അരുന്ധതിക്കെതിരെ സികെ ജാനുവും സാറാ ജോസഫും

ശനി, 24 ഏപ്രില്‍ 2010 (11:53 IST)
PRD
PRO
പ്രശസ്‌ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയി മാവോയിസ്‌റ്റുകളുടെ ചട്ടുകമായി മാറുകയാണെന്ന ആരോപണത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സികെ ജാനുവും സാറാ ജോസഫും അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍. അരുന്ധതി റോയി ഒരിക്കലും മാവോയിസ്റ്റുകളുടെ ബ്രാന്‍ഡ് അം‌ബാസിഡര്‍ ആകരുതെന്നാണ് ഇവര്‍ ഇറക്കിയിരിക്കുന്ന പ്രസ്താവനയില്‍ പറയുന്നത്. സിവിക്‌ ചന്ദ്രന്‍, ഗീതാനന്ദന്‍ എന്നിവരും പ്രസ്‌താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്‌.

“നര്‍മദ മുതല്‍ ചെങ്ങറയും മുത്തങ്ങയും വരെയുള്ള പ്രശ്‌നങ്ങളില്‍ അരുന്ധതിയുടെ ഇടപെടലിനോട്‌ അധഃസ്‌ഥിത കേരളത്തിന്‌ നന്ദിയും സ്‌നേഹവുമുണ്ട്‌. എന്നാല്‍ ഇപ്പോള്‍ മാവോയിസ്‌റ്റുകളുടെ ബ്രാന്‍ഡ്‌ അംബാസഡറാകുന്ന നിലപാടുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല.”

“ഛത്തീസ്‌ഗഡിലെ മാവോയിസ്‌റ്റ് പോരാട്ടം നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അരുന്ധതി ഈയിടെ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു ലേഖനം എഴുതിയിരുന്നു. ആദിവാസി മേഖലകളിലെ ഖനികള്‍ കോര്‍പറേറ്റുകള്‍ക്ക്‌ തീറെഴുതി കൊടുക്കുന്നതിനെതിരേ ആദിവാസികള്‍ പോരാട്ടത്തിലാണ്‌. മാവോ ജനിക്കുന്നതിനു മുമ്പ്‌ ആരംഭിച്ച ആദിവാസി പോരാട്ടങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ ഒറീസയിലും മറ്റും നടക്കുന്നത്‌. ഈ സമരത്തില്‍ ആദിവാസികള്‍ക്ക്‌ മാവോയിസ്‌റ്റുകളുടെ രക്ഷകര്‍തൃത്വം ആവശ്യമില്ല.”

“കോര്‍പറേറ്റ്‌ ഖനനത്തിനോ അത്‌ പ്രതിനിധീകരിക്കുന്ന നവകൊളോണിയല്‍ വികസനനയത്തിനോ എതിരാണെന്ന്‌ മാവോയിസ്‌റ്റുകള്‍ ഇതുവരെ പറഞ്ഞിട്ടില്ല. ആദിവാസി പ്രശ്‌നത്തില്‍ താത്‌പര്യമുണ്ടെങ്കില്‍ ചെയ്യേണ്ടത്‌ ഖനനം എന്തുവില കൊടുത്തും തടയുകയാണ്‌. പ്രശ്‌നം സങ്കീര്‍ണമാക്കാതെ ആദിവാസികളുടെ അവകാശങ്ങള്‍ക്ക്‌ അനുകൂലമായി ഇടപെടുകയാണു വേണ്ടത്” - പ്രസ്‌താവന അഭ്യര്‍ഥിക്കുന്നു.

മാവോയിസ്റ്റുകളെ പിന്തുണച്ചുകൊണ്ട് അരുന്ധതി അടുത്തിടെ ഒരു ലേഖനം എഴുതുകയുണ്ടായി. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കിടെ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒറീസ, പശ്ചിമബംഗാള്‍ ഗവണ്‍മെന്റുകള്‍ വിവിധ വ്യവസായ സ്ഥാപനങ്ങളുമായി രഹസ്യ ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് അരുന്ധതി ലേഖനത്തില്‍ ആരോപിച്ചത്. ശതകോടികള്‍ വിലമതിക്കുന്ന ഉരുക്ക്, ഇരുമ്പ്, അലൂമിനിയം ഫാക്ടറികള്‍ക്കും വൈദ്യുതി, അണക്കെട്ട്, പദ്ധതികള്‍ക്കുമായി ഉണ്ടാക്കിയിരിക്കുന്ന ഈ ധാരണാപത്രങ്ങളെ പണമായി പരിഭാഷപ്പെടുത്താന്‍ ആദിവാസികളെ നീക്കം ചെയ്യാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത് എന്നായിരുന്നു അരുന്ധതിയുടെ ആരോപണം.

പിണറായി വിജയന്‍ അടക്കമുള്ള ചില സി‌പി‌എം നേതാക്കള്‍ അരുന്ധതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. പുരോഗമന പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന ശ്രമത്തിന് പിന്തുണ നല്‍കുന്ന അരുന്ധതിക്കെതിരെ പിണറായി വിജയന്‍ താക്കീതും നല്‍‌കിയിരുന്നു. അതിന്റെ ബാക്കിപത്രമെന്നോണമാണ് സികെ ജാനുവും സാറാ ജോസഫും അടക്കമുള്ളവര്‍ ഒപ്പിട്ടിരിക്കുന്ന പ്രസ്താവന ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

(ചിത്രത്തിന് കടപ്പാട് - വിക്കിപ്പീഡിയ മലയാളം)

വെബ്ദുനിയ വായിക്കുക