പ്രവശ്യാ കൗണ്‍സില്‍ ഓഫീസിന് മുന്നിലായിരുന്നു ആദ്യ സ്‌ഫോടനം. നീതിന്യായ മന്ത്രാലയ ഓഫീസ് കെട്ടിടത്തിന് മുന്നിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്.

ഇരു ഓഫീസുകള്‍ക്ക് മുന്‍പിലും നിര്‍ത്തിയിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുകള്‍ പൊട്ടി തെറിക്കുകയായിരുന്നു. മിനിട്ടുകളുടെ വ്യത്യാസത്തിലാണ്‌ ഇരു സ്ഫോടനങ്ങളും നടന്നത്‌. ഓഫീസുകളില്‍ തിരക്കേറിയ സമയത്താണ് സ്ഫോടനമെന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നും സൂചനയുണ്ട്.

സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ നിരവധി വാഹനങ്ങള്‍ തകരുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് പറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിനുശേഷം ഇറാഖില്‍ നടക്കുന്ന ഏറ്റവും വലിയ സ്‌ഫോടനങ്ങളാണ് ഇന്നുണ്ടായത്.

ഓഗസ്റ്റ്‌ 19ന്‌ ബഗ്ദാദില്‍ നടന്ന സ്ഫോടനങ്ങളില്‍ 100 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. സ്ഫോടനത്തിനു പിന്നില്‍ അല്‍ക്വൊയ്ദ തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക